യു എസിൽ 200 പേർക്കു ജോലി നഷ്ടമാവുമെന്നു ഹാർലി

വിൽപ്പനയിൽ ഇടിവു പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഉൽപ്പാദനം പരിമിതപ്പെടുത്താൻ ഇതിഹാസമാനങ്ങളുള്ള യു എസ് ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ ഇൻകോർപറേറ്റഡ് തീരുമാനിച്ചു. ഇതോടെ ഇരൂനൂറോളം തൊഴിലവസരങ്ങളും ഇല്ലാതാവുമെന്നു കമ്പനി വെളിപ്പെടുത്തി. ഒക്ടോബർ — ഡിസംബർ ത്രൈമാസത്തിലാവും കൂടുതൽ തൊഴിൽ നഷ്ടം നേരിടുകയെന്നും ഹാർലി ഡേവിഡ്സൻ വക്താവ് ബെൺഡെറ്റ് ലോവർ വെളിപ്പെടുത്തി.

ഇക്കൊല്ലം പ്രതീക്ഷിക്കുന്ന വിൽപ്പന 2.64 ലക്ഷം മുതൽ 2.69 ലക്ഷം യൂണിറ്റ് വരെയാവുമെന്നു ജൂലൈയിലാണു കമ്പനി പ്രഖ്യാപിച്ചത്. 2016ൽ 2.69 മുതൽ 2.74 ലക്ഷം വരെ മോട്ടോർ സൈക്കിളുകൾ വിൽക്കാനാവുമെന്നായിരുന്നു ഹാർലി ഡേവിഡ്സന്റെ മുമ്പത്തെ കണക്കുകൂട്ടൽ.
ഇക്കൊല്ലത്തിന്റെ ആദ്യ പകുതിയിലെ മോട്ടോർ സൈക്കിൾ വിൽപ്പനയിൽ 2015 ജനുവരി — ജൂൺ അർധവർഷത്തെ അപേക്ഷിച്ച് 3.4% ഇടിവു നേരിട്ടെന്നു മിൽവോക്കി വിസ്കോൺസിൻ ആസ്ഥാനമായ ഹാർലി ഡേവിഡ്സൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. യു എസിലെ മോട്ടോർ സൈക്കിൾ വിപണിയിൽ വിൽപ്പന ഗണ്യമായി ഇടിയുന്നതും വാഹനവിലയുടെ കാര്യത്തിൽ എതിരാളികൾ ഉയർത്തുന്ന കനത്ത വെല്ലുവിളിയുമാണു ഹാർലി ഡേവിഡ്സനു തിരിച്ചടി സൃഷ്ടിക്കുന്നത്. 

പെൻസിൽവാനിയയിലെ യോർക് വെഹിക്കിൾ ഓപ്പറേഷൻസ് പ്ലാന്റിൽ തൊഴിലാളി യൂണിയൻ അംഗങ്ങൾക്കു നൽകുന്ന 115 തൊഴിലവസരങ്ങൾ നഷ്ടമാവുമെന്നാണു പ്രതീക്ഷ. ‘ടൂറിങ്’, ‘സോഫ്റ്റെയ്ൽ’, ‘ട്രൈക്ക്’ തുടങ്ങിയ ക്രസർ മോഡലുകളാണ് ഈ ശാലയിൽ അസംബ്ൾ ചെയ്യുന്നത്. യോർക്ക് ശാലയിൽ ആകെയുള്ള 1,029 തൊഴിലാളികളിൽ 829 പേർ യൂണിയൻ അംഗങ്ങളാണ്.