യു എസ് മീഡിയം ട്രക്ക് വിപണിയിലേക്കു ജി എം വീണ്ടും

ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ലഭ്യമാക്കുന്ന മോഡലുകളുമായി ജന്മനാട്ടിലെ മീഡിയം ഡ്യൂട്ടി ട്രക്ക് വിപണിയിൽ തിരിച്ചെത്താൻ ജനറൽ മോട്ടോഴ്സി(ജി എം)നു പദ്ധതി. ‘ഷെവർലെ’ ബ്രാൻഡിൽ ഇസൂസു നിർമിച്ചു നൽകുന്ന ട്രക്കുകൾ അടുത്ത വർഷത്തോടെ യു എസിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇസൂസു — ജി എം സഹകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വൈകാതെയുണ്ടാവുമത്രെ.

ഇസൂസുവും ജി എമ്മുമായുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ് ‘ഷെവർലെ കൊളറാഡൊ’ പോലുള്ള ട്രക്കുകൾ വികസിപ്പിച്ചത്; ഈ ട്രക്കുകൾ ‘ഐ സീരീസ്’ എന്ന പേരിലാണ് ഇസൂസു വിൽക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2006ലാണു ജി എം, ഇസൂസുവിലുള്ള ഓഹരി പങ്കാളിത്തം വിറ്റൊഴിഞ്ഞത്. മൂന്നര പതിറ്റാണ്ടോളം ജി എമ്മിന് ഇസൂസുവിൽ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. കമ്പനി പാപ്പരാവുമെന്ന ഘട്ടത്തോളമെത്തിയ 2009ലാണു ജി എം യു എസിലെ മീഡിയം ഡ്യട്ടി ട്രക്ക് വിപണിയോടു വിട പറയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം യു എസിൽ വിൽപ്പന പുനഃരാരംഭിക്കുന്ന ജി എമ്മിനായി ഇസൂസു നിർമിച്ചു നൽകുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യക്തതയായിട്ടില്ല. എന്തായാലും മൊത്തം വാഹനങ്ങളിൽ 80 ശതമാനത്തോളം ഡീസൽ എൻജിനുള്ളവയാകുമെന്നും ഇവ ജപ്പാനിൽ നിർമിച്ച് യു എസിലേക്കു കയറ്റുമതി ചെയ്യുമെന്നും ഉറപ്പായിട്ടുണ്ട്. അവശേഷിക്കുന്നവ യു എസിൽതന്നെ നിർമിക്കാനാണ് ഇസൂസുവിന്റെ പദ്ധതി. ഇസൂസുവിന്റെ പങ്കാളി യു എസിൽ അസംബ്ൾ ചെയ്യുന്ന വാഹനങ്ങൾക്കുള്ള പെട്രോൾ(ഗ്യാസൊലിൻ) എൻജിനുകൾ ജി എം തന്നെ ലഭ്യമാക്കും.