ടെസ്റ്റ് ഡ്രൈവിന് നൽകിയ ഹാർലിയുമായി മുങ്ങിയ ആൾ പിടിയിൽ

ഹൈദ്രബാദിലെ ഹാർലി ഡേവിഡ്‌സൺ ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിന് നൽകിയതാണ് ഹാർലിയുടെ സ്ട്രീറ്റ് 750 എന്ന ബൈക്ക്. ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കുന്നതിനിടെ ട്രാഫിക്കിൽ ഊളിയിട്ട് മുങ്ങിയ യുവാവ് ബൈക്കുമായി പൊങ്ങിയത് മുംബൈയിൽ. വെറുമൊരു കള്ളനാണ് കക്ഷി എന്ന തെറ്റിദ്ധരിക്കരുത്. ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ ആളും സർക്കാർ ഉടമസ്ഥതയിലൂള്ള ഒഎൻജിസിയിലെ ജീവനക്കാരനുമാണ് ബൈക്കുമായി മുങ്ങിയത്.

മൊബൈൽ നമ്പരും ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പിയുമൊക്കെ ടെസ്റ്റ് ഡ്രൈവിന് എത്തിയപ്പോൾ ഇയാൾ നൽകിയിരുന്നെങ്കിലും പിന്നീട് ഇതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. സ്ട്രീറ്റ് 750 മോഡൽ തിരഞ്ഞെടുത്തശേഷം ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെയാണ് പെട്ടെന്ന് ട്രാഫിക്കിലേക്ക് ഊളിയിട്ട് അപ്രത്യക്ഷനായത്. ഒരുജീവനക്കാരനെക്കൂടി ഇയാളുടെ കൂടെ അനുഗമിക്കാൻ കമ്പനി വിട്ടിരുന്നെങ്കിലും അയാളെ കബളിപ്പിച്ചാണ് കടന്നുകളഞ്ഞത്. 

അടുത്തുള്ള പെട്രോൾ പമ്പിലെത്തി ഇന്ധനം നിറക്കവെ ബൈക്ക് കാണാനെത്തിയവരോട് ബൈക്കിന്റെ പ്രത്യേകതകളും വിലയുംമറ്റും ഇയാൾ വിശദീകരിച്ചു നൽകുകയും ചെയ്തത്രെ. പിന്നീട് മുംബൈയിലേയ്ക്ക് ബൈക്ക് ഓടിച്ചു പോയ ഇയാളെ മൊബൈൽ ഫോൺ ട്രാക്കിങ് വഴിയാണ് കുടുക്കിയതെന്ന് പോലീസ് പറയുന്നു. ബൈക്കുമായി കടക്കുന്നതിന് മുമ്പായി ഒരു എടിഎമ്മിൽ കയറി പണം പിൻവലിച്ച് ഹെൽമെറ്റ് വാങ്ങിയതായും ആന്ധ്രപോലീസ് പറയുന്നു.