മികച്ച വളർച്ചയിൽ വാഹന വിപണി

ജൂലൈ കാർ– ടു വീലർ വിപണിക്ക് അപ്രതീക്ഷിത നേട്ടം സമ്മാനിച്ചു. പ്രതീക്ഷിച്ചപോല മഴ ലഭിച്ചതും ഇന്ധനവില കുറഞ്ഞതും പുതിയ മോഡലുകളുടെ ജനപ്രീതിയുമാണ് ഉൽസവ കാലമെത്തുന്നതിനുമുൻപുതന്നെ വിൽപനയിൽ വൻ കുതിപ്പുണ്ടാകാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു. കാർ‌ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുകിക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രതിമാസ വിൽപനയാണു കഴിഞ്ഞമാസത്തേത്. 1,25,778 കാറുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചത്.

കഴിഞ്ഞ വർഷം ജൂലൈയിൽ നടന്നതിനെക്കാൾ 14% കൂടുതൽ വിൽപന ഇക്കുറി നടന്നു. ഓൾട്ടോ, വാഗൺ ആർ തുടങ്ങിയ എൻട്രിലെവൽ മോഡലുകളുടെ വിൽപന കുറഞ്ഞപ്പോൾ മറ്റു വിഭാഗങ്ങളിൽ വിൽപന ഉയർന്നു. ബ്രെസ, ബലെനോ, സിയാസ് എന്നിവ മികച്ച വിൽപന നേടിയെന്നും കമ്പനി പറഞ്ഞു. വിപണിയിലെ രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായ് നേടിയത് 2015 ജൂലൈയിലെക്കാൾ 13% വർധന. 41201 കാറുകളാണ് ഇന്ത്യയിൽ വിറ്റത്.മഹീന്ദ്ര 20% വളർച്ചയോടെ 17356 വാഹനങ്ങൾ വിറ്റഴിച്ചു. ഹോണ്ടയുടെ വിൽപന 25% കുറഞ്ഞെങ്കിലും സിറ്റിയും ജാസും മികവ് നിലനിർത്തുകയും പുതിയ മോഡൽ ബിആർവി മികച്ച വിൽപന നേടുകയും ചെയ്തു. 14033 ആണു മൊത്തം വിൽപന.

ടാറ്റ മോട്ടോഴ്സിന് 13547 വാഹനങ്ങൾ വിൽക്കാനായി. നേട്ടം 31%. ഡീസൽ കാർ വിൽപനയിൽ ഡൽഹിയിൽ നിരോധനം നിലനിൽക്കുമ്പോഴും ടൊയോട്ട 12404 വാഹനങ്ങൾ വിറ്റ് 2.77% വർധന രേഖപ്പെടുത്തി. എണ്ണത്തിൽ, തൊട്ടടുത്ത സ്ഥാനത്ത് റെനോയാണ്. ക്വിഡിന്റെ കുതിപ്പിൽ 11968 വാഹനങ്ങളാണ് ആകെ വിൽപന. കഴിഞ്ഞ വർഷം ജൂലൈയിൽ വിറ്റതു വെറും 1686 എണ്ണമായിരുന്നു. ക്വിഡ് എത്തിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്.

ഫോഡ് 7076 കാറുകൾ വിറ്റ് 62% വളർച്ച നേടി. ചെറുകാറായ റെഡി–ഗോ വിപണിയിലെത്തിച്ച് നിസാനും വിൽപനവളർച്ച നേടി. 6418 വാഹനങ്ങളാണ് ആകെ വിറ്റത്. വർധന 126%. ഫോക്സ്‌വാഗൺ 4301 കാർ വിറ്റ് 6.75% വളർച്ച നേടി. ഏറെക്കാലമായി തിരിച്ചടി നേരിടുന്ന ജനറൽ മോട്ടോഴ്സ് 1538 കാറുകളാണു വിറ്റത്. 2015 ജൂലൈയിലെക്കാൾ 3% കുറവാണിത്. ഫിയറ്റ് വിൽപ്പനക്കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല.