ഷെവർലെ വാഹനങ്ങൾക്ക് വിലകൂടി

കേന്ദ്ര ബജറ്റിൽ വാഹനങ്ങൾക്ക് ഇൻഫ്രാസ്ട്രെക്ചർ സെസ് ഏർപ്പെടുത്തിയതിന്റെ ഭാഗമായി ഷെവർലെ തങ്ങളുടെ വാഹനങ്ങൾക്ക് വില വർദ്ധിപ്പിച്ചു. വിവിധ മോഡലുകളിലായി 3500 രൂപ മുതൽ 51000 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. എന്നാൽ അടുത്തിടെ വില കുറച്ച എക്സിക്യൂട്ടീവ് സെഡാൻ ക്രൂസിന്റെ വില മാറ്റമില്ലാതെ തുടരും എന്നാണ് കമ്പനി പത്രിക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

നേരത്തെ മാരുതി, ഹ്യുണ്ടേയ്, ഹോണ്ട, ടാറ്റ എന്നീ കമ്പനികളും കാറുകളുടെ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. മാരുതി 1441 രൂപ മുതല്‍ 34494 രൂപവരെയും ടാറ്റ മോട്ടോഴ്സ് 35000 വരെയും ഹ്യുണ്ടേയ് 2889 മുതൽ 82906 രൂപ വരെയും ഹോണ്ട 4000 രൂപ മുതൽ 79000 രൂപവരെയും മഹീന്ദ്ര ആന്റ് മഹീന്ദ്ര 5,500 മുതൽ 47000 രൂപവരെയുമാണ് വർദ്ധിപ്പിച്ചിരുന്നത്. ഇവരെ കൂടാതെ മെർസി‍ഡസ് ബെൻസ് ബിഎംഡബ്ല്യു, ടൊയോട്ട, റിനോ, നിസാൻ, സ്കോഡ തുടങ്ങിയ വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.