ഫോക്സ്‌വാഗൻ പുണെയിൽ ഐടി വിഭാഗം തുടങ്ങി

ഗ്രൂപ്പിലെ ബ്രാൻഡുകളുടെ ആഗോളതലത്തിലെ ഐ ടി ആവശ്യം നിറവേറ്റാൻ പുണെയിൽ പുതിയ വിഭാഗം തുടങ്ങിയതായി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ. 30 ലക്ഷം യൂറോ(ഏകദേശം 22.31 കോടി രൂപ) ചെലവിൽ രൂപീകരിച്ച ഫോക്സ്‌വാഗൻ ഐടി സർവീസസ് ഇന്ത്യയിൽ തുടക്കത്തിൽ മുന്നൂറോളം സോഫ്റ്റ്‌വെയർ വിദഗ്ധരെയാണു നിയമിച്ചത്. വൈകാതെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 450 ആയി ഉയർത്തുമെന്നും ഫോക്സ്‌വാഗൻ അറിയിച്ചു. ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാനും പുതുമകൾ ആവിഷ്കരിക്കാനുമായി ജർമനിയിലെ ഫോക്സവാഗൻ ഗ്രൂപ്പിന്റെ ഐ ടി സംരംഭങ്ങളുമായി സഹകരിച്ചാവും കമ്പനി പ്രവർത്തിക്കുക.

ഇന്ത്യയിലെ ഐ ടി വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി ഈ രംഗത്തെ മുടക്കുമുതലിനു പരമാവധി മൂല്യം കണ്ടെത്താനുള്ള അവസരമാണു ഗ്രൂപ് ബ്രാൻഡുകൾക്കു ലഭിക്കുന്നതെന്നു ഫോക്സ്‌വാഗൻ എ ജിയുടെ ചീഫ് ഇൻഫർമേഷൻ ഓഫിസർ മാർട്ടിൻ ഹോഫ്മാൻ അഭിപ്രായപ്പെട്ടു. ഭാവിയിൽ ഫോക്സ്‌വാഗൻ ഐടി സർവീസസ് ഇന്ത്യ ഗ്രൂപ്പിലെ എല്ലാ ബ്രാൻഡുകൾക്കുമുള്ള സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ കാര്യക്ഷമതയിലും ഗുണമേന്മയിലും ജർമൻ നിലവാരമുള്ള സംഘത്തെ ഇന്ത്യയിൽ കണ്ടെത്താനാണു കമ്പനി ശ്രമിക്കുന്നതെന്നു ഫോക്സ്‌വാഗൻ ഗ്രൂപ് ഐ ടി സർവീസസ് ജി എം ബി എച്ച് മാനേജ്മെന്റ് ബോർഡ് മേധാവി വി മാറ്റുലോവിച് അറിയിച്ചു. യു എസിലെ മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കാൻ ഡീസൽ എൻജിനുകളിൽ ‘പുകമറ’ സോഫ്റ്റ്വെയർ ഘടിപ്പിച്ചതിന്റെ പേരിൽ വിവാദത്തിലായ ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ ബ്രാൻഡുകളിൽ ഔഡി, ബെന്റ്ലി, ബ്യുഗാട്ടി, ലംബോർഗ്നി, പോർഷെ, സ്കോഡ എന്നിവയെല്ലാം ഉൾപ്പെടും.