സി പി എൽ സ്പോൺസർഷിപ് തുടരാൻ ഹീറോ

വെസ്റ്റ് ഇൻഡീസീൽ അരങ്ങേറുന്ന ട്വന്റി 20 ക്രിക്കറ്റ് ചാംപ്യൻഷിപ്പായ കരീബിയൻ പ്രീമിയർ ലീഗി(സി പി എൽ)ന്റെ പ്രധാന സ്പോൺസർമാരായി ന്യൂഡൽഹി ആസ്ഥാനമായ ഹീറോ മോട്ടോ കോർപ് തുടരും. വരുന്ന മൂന്നു സീസണിലേക്കു കൂടി സി പി എല്ലിന്റെ ടൈറ്റിൽ സ്പോൺസർഷിപ് ഏറ്റെടുക്കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് തീരുമാനിച്ചത്. ഇതോടെ 2018 സീസൺ വരെ ചാംപ്യൻഷിപ്പിന്റെ പേര് ‘ഹീറോ കരീബിയൻ പ്രീമിയർ ലീഗ്’ എന്നു നിലനിർത്തിയിട്ടുണ്ട്.  കരീബിയൻ ദ്വീപ് സമൂഹത്തിലെ ട്വന്റി 20 ക്രിക്കറ്റ് ലീഗായ സി പി എല്ലിന്റെ ടൈറ്റിൽ സ്പോൺസർഷിപ് 2015ലാണു ഹീറോ ഏറ്റെടുത്തത്. ഇന്ത്യയിലും വിദേശത്തുമായി ക്രിക്കറ്റിനൊപ്പം സോക്കർ, ഫീൽഡ് ഹോക്കി, ഗോൾഫ് തുടങ്ങിയ കായിക ഇനങ്ങളിലും ഹീറോ മോട്ടോ കോർപ് പ്രായോജകരായി രംഗത്തുണ്ട്.

ക്രിക്കറ്റിലാവട്ടെ രണ്ടു പതിറ്റാണ്ടായി ഹീറോ മോട്ടോ കോർപിനു സജീവ സാന്നിധ്യമുണ്ട്. 2007ൽ വെസ്റ്റ് ഇൻഡീസ് ആതിഥ്യമരുളിയ ഐ സി സി ലോക കപ്പിൽ ഹീറോ ആഗോള പങ്കാളിയുമായിരുന്നു. സി പി എല്ലിന്റെ 2014 സീസണിൽ സെന്റ് ലൂസിയ സൂക്ക്സിന്റെയും രണ്ടാം സ്ഥാനത്തെത്തിയ ബാർബഡോസ് ട്രൈഡന്റ്സിന്റെയും പ്രസന്റിങ് സ്പോൺസറുമായിരുന്നു ഹീറോ. ജൂൺ 29 മുതൽ ഓഗസ്റ്റ് ഏഴു വരെയാണു ഹീറോ സി പി എല്ലിന്റെ 2016 സീസണിലെ മത്സരങ്ങൾ അരങ്ങേറുക. കരീബിയനിലെ ഏഴു മേഖലകളായ ബാർബഡോസ്, ഗയാന, ജമൈക്ക, സെന്റ് കിറ്റ്സ് ആൻഡ് നെവൈസ്, സെന്റ് ലൂസി, ട്രിനിഡാഡ് ആൻഡ് ടുബാഗെ എന്നിവയ്ക്കൊപ്പം യു എസിലെ ഫോർട്ട് ലൗഡർഡെയിലും മത്സരവേദിയാണ്. ആഗോളതലത്തിൽ തന്നെ ഏറെ ജനപ്രിയമായ കായിക ഇനമാണു ക്രിക്കറ്റെന്നു ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ അഭിപ്രായപ്പെട്ടു. സി പി എല്ലിനാവട്ടെ കരീബിയൻ ദ്വീപുകളിൽ മാത്രമല്ല, ലോകമെങ്ങും പ്രേക്ഷകരുണ്ട്. ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നതിനാലാണു സി പി എല്ലുമായുള്ള കരാർ ദീർഘിപ്പിച്ചത്. നിലവിൽ ഏഷ്യ, ആഫ്രിക്ക, ദക്ഷിണ — മധ്യ അമേരിക്ക മേഖലകളിലായി 30 രാജ്യങ്ങളിൽ ഹീറോയ്ക്കു സാന്നിധ്യമുണ്ട്. ഹീറോയുടെ വാർഷിക സ്പോർട്സ് കലണ്ടറിൽ സി പി എല്ലിനു പ്രധാന സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പോർട്സിലെ ഏറ്റവും വലിയ പാർട്ടിയായ സി പി എല്ലിനൊപ്പം മൂന്നു വർഷം കൂടി തുടരാൻ ഹീറോ മോട്ടോ കോർപ് തീരുമാനിച്ചതിൽ ആഹ്ലാദമുണ്ടെന്നു ഹീറോ കരീബിയൻ പ്രീമിയർ ലീഗ് ചെയർമാൻ റിച്ചാർഡ് ബെവൻ അറിയിച്ചു. വെസ്റ്റ് ഇൻഡീസിന്റെ പുരുഷ, വനിതാ, അണ്ടർ 19 ടീമുകൾ ക്രിക്കറ്റ് ലോകകപ്പുകൾ വിജയിച്ചു ചരിത്രം സൃഷ്ടിച്ച പശ്ചാത്തലത്തിൽ സി പി എല്ലിനു ജനപ്രീതിയേറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടാതെ പ്രഫഷനൽ ക്രിക്കറ്റിനെ ഇതാദ്യമായി യു എസിലെത്തിക്കാനും സി പി എൽ വഴിയൊരുക്കുന്നുണ്ട്.
ലോകമെങ്ങുമായി ഒൻപതു കോടിയോളം പ്രേക്ഷകർ കഴിഞ്ഞ സീസണിൽ സി പി എൽ മത്സരങ്ങൾ കണ്ടെന്നാണു കണക്കാക്കുന്നത്. വാശിയേറിയ മത്സരങ്ങൾക്കൊപ്പം തകർപ്പൻ പാർട്ടി അന്തരീക്ഷവും ഇഴചേരുന്ന സി പി എല്ലിന് സാക്ഷ്യം വഹിക്കാൻ ഇക്കുറി ഇതിലുമേറെ പേർ ഉണ്ടാവുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.