മുന്നൂറ് പേർക്കു കയറാവുന്ന ബസ്

Representative Image

ലോകത്തിലെ ഏറ്റവും നീളമേറിയ ബസ് ഷാസി സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ വോൾവോ പുറത്തിറക്കി ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ഫെട്രാൻസ് റിയൊ പ്രദർശനത്തിലാണു വോൾവോ ട്രെയ്ലർ മാതൃകയിലുള്ള ‘വോൾവോ ഗ്രാൻ ആർടിക് 300’ അനാവരണം ചെയ്തത്. മൂന്നു ഭാഗങ്ങളിലായി 30 മീറ്ററോളം നീളമുള്ള ബസ്സിൽ മുന്നൂറോളം പേർക്കാണു യാത്രാസൗകര്യം. ബ്രസീലിലെ ബസ് റാപിഡ് ട്രാൻസിറ്റ്(ബി ആർ ടി) സംവിധാനത്തിനു വേണ്ടിയാണു വോൾവോ ‘ഗ്രാൻ ആർടിക് 300’ അവതരിപ്പിച്ചത്. കൂടുതൽ പേർക്കു യാത്രാസൗകര്യമുള്ള ഗതാഗത സംവിധാനമായ ബസ് റാപിഡ് ട്രാൻസിറ്റ് മേഖലയിലെ മുൻനിരക്കാരെന്ന നിലയിലാണു കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ ബസ് ഷാസി അവതരിപ്പിക്കുന്നതെന്നു വോൾവോ ബസ് ലാറ്റിൻ അമേരിക്ക മേധാവി ഫാബിയാനൊ ടോഡെഷിനി വിശദീകരിച്ചു.

Gran Arctic 300

ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിനൊപ്പം കൂടുതൽ യാത്രാസുഖവും ഈ ബസ്സിൽ വോൾവോ വാഗ്ദാനം ചെയ്യുന്നു. ട്രാൻസ്പോർട് ഓപ്പറേറ്റർമാർക്കാവട്ടെ പ്രവർത്തന ചെലവിലെ കുറവാണു വോൾവോ കാണുന്ന നേട്ടം. ലോകത്തിലെ ഏറ്റവും വലിയ ബസ് വോൾവോ ആണെന്നും അതു വികസിപ്പിച്ചതു ബ്രസീലിലാണെന്നും പ്രഖ്യാപിക്കാൻ അഭിമാനമുണ്ടെന്ന് വോൾവോ ബസ് ലാറ്റിൻ അമേരിക്ക സെയിൽസ് എൻജിനീയറിങ് കോഓ ഡിനേറ്റർ ഇഡം സ്റ്റിവൽ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം 22 മീറ്റർ നീളവും രണ്ടു ഭാഗവുമുള്ള പുത്തൻ ‘സൂപ്പർ ആർടിക് 210’ ഷാസിയും വോൾവോ ഫെട്രാൻസ് റിയൊ പ്രദർശനത്തിൽ അനാവരണം ചെയ്തു. അഞ്ചു വാതിലുള്ള ബസ്സിൽ 210 പേർക്കു യാത്ര ചെയ്യാമെന്നാണു വോൾവോയുടെ കണക്ക്. മൂന്ന് ആക്സിൽ മാത്രമുള്ള ബസ്സിലെ അധിക വാതിൽ യാത്രക്കാരുടെ കയറ്റവും ഇറക്കവും ആയാസരഹിതമാക്കുമെന്നും വോൾവോ അവകാശപ്പെടുന്നു.

Gran Arctic 300

കുറിറ്റി, ബൊഗോട്ട, ഗ്വാട്ടിമാല സിറ്റി, മെക്സിക്കോ സിറ്റി, സാന്റിയാഗൊ ഡെ ചിലെ, സാൻ സാൽവഡോർ നഗരങ്ങളിലെ ബി ആർ ടി സംവിധാനങ്ങൾക്കായി നാലായിരത്തിലേറെ ബസ്സുകളാണ് ഇതുവരെ വോൾവോ നിർമിച്ചു നൽകിയത്. ഇവയ്ക്കു പുറമെ 150 പേർക്കു യാത്ര ചെയ്യാവുന്ന, 18.6 മീറ്റർ നീളമുള്ള ‘ആർടിക് 150’, 180 യാത്രക്കാരെ വഹിക്കാവുന്നതും 21 മീറ്റർ നീളമുള്ളതുമായ ‘ആർടിസ് 180’ ബസ് ഷാസികളും വോൾവോ പ്രദർശിപ്പിച്ചിട്ടുണ്ട്.