ഹാർലി ഡേവിഡ്സൻ ബൈക്കുകൾക്കു വിലകൂടി

Harley Davidson Street 750

ഇന്ത്യയിൽ വിൽക്കുന്ന ബൈക്കുകളുടെ വില വർധിപ്പിക്കാൻ യു എസിൽ നിന്നുള്ള ഹാർലി ഡേവിഡ്സൻ തീരുമാനിച്ചു. ‘ഫാറ്റ് ബോബി’ന് 1,500 രൂ പ മുതൽ ‘ഫോർട്ടി എയ്റ്റി’ന് 30,000 രൂപ വരെയുള്ള വില വർധനയാണു പ്രാബല്യത്തിലെത്തിയത്. അതേസമയം 25 ലക്ഷം രൂപയ്ക്കു ലഭിക്കുന്ന ‘റോഡ് കിങ്ങി’ന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇന്ത്യയിൽ വിൽപ്പനയേറെയുള്ള ‘സ്ട്രീറ്റ് 750’, ‘അയൺ 883’, ‘ഫോർട്ടി എയ്റ്റ്’ എന്നിവയ്ക്ക് അടുത്തയിടെ ഹാർലി ഡേവിഡ്സൻ ഡാർക്ക് കസ്റ്റം അപ്ഗ്രേഡ് ലഭ്യമാക്കിയിരുന്നു. കറുപ്പിന്റെ പകിട്ടിനൊപ്പം സസ്പെൻഷനിലും ബ്രേക്കിലും കാഴ്ചപ്പൊലിമയിലുമൊക്കെ ചില്ല പരിഷ്കാരങ്ങളോടെ എത്തുന്ന ഈ മോഡലുകൾക്കുള്ള പ്രീമിയം കമ്പനി ഗണ്യമായി ഉയർത്തിയിട്ടുണ്ട്.

Sportster 48

ക്രൂസിങ് മികവിൽ മുന്നിലെങ്കിലും ആത്മവിശ്വാസം സൃഷ്ടിക്കാത്ത ബ്രേക്കായിരുന്നു ‘സ്ട്രീറ്റ് 750’ നേരിട്ട പ്രധാന വെല്ലുവിളി; ‘ഡാർക്ക് കസ്റ്റ’ത്തിൽ ഹാർലി ഡേവിഡ്സൻ ഈ പോരായ്മ പൂർണമായും പരിഹരിച്ചു. ഓപ്ഷനൽ വ്യവസ്ഥയിൽ പോലും ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്) ലഭ്യമല്ലെങ്കിലും ‘ഡാർക്ക് കസ്റ്റം’ സ്വന്തമാക്കാൻ സാധാരണ ‘സ്ട്രീറ്റ് 750’ ബൈക്കിനെ അപേക്ഷിച്ച് 20,000 രൂപ അധികം മുടക്കേണ്ട സ്ഥിതിയാണ്.ഇതിനു പുറമെ ഇന്ത്യയിലെ മോഡൽ ശ്രേണിയിൽ നിന്ന് ‘സൂപ്പർ ലോ’ ഒഴിവാക്കാനും ഹാർലി ഡേവിഡ്സൻ തീരുമാനിച്ചു. ഈ മോഡലിന്റെ പരിഷ്കരിച്ച പതിപ്പ് ഇക്കൊല്ലം വിൽപ്പനയ്ക്കെത്താനാണു സാധ്യത. എൻജിന്റെ കാര്യത്തിൽ മാറ്റമുണ്ടാവില്ലെങ്കിലും പുത്തൻ ഫ്രെയിമും സസ്പെൻഷനുമാവും പരിഷ്കരിച്ച ‘സൂപ്പർ ലോ’യുടെ പ്രധാന സവിശേഷത.

ഹാർലി ഡേവിഡ്സന്റെ ഇന്ത്യൻ മോഡൽ ശ്രേണിയുടെ പുതിയ വില(ഡൽഹി ഷോറൂമിൽ). ബ്രാക്കറ്റിൽ പഴയ വില (രൂപയിൽ):

ഹാർലി ഡേവിഡ്സൻ സ്ട്രീറ്റ് 750: 4,52,000 (4,32,500)

ഹാർലി ഡേവിഡ്സൻ അയൺ 883: 7,37,000 (7,22,000)

ഹാർലി ഡേവിഡ്സൻ ഫോർട്ടി എയ്റ്റ്: 9,12,000 (8,82,000)

ഹാർലി ഡേവിഡ്സൻ സ്ട്രീറ്റ് ബോബ്: 10,64,000 (10,37,000)

ഹാർലി ഡേവിഡ്സൻ ഫാറ്റ് ബോബ്: 13,05,000 (13,03,500)

ഹാർലി ഡേവിഡ്സൻ ഫാറ്റ് ബോയ്: 15,15,000 (15,08,500)

ഹാർലി ഡേവിഡ്സൻ ബ്രേക്കൗട്ട്: 16,40,000 (16,30,500)

ഹാർലി ഡേവിഡ്സൻ ഹെറിറ്റേജ് സോഫ്റ്റെയിൽ ക്ലാസിക്: 16,60,000 (16,45,000)

ഹാർലി ഡേവിഡ്സൻ നൈറ്റ് റോഡ്: 21,92,000 (22,02,000)

ഹാർലി ഡേവിഡ്സൻ സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷൽ: 29,76,000 (29,91,000)

ഹാർലി ഡേവിഡ്സൻ സി വി ഒ അൺലിമിറ്റഡ്: 49,57,000 (49,50,000)