ആർ സി ബിയുടെ മുഖ്യ സ്പോൺസർ ഹീറോ സൈക്കിൾസ്

ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ ഒൻപതാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ പ്രിൻസിപ്പൽ സ്പോൺസറായി സൈക്കിൾ നിർമാതാക്കളായ ഹീറോ സൈക്കിൾസ് രംഗത്ത്. കായിക വിനോദങ്ങളെ പിന്തുണയ്ക്കാനും യുവാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഐ പി എൽ ടീമായ ആർ സി ബി ബാംഗ്ലൂരിന്റെ പങ്കാളിയായി ട്വന്റി 20 ചാംപ്യൻഷിപ്പിൽ സജീവമാകുന്നതെന്ന് ഹീറോ സൈക്കിൾസ് വിശദീകരിച്ചു. ഈ പുതിയ കൂട്ടുകെട്ടിലൂടെ ആർ സി ബി ബാംഗ്ലൂരിലെ ജനപ്രിയ താരങ്ങൾക്കും ടീമിനു മൊത്തത്തിലുമുള്ള ലക്ഷക്കണക്കിന് ആരാധകരുമായി മികച്ച ബന്ധം സ്ഥാപിക്കാനാവുമെന്നാണു പ്രതീക്ഷയെന്ന് ഹീറോ സൈക്കിൾസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പങ്കജ് മുഞ്ജാൾ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സാഹചര്യത്തിൽ ഏറെ കരുത്തുറ്റ മാധ്യമമാണു ക്രിക്കറ്റ്; ഐ പി എല്ലാവട്ടെ ഇതിലെ വർണപ്പൊലിമയേറിയ അധ്യായവും. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ മാത്രമല്ല, ലോകമെങ്ങുമുള്ള യുവകായിക പ്രേമികളുടെ ശ്രദ്ധ ആകർഷിക്കാനാവുമെന്നു മുഞ്ജാൾ പ്രതീക്ഷ പ്രകടിപ്പിച്ചു. പരമ്പരാഗത സൈക്കിൾ നിർമാതാക്കളെന്ന പ്രതിച്ഛായ പൊളിച്ചെഴുതാനും പുതിയ ഉൽപന്നശ്രേണി അവതരിപ്പിക്കാനും ഹീറോ സൈക്കിൾസ് നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായാണു കമ്പനി ഐ പി എൽ ടീം സ്പോൺസർഷിപ്പിലേക്കു കടക്കുന്നത്. ഈ സീസണിൽ ഐ പി എൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന പുതിയ ടീമായ ഗുജറാത്ത് ലയൺസിന്റെ പ്രധാന സ്പോൺസറായി കഴിഞ്ഞ ദിവസം ടി വി എസ് ടയേഴ്സ് രംഗത്തെത്തിയിരുന്നു. രാജ്കോട്ട് ആസ്ഥാനമായി രൂപീകൃതമായ ഈ ടീമിനെ നയിക്കുന്നത് ഇന്ത്യൻ താരമായ സുരേഷ് റെയ്നയാണ്.

ടീമിന്റെ പ്രിൻസിപ്പൽ സ്പോൺസറെന്ന നിലയിൽ ഗുജറാത്ത് ലയൺസ് കളിക്കാരുടെ ജഴ്സികളിലും പരിശീലന കിറ്റുകളിലുമൊക്കെ ‘ടി വി എസ് ടയേഴ്സ്’ എന്ന പേര് ഇടം പിടിക്കും. ബ്രൻഡൻ മക്കല്ലം, ആരോൺ ഫ്ളിഞ്ച്, ഡ്വെയ്ൻ സ്മിത്ത്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവൊ, ദിനേഷ് കാർത്തിക്, ഡെയ്ൽ സ്റ്റെയ്ൻ, ആൻഡ്രൂ ടൈ, അമിത് മിശ്ര, ഉമേഷ് ശർമ തുടങ്ങിയവരാണു ഗുജറാത്ത് ലയൻസിലുള്ളത്. രാജ്കോട്ടും കാൺപൂരുമാണു ടീമിന്റെ ഹോം ഗ്രൗണ്ടുകൾ; ഇരു മൈതാനങ്ങളിലെയും ഓരോ സ്റ്റാൻഡിന്റെ പേരും ‘ടി വി എസ് ടയേഴ്സ് സ്റ്റാൻഡ്’ എന്നാവും.