റേസ് ട്രാക്കിലിറങ്ങാൻ ഹീറോ മോട്ടോകോർപും

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് മോട്ടോർ സൈക്കിൾ റാലി റേസിങ് രംഗത്തേക്ക്. ജർമൻ ഓഫ് റോഡ് റേസിങ് വിദഗ്ധരായ സ്പീഡ്ബ്രെയിനുമായുള്ള സഖ്യത്തിലാണു ഹീറോ മോട്ടോ കോർപ് മോട്ടോർ സൈക്കിൾ റാലികൾ മത്സരിക്കുക. മൊറോക്കോയിൽ ഈ മാസം നടക്കുന്ന, ഡാകർ പരമ്പരയിലെ മത്സരമായ മെർസൂഗ റാലിയിലാണു പുതുതായി രൂപീകരിച്ച ‘ഹീറോ മോട്ടോ സ്പോർട്സ് ടീം റാലി’ അരങ്ങേറ്റം കുറിക്കുക.

ആഗോളതലത്തിൽ വിപണനം വ്യാപിപ്പിക്കാനും ഗവേഷണ, വികസന രംഗത്ത് മികവ് കൈവരിക്കാനും കമ്പനി തീവ്രശ്രമം നടത്തുന്നുണ്ടെന്നു ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ വെളിപ്പെടുത്തി. അതിനാൽ മോട്ടോസ്പോർട്സിലേക്കുള്ള പ്രവേശം ഇത്തരം നടപടികളുടെ സ്വാഭാവികമായ തുടർച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റേസിങ് രംഗത്തെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി മൂല്യവർധിത ഉൽപന്നങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയുമൊക്കെ വിപണിയിലിറക്കാൻ കമ്പനിക്കു കഴിയുമെന്നും മുഞ്ജാൾ പ്രതീക്ഷ പ്രകടിപ്പിച്ചു. മോട്ടോർ സ്പോർട്സിനെയും ഈ രംഗത്തു മത്സരിക്കുന്ന താരങ്ങളെയും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കൂടി ലക്ഷ്യമിട്ടാണു ഹീറോ മോട്ടോ കോർപിന്റെ ഈ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

സ്പീഡ്ബ്രെയിൻ 450 റാലി ബൈക്കിന്റെ പരിഷ്കരിച്ച പതിപ്പുമായിട്ടാവും 21 മുതൽ 27 വരെ നടക്കുന്ന മെർസൂഗ റാലിയിൽ ഹീറോ മോട്ടോസ്പോർട്സ് റാലി ടീമിന്റെ അരങ്ങേറ്റം.

തുടർന്ന ലോകവ്യാപകമായി2017 ഡാകർ റാലിയിലേക്കു നയിക്കുന്ന പ്രമുഖ പ്രമുഖ രാജ്യാന്തര മത്സരങ്ങളിലെല്ലാം ടീം പങ്കെടുക്കും. ഹീറോ മോട്ടോ കോർപ് ചീഫ് ടെക്നോളജി ഓഫിസർ മാർകസ് ബ്രൗൺസ്പെർജറുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഹീറോ മോട്ടോസ്പോർട്സ് റാലി ടീമിനായി സി എസ് സന്തോഷും ജൊവാക്കിം റോഡ്റിഗസുമാണുടാക്കിലിറങ്ങുക. ഹീറോ സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയും ടീമിനു പിന്തുണയുമായി രംഗത്തുണ്ടാവും. മത്സരങ്ങളിൽ നിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്തി ഹീറോയ്ക്കായി പുതിയ മോഡലുകളും ആശയങ്ങളുമൊക്കെ ആവിഷ്കരിക്കാനും പരീക്ഷിക്കാനുമാണു ടീമിന്റെ പദ്ധതി.