ക്ഷമതയേറിയ ഇ സ്കൂട്ടറുകളുമായി ഹീറോ ഇലക്ട്രിക്

ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് ഊർജക്ഷമതയേറിയ ലിതിയം ബാറ്ററി ഘടിപ്പിച്ച ഇ സ്കൂട്ടറുകൾ പുറത്തിറക്കി. 2020നകം 30 ലക്ഷത്തിലേറെ വൈദ്യുത ഇരുചക്രവാഹനങ്ങൾ പുറത്തിറക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. ഒപ്പം ലെഡ്, ലിതിയം ബാറ്ററികൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ വാഹന ഉടമകൾക്ക് അവസരം നൽകുമെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(ഗ്ലോബൽ ബിസിനസ്) സോഹിന്ദർ സിൽ വ്യക്തമാക്കി.

പെട്രോളിനെ ആശ്രയിക്കാതെ അഞ്ചു വർഷത്തോളം സഞ്ചരിക്കാനുള്ള സ്വാതന്ത്യ്രമാണ് ലിതിയം ബാറ്ററി ടെക്നോളജി വാഗ്ദാനം ചെയ്യുന്നതെന്ന് ഗിൽ വിശദീകരിച്ചു. വീട്ടിൽ തന്നെ ചാർജ് ചെയ്യുന്നതിനൊപ്പം ലിതിയം ബാറ്ററികൾ അര മണിക്കൂറിൽ ടോപ് അപ് ചെയ്യാനുമാവും. ലിതിയം ബാറ്ററി സഹിതം ‘ഒപ്റ്റിമ’, ‘മാക്സി’, ‘എൻ വൈ എക്സ്’ മോഡലുകളാണു ഹീറോ ഇലക്ട്രിക് അവതരിപ്പിച്ചിരിക്കുന്നത്. നാലോ അഞ്ചോ മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്താൽ 65 കിലോമീറ്റർ വരെയാണ് ഈ ഇ ബൈക്കുകൾ ഓടുക. ‘ഒപ്റ്റിമ ലിതിയം ഡീലക്സി’ന് മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗവും ഗിൽ വാഗ്ദാനം ചെയ്യുന്നത്.

ഇ കൊമേഴ്സ് പോർട്ടലായ പേ ടി എം വഴി വിൽക്കുന്ന ‘ഒപ്റ്റിമ ലിതിയം ഡീലക്സ്’ ഇ ബൈക്ക് ഉടമകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,000 രൂപയുടെ അധിക വിലക്കിഴിവും വാഗ്ദാനമുണ്ട്. നിലവിലുള്ള സർക്കാർ സബ്സിഡികൾക്കു പുറമെയാണ് ഈ ആനുകൂല്യമെന്നു ഗിൽ വിശദീകരിച്ചു. പ്രകടനക്ഷമതയേറിയ ഇ സ്കൂട്ടറുകളുടെ വിലയിൽ 17,000 രൂപയുടെ ഇളവാണു കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. പേ ടി എം മുഖേനയുള്ള ‘ഒപ്റ്റിമ’ ബുക്കിങ് ഈ 25നാണ് ആരംഭിക്കുക.

‘എൻ വൈ എക്സ്’ ലിതിയത്തിന് പശ്ചിമ ബംഗാളിൽ 45,790 രൂപയാണു വില. അടുത്ത മാസത്തോടെ ഇ സ്കൂട്ടർ വില്പ്പനയ്ക്കെത്തുമെന്ന് ഗിൽ അറിയിച്ചു. പൂർണമായും മലിനീകരണ വിമുക്തമായ സഞ്ചാരം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2014ലാണു ഹീറോ ഇലക്ട്രിക് ഇ സ്കൂട്ടറുകളായ ‘ഒപ്റ്റിമ’യും ‘ഫോട്ടോണും’ പുറത്തിറക്കിയത്. അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടു കമ്പനി സ്വന്തം നിലയിൽ ചാർജിങ് സ്റ്റേഷനുകളും സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ടെന്നു ഗിൽ വെളിപ്പെടുത്തി. ഇത്തരം സ്റ്റേഷനുകൾക്ക് ഇടംകണ്ടെത്താൻ വിവിധ ഏജൻസികളുമായും സംസ്ഥാന സർക്കാരുകളുമായും ചർച്ചയും നടത്തുന്നുണ്ട്.