ജനറൽ മോട്ടോഴ്സ് ഇന്ത്യയ്ക്ക് ഇനി സി ഒ ഒയും

യു എസിൽ നിന്നുള്ള വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യയിലെ നേതൃനിരയിൽ അഴിച്ചുപണി നടത്തി. ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ)യിൽ പുതുതായി സൃഷ്ടിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫിസർ(സി ഒ ഒ) തസ്തികയിൽ കമ്പനി ഉസ്ബെക്കിസ്ഥാനിൽ ജി എമ്മിനെ നയിച്ചിരുന്ന കാഹെർ കാസിമിനെ നിയമിച്ചു.

വിൽപ്പന വിഭാഗം വൈസ് പ്രസിഡന്റായി ഹർദീപ് സിങ് ബ്രാറും വിപണന, ഉപഭോക്തൃ സേവന വിഭാഗം വൈസ് പ്രസിഡന്റായി ജാക്ക് ഉപ്പലും നിയമിതരായി. കാസിമിന്റെയും ബ്രാറിന്റെയും നിയമനം ജൂലൈ ഒന്നിനു പ്രാബല്യത്തിലെത്തി; ഉപ്പൽ ഓഗസ്റ്റ് ഒന്നിനാണു ചുമതലയേൽക്കുക. ജനറൽ മോട്ടോഴ്സ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് സക്സേനയുടെ കീഴിലാണു പുതിയ സി ഒ ഒയുടെയും വൈസ് പ്രസിഡന്റുമാരുടെയും നിയമനം. കാസിമിന്റെ പ്രവർത്തനം തലേഗാവിലെ നിർമാണശാല കേന്ദ്രീകരിച്ചാവും; ബ്രാറും ഉപ്പലും കമ്പനിയുടെ ഗുഡ്ഗാവിലെ ആസ്ഥാനത്തു നിന്നാവും പ്രവർത്തിക്കുക.

പുതിയ സി ഒ ഒ പദവിയിൽ ജി എം ഇന്ത്യയുടെ വ്യാവസായിക പ്രവർത്തനങ്ങൾ നയിക്കാനുള്ള നിയോഗമാണു കാസിമിനു കൈമാറിയിരിക്കുന്നത്. 1995ൽ ഓസ്ട്രേലിയയിലെ ജി എം ഹോൾഡനിൽ സീനിയർ എൻജിനീയറായിട്ടായിരുന്നു കാസിമിന്റെ തുടക്കം. തുടർന്ന് ജി എം ഹോൾഡൻ മാനുഫാക്ചറിങ് ഓപ്പറേഷൻസിന്റെ നേതൃനിരയിൽ അദ്ദേഹം വിവിധ സ്ഥാനങ്ങൾ വഹിച്ചു. 2009ൽ കാസിം ജി എം തായ്ലൻഡ്/ആസിയാൻ മേഖലയുടെ വൈസ് പ്രസിഡന്റ്(മാനുഫാക്ചറിങ് ആൻഡ് ക്വാളിറ്റി) ആയി നിയമിതനായി. 2012 മുതൽ ജി എമ്മിന്റെ ഉസ്ബെക്കിസ്ഥാൻ ഓപ്പറേഷൻസിന്റെ മേധാവിയാണു കാസിം.

ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യയുടെ നെറ്റ്വർക്ക് ആൻഡ് ഡീലർ ഡവലപ്മെന്റ് മേധാവി സ്ഥാനത്തു നിന്നാണു ബ്രാർ ജി എമ്മിലെത്തുന്നത്. 1995ൽ മാരുതി സുസുക്കിയിൽ പ്രവേശിച്ച ബ്രാർ സ്ഥാപന, ഗ്രാമീണ മേഖല വിൽപ്പന ചുമതലയുള്ള ജനറൽമാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. 2012ലാണ് അദ്ദേഹം ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗനിലെത്തിയത്.

ജി എമ്മിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ജി എം ഐ പ്രസിഡന്റുമായ സ്റ്റെഫാൻ ജെക്കോബിയുടെ സഹായിയായി 2013 മുതൽ പ്രവർത്തിക്കുകയാണു ജാക്ക് ഉപ്പൽ. 2001ൽ ജി എം കാനഡയിൽ ജോലിയിൽ പ്രവേശിച്ച ഉപ്പൽ കാനഡയിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുമായി വിൽപ്പന, വിപണന, ഉപഭോക്തൃ സേവന, വിൽപ്പനാന്തര സേവന, വിപണന ശൃംഖല വിപുലീകരണ വിഭാഗങ്ങളിൽ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.

നിലവിലൽ വൈസ് പ്രസിഡന്റ്(വെഹിക്കിൾ സെയിൽസ്, സർവീസ് ആൻഡ് മാർക്കറ്റിങ്) ആയി പ്രവർത്തിക്കുന്ന രാജേഷ് സിങ് ഓഗസ്റ്റ് ഒന്നിനു കമ്പനി വിടുകയാണെന്നും ജനറൽ മോട്ടോഴ്സ് ഇന്ത്യ അറിയിച്ചു.