സക്സേന ‘വിരമിക്കുന്നു’; കഹെർ കാസിം ജി എം ഇന്ത്യ മേധാവി

യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സി(ജി എം)ന്റെ ഇന്ത്യൻ ഉപസ്ഥാപനത്തിന്റെ അടുത്ത മേധാവിയായി കഹെർ കാസിം നിയമിതനായി. ജി എം ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് സക്സേന വിരമിക്കുന്ന ഒഴിവിൽ ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെയാണു കാസിം ചുമതലയേൽക്കുക. 2012 മുതൽ ജി എം ഉസ്ബെക്കിസ്ഥാനെ നയിച്ച അനുഭവസമ്പത്തുമായി കഴിഞ്ഞ ഓഗസ്റ്റിലാണു കാസിം(46) ജി എം ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സ്ഥാനത്തെത്തിയത്. ലോക വാഹന വിപണികളിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയിലെ വിൽപ്പന മെച്ചപ്പെടുത്താൻ തീവ്രശ്രമം നടത്തുന്നതിനിടയിലാണു ജി എമ്മിന്റെ നേതൃനിരയിലെ ഈ മാറ്റം. 2020ൽ ചൈനയ്ക്കും യു എസിനും പിന്നിലായി ഇന്ത്യൻ കാർ വിപണി മൂന്നാം സ്ഥാനത്തെത്തുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ ആഗോള കയറ്റുമതി കേന്ദ്രമാക്കി മാറ്റാനും ആഭ്യന്തര വിപണിയിൽ ‘ഷെവർലെ’ ബ്രാൻഡിന്റെ വിൽപ്പന മെച്ചപ്പെടുത്താനുമായി 100 കോടി ഡോളറി(ഏകദേശം 6,664 കോടി രൂപ)ന്റെ നിക്ഷേപം ജി എം പ്രഖ്യാപിച്ചത്.

chevrolet enjoy

ദീർഘകാല പ്രതിബദ്ധതയാണു ജി എമ്മിന് ഇന്ത്യൻ വിപണിയോടുള്ളതെന്നു നേതൃമാറ്റം പ്രഖ്യാപിച്ച ജി എം ഇന്റർനാഷനൽ മേധാവി സ്റ്റെഫാൻ ജെക്കോബി വ്യക്തമാക്കി. മികവ് തെളിയിച്ച കാഹെർ കാസിമിന്റെ വരവ് ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ജി എമ്മിനെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം നിലവിൽ ജി എം ഇന്ത്യ മേധാവിയായ അരവിന്ദ് സക്സേന(55)യുടെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനത്തിന്റെ കാരണം വ്യക്തമല്ല. ജി എം ഐയുടെ തലപ്പത്ത് രണ്ടു വർഷം പൂർത്തിയാക്കുംമുമ്പാണ് അദ്ദേഹം കമ്പനിയോടു വിട പറയുന്നത് എന്നതും ശ്രദ്ധേയമാണ്.ഫോക്സ്‌വാഗൻ ഇന്ത്യയിൽ നിന്നാണ് അരവിന്ദ് സക്സേന ജി എം ഇന്ത്യയുടെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായി ചുമതലയേൽക്കുന്നത്. ഇന്ത്യൻ വാഹന വ്യവസായത്തിൽ മൊത്തം 32 വർഷത്തെ പ്രവർത്തന പരിചയമാണു സക്സേനയ്ക്കുള്ളത്; രണ്ട് ഇരുചക്രവാഹന നിർമാതാക്കൾക്കൊപ്പവും അഞ്ചു കാർ നിർമാതാക്കൾക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.

chevrolet trailblazer

എസ്കോർട്സിന്റെ മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഡിവിഷനിലായിരുന്നു സക്സേനയുടെ തുടക്കം; പിന്നീട് ബജാജ് ഓട്ടോയിലും അദ്ദേഹം ജോലി ചെയ്തു. 10 വർഷത്തോളം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ പ്രവർത്തിച്ച സക്സേന 1999ൽ ഇറ്റാലിയൻ നിർമാതാക്കളായ ഫിയറ്റിനൊപ്പം ചേർന്നു. എന്നാൽ ഫിയറ്റിൽ എട്ടു മാസം മാത്രം ജോലി നോക്കിയ ശേഷം അദ്ദേഹം മാരുതിയിലേക്കു മടങ്ങുകയായിരുന്നു. പിന്നീട് കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിലെത്തി; 2005 മുതൽ 2012 വരെയുള്ള കാലത്ത് അരവിന്ദ് സക്സേനയുടെ നേതൃ മികവാണു ഹ്യുണ്ടായിക്ക് ഇന്ത്യയിൽ വിലാസം നേടിക്കൊടുത്തത്. ഹ്യുണ്ടായിൽ നിന്നാണ് അദ്ദേഹം 2012 ഓഗസ്റ്റിൽ ഫോക്സ്‌വാഗൻ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായത്. 2014 ഫെബ്രുവരിയിൽ സക്സേന ജി എം ഇന്ത്യയെ നയിക്കാനെത്തി. ഇപ്പോൾ രണ്ടു വർഷം പോലും പൂർത്തിയാവും മുമ്പ് ‘വിരമിക്കുക’യും ചെയ്തു.

chevrolet beat

ഓസ്ട്രേലിയയിൽ ജി എം ഹോൾഡനിൽ സീനിയർ എൻജിനീയറായി 1995ലാണു കാഹെർ കാസിം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ജി എം ഹോൾഡൻ മാനുഫാക്റിങ് ഓപ്പറേഷൻസിൽ വിവിധ ചുമതലകൾ വഹിച്ച കാസിം ജി എം തായ്‌ലാൻഡ്/ആസിയാനിൽ വൈസ് പ്രസിഡന്റ്(മാനുഫാക്ചറിങ് ആൻഡ് ക്വാളിറ്റി) ആയിരുന്നു. 2015 ഓഗസ്റ്റ് ഒന്നിന് ജി എം ഇന്ത്യ സി ഒ ഒ ആയി ചുമതലയേൽക്കും വരെ ജി എം ഉസ്ബെക്കിസ്ഥാന്റെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായിരുന്നു അദ്ദേഹം.