മണ്ഡലം ചുറ്റാൻ ‘നാനോ’യുമായി ഹേമമാലിനി എം പി

പണം വാരിയെറിഞ്ഞു സ്വന്തമാക്കുന്ന, ആഡംബര സമൃദ്ധമായ വാഹനങ്ങളാണ് ചലച്ചിത്ര താരങ്ങളുടെ മുഖമുദ്ര. പേരും പ്രശസ്തിയും തേടിയെത്തി തുടങ്ങുമ്പോൾ തന്നെ നടീനടന്മാർ വലിയ കാറുകളും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുമൊക്കെ സ്വന്തമാക്കുന്നത് മലയാളത്തിലും പതിവു കാഴ്ച തന്നെ. ഹോളിവുഡിന്റെയും ബോളിവുഡിന്റെയും ടോളിവുഡിന്റെയും മോളിവുഡിന്റെയുമൊക്കെ ഈ സ്ഥിരം ശൈലിയിൽ നിന്നു മാറി നടക്കുകയാണു നടി ഹേമമാലിനി. ‘സ്വപ്ന സുന്ദരി’യെന്ന വിളിപ്പേരിനെ അന്വർഥമാക്കുന്ന പ്രകടനങ്ങളിലൂടെ ഹിന്ദി ചലച്ചിത്ര ലോകത്തു വർഷങ്ങളോളം മിന്നിത്തിളങ്ങിയ ഹേമമാലിനി ടാറ്റ മോട്ടോഴ്സിന്റെ ചെറുകാറായ ‘നാനോ ട്വിസ്റ്റ്’ ആണു പുതുതായി വാങ്ങിയിരിക്കുന്നത്. ബി ജെ പി നേതാവും ഉത്തർ പ്രദേശിലെ മഥുരയിൽ നിന്നുള്ള ലോക്സഭാംഗവുമാണു ഹേമമാലിനി. വൃന്ദാവനത്തിൽ സ്വയം ഓടിച്ചു പോകാൻ വേണ്ടിയാണത്രെ വിഖ്യാത നർത്തകിയും പഴയകാല നടിയുമൊക്കെയായ ഹേമമാലിനി ആയാസരഹിത ഡ്രൈവിങ് വാഗ്ദാനം ചെയ്യുന്ന ‘നാനോ ട്വിസ്റ്റി’ന്റെ മുന്തിയ വകഭേദമായ ‘ജെനെക്സ് നാനോ എക്സ് ടി എ’ വാങ്ങിയത്.

മറ്റു പല ഉത്തരേന്ത്യൻ നഗരങ്ങളെയും പോലെ ഇടുങ്ങിയ നിരത്തുകളും ഒരിക്കലുമഴിയാത്ത ഗതാഗതക്കുരുക്കുമൊക്കെ വൃന്ദാവനിലെയും സ്ഥിരം കാഴ്ചകളാണ്. ഡ്രൈവിങ് ആയാസരഹിതമാക്കാൻ അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ഗീയർബോക്സും ജാസി പർപ്ൾ നിറവുമുള്ള ‘ഈസി ഷിഫ്റ്റ് നാനോ’യാണു ഹേമമാലിനി തിരഞ്ഞെടുത്തത്. പരമാവധി 38 പി എസ് കരുത്തും 51 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 624 സി സി, ഇരട്ട സിലിണ്ടർ പെട്രോൾ എൻജിനാണു കാറിലുള്ളത്. 3.01 ലക്ഷം രൂപയാണ് ഈ കാറിന് ഡൽഹിയിലെ ഷോറൂം വില. കഴിഞ്ഞ വർഷവും ഹേമമാലിനിയുടെ കാർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു; ദേശീയപാതയിൽ താരത്തിന്റെ കാർ മറ്റൊരു കാറുമായി കൂട്ടിമുട്ടി അപകടം സംഭവിച്ചതായിരുന്നു അന്നത്തെ വാർത്ത. എതിരെ വന്ന ചെറിയ കാറിൽ സഞ്ചരിച്ച പെൺകുട്ടി കൊല്ലപ്പെട്ട അപകടത്തിൽ ഹേമമാലിനിക്കും നിസ്സാര പരുക്കേറ്റിരുന്നു.