ഹാർലിയുടെ സഞ്ചരിക്കുന്ന ഷോറൂം ‘ലജൻഡ് ഓൺ ടൂർ’

ഇന്ത്യൻ ഇരുചക്രവാഹന പ്രേമികൾക്കായി യു എസ് ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ സഞ്ചരിക്കുന്ന ഷോറും തുടങ്ങി. പ്രമുഖ വാഹന ഡിസൈനറും ഡി സി ഡിസൈൻ ഉടമയുമായ ദിലീപ് ഛബ്രിയ രൂപകൽപ്പന ചെയ്ത ഷോറൂമിനു പേര് ‘ലജൻഡ് ഓഫ് ടൂർ’ എന്നാണ്. സാധാരണ ഡീലർഷിപ്പുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഈ സഞ്ചരിക്കുന്ന വിൽപ്പനശാലയിലും ലഭ്യമാവുമെന്നാണു ഹാർലി ഡേവിഡ്സൻ ഇന്ത്യയുടെ വാഗ്ദാനം. നിലവിൽ വിൽപ്പനയ്ക്കുള്ള മോഡൽ ശ്രേണിക്കൊപ്പം യഥാർഥ സ്പെയർപാർട്സും അക്സസറികളും മർച്ചൻഡൈസുമൊക്കെ ഈ സഞ്ചരിക്കുന്ന ഷോറൂമിലുമുണ്ടാവുമെന്നു കമ്പനി വിശദീകരിക്കുന്നു. രാജ്യത്ത് ഹാർലി ഡേവിഡ്സൻ ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കാൻ ലക്ഷ്യമിട്ടാണ് ഈ തന്ത്രപ്രധാന നടപടിയെന്നും കമ്പനി വെളിപ്പെടുത്തി. തുടക്കത്തിൽ ഗോവയിലെ ഇന്ത്യ ബൈക്ക് വീക്കിന്റെ ഭാഗമായി സംഘടിപ്പിച്ച എച്ച് ഒ ജി റാലി വേദിയിലാണു ‘ലജൻഡ് ഓൺ വീൽസി’ന്റെ സാന്നിധ്യമുണ്ടാവുക.

ഹാർലി ഡേവിഡ്സൻ ബ്രാൻഡിനെ പുതിയ റൈഡർമാരിലേക്കെത്തിക്കാൻ നിരന്തര ശ്രമങ്ങളാണു കമ്പനി നടത്തുന്നതെന്നു മാനേജിങ് ഡയറക്ടർ വിക്രം പാവ അറിയിച്ചു. മോഡൽ ശ്രേണിയിൽ 13 മോട്ടോർ സൈക്കിളുകളുണ്ടെങ്കിലും ശരിയായ സമയത്തു ശരിയായ വാഹനം ലഭ്യമാക്കുക എന്നത് സുപ്രധാനമാണ്. ബ്രാൻഡിന്റെ സാന്നിധ്യം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘ലജൻഡ് ഓൺ ടൂറി’ന്റെ രൂപകൽപ്പന ഡി സി ഡിസൈനിനെ കൊണ്ടു ചെയ്യിക്കാനായതിലും പാവ ആഹ്ലാദം പ്രകടിപ്പിച്ചു. ഏറെ സന്തോഷത്തോടെയാണ് ‘ലജൻഡ് ഓൺ ടൂർ’ രൂപകൽപ്പന ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്തതെന്നായിരുന്നു ചീഫ് ഡിസൈനർ ദിലീപ് ഛബ്രിയയുടെ പ്രതികരണം. കാഴ്ചയിലും അനുഭവത്തിലുമൊക്കെ ഹാർലി ഡേവിഡ്സൻ ഡീലർഷിപ്പുകളോടു കിട പിടിക്കണമെന്ന ലക്ഷ്യത്തോടെയാണു ‘ലജൻഡ് ഓൺ ടൂർ’ സാക്ഷാത്കരിച്ചത്. ഹാർലി ഡേവിഡ്സൻ ബ്രാൻഡിന്റെ പ്രൗഢ പാരമ്പര്യമാണു ‘ലജൻഡ് ഓൺ ടൂർ’ രൂപകൽപ്പനയിൽ പ്രചോദനമായതെന്നും ഛബ്രിയ വെവിപ്പെടുത്തി.