ഫിയറ്റുമായി ജി എം സഹകരിക്കില്ലെന്നു മേരി ബാര

ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസു(എഫ് സി എ)യുമായി സഹകരിക്കാനില്ലെന്നു യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം).ഫിയറ്റ്‌ ക്രൈസ്​ലറുമായുള്ള ലയനം ജനറൽ മോട്ടോഴ്സ് ഓഹരി ഉടമകളുടെ താൽപര്യത്തിനെതിരാണെന്നു ചീഫ് എക്സിക്യൂട്ടീവ് മേരി ബാര വ്യക്തമാക്കി. ലയനത്തെപ്പറ്റി കമ്പനി സ്വന്തം നിലയിലും പുറത്തുനിന്നുള്ള വിദഗ്ധരുടെ സഹായത്തോടെയും നടത്തിയ വിശദ പഠനങ്ങളെ തുടർന്നാണ് ഈ നിലപാടിലെത്തിയതെന്നും അവർ വെളിപ്പെടുത്തി.

ഓഹരി ഉടമകൾക്കു മികച്ച നേട്ടം സമ്മാനിക്കാനുള്ള അടിസ്ഥാന ഘടകങ്ങൾ ജി എമ്മിനുണ്ട്. പോരെങ്കിൽ സഹകരണ സാധ്യത ചർച്ച ചെയ്യാൻ താനിതുവരെ ഫിയറ്റ് ക്രൈസ്​ലർ മേധാവി സെർജിയൊ മാർക്കിയോണിയെ കണ്ടിട്ടില്ലെന്നും ബാര അറിയിച്ചു. ഇരുകമ്പനികളുമായുള്ള ലയനസാധ്യത കഴിഞ്ഞ ജൂണിൽ തന്നെ മേരി ബാര നിരസിച്ചിരുന്നതാണ്. എന്നാൽ ബാരയുടെ നിലപാട് അവഗണിച്ചും മാർക്കിയോണി എഫ് സി എ — ജി എം ലയന ചർച്ചകൾ സജീവമായി നിലനിർത്തുകയായിരുന്നു. അപ്പോഴും കമ്പനിയുടെ എതിർപ്പ് അവഗണിച്ചും ജി എമ്മിനെ ഏറ്റെടുക്കുമോ എന്നതു സംബന്ധിച്ച് ആശയക്കുഴപ്പവും അദ്ദേഹം നിലനിർത്തി. ആലിംഗനത്തിനു പല തലങ്ങളുണ്ടെന്നു പറഞ്ഞ മാർക്കിയോണി പരസ്പര സ്പർശത്തോടെയാണ് എല്ലാത്തിന്റെയും തുടക്കമെന്നും പ്രഖ്യാപിച്ചു കളഞ്ഞു. ഒപ്പം ഇരുകമ്പനികളുമായുള്ള സഹകരണം അനിവാര്യതയായിട്ടും തന്റെ ശ്രമങ്ങളോടു ജി എം ക്രിയാത്മകമായി പ്രതികരിക്കുന്നില്ലെന്നും മാർക്കിയോണി പരാതിപ്പെട്ടിരുന്നു.

ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ് എസ് പി എ കഴിഞ്ഞ ഒക്ടോബറിലാണു യു എസ് ഗ്രൂപ്പായ ക്രൈസ്​ലറിന്റെ നിയന്ത്രണം ഏറ്റെടുത്തത്; ഇതോടെ ആഗോളതലത്തിൽ ഏഴാം സ്ഥാനത്തുള്ള വാഹന നിർമാതാക്കളാവാനും എഫ് സി എയ്ക്കായി. ജി എമ്മാവട്ടെ നിലവിൽ ഫോക്സ്​വാഗനും ടൊയോട്ടയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ്. യൂറോപ്പിൽ ഒപെൽ, വോക്സോൾ ബ്രാൻഡുകളുടെ ഉടമസ്ഥതയും ജി എമ്മിനു സ്വന്തമാണ്.