ജർമനിയിൽ പെട്രോൾ ഡീസൽ കാറുകൾക്ക് നിരോധനം

Porsche Mission E Concept

വാഹന നിർമാതാക്കളുടെ ഈറ്റില്ലമാണ് ജർമനി. വാണിജ്യാടിസ്ഥാനത്തിൽ ലോകത്തിലെ ആദ്യത്തെ കാറുകളും ബൈക്കുകളുമെല്ലാം പിറവിയെടുത്തത് ജർമനിയിൽ നിന്നാണ്. മെഴ്സ‍ഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഫോക്സ്‌വാഗൻ, പോർ‌ഷെ തുടങ്ങിയ ലോകത്തെ ഏറ്റവും പ്രശസ്ത വാഹന നിർമാതാക്കളുടെയെല്ലാം ആസ്ഥാനം ജർമനിയാണ്. എന്നാൽ വാഹന ലോകത്തെ തന്നെ മാറ്റി മറിക്കുന്ന നയവുമായി എത്തുകയാണ് ജർമൻ സർക്കാർ. 2030 മുതൽ ജർമനിയിൽ പെട്രോളോ ഡീസലോ ഉപയോഗിച്ച് ഓടുന്ന കാറുകളുണ്ടാകില്ല.

വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന് വിരാമമിടാനായാണ് ജർമൻ സർ‌ക്കാർ പെട്രോൾ-ഡീസൽ കാറുകളെ നിരോധിക്കുന്നത്. തുടക്കത്തിൽ ജർമനിയിലും പിന്നീട് മൂഴുവൻ യൂറോപ്യൻ യൂണിയനിലും ഈ നയം നടപ്പാക്കാൻ ശ്രമിക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകിയും അവയെ കൂടുതൽ ജനപ്രിയമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തും ഘട്ടം ഘട്ടമായി ഉപയോഗം കുറക്കുകയും പിന്നീട് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും ചെയ്യാനാണ് ജർമൻ സർക്കാറിന്റെ പദ്ധതി.

എന്നാല്‍ നിരോധനം 2030 ശേഷം നിർമിക്കുന്ന വാഹനങ്ങളിൽ മാത്രമേ കാണുകയുള്ളു. അതുവരെ നിർമിക്കുന്ന വാഹനങ്ങൾ തുടർന്ന് ഉപയോഗിക്കുന്നതിനും തടസമില്ല എന്ന തരത്തിലായിരിക്കും നിയമം എന്നാണ് സൂചന. വാഹന ലോകത്തിന്റെ ഗതി തന്നെ മാറ്റി മാറിച്ചേക്കാവുന്ന നിയമമായിരിക്കും ഇതെന്നാണ് വാഹന നിർമാതാക്കള്‍ പറയുന്നത്.