സൂപ്പർ ഹീറോ ആകാൻ എക്സ്ട്രീം

hero-xtreme-6
SHARE

എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന സിനിമാ ഡയലോഗായിരുന്നു ഹീറോയുടെ സ്പോർട്സ് സെഗ്‌മെന്റിലേക്കു നോക്കുമ്പോൾ മനസ്സിൽ തോന്നിയിരുന്നത്. കാരണം സിബിസിയേയും കരിസ്മയെയും കാമുകിയെക്കാളുമേറെ സ്നേഹിച്ച ഒരു തലമുറയുണ്ടായിരുന്നു ഇവിടെ. സിബിസി വിസ്മൃതിയിലായതിനുശേഷം എക്സ്ട്രീം വന്നു. കരിസ്മ നവീകരിച്ചു. പക്ഷേ, പുതു തലമുറയുടെ ഞരമ്പുകളിൽ തീപടർത്താൻ ഇവർക്കായില്ല. 150 സിസിയിലും 200 സിസിയിലും മറ്റുള്ളവർ ആടിത്തിമിർത്തപ്പോൾ ഹീറോ കരയ്ക്കിരുന്നു നെടുവീർപ്പിടുകയായിരുന്നു. ഫ്രീക്ക് പിള്ളേർ ഇപ്പോഴും പഴയ മഞ്ഞ കരിസ്മയിൽ ചെത്തിനടക്കുന്നതു കാണുമ്പോൾ മനസ്സിനൊരു കുളിരാണെന്ന് ഒരു സുഹൃത്തു പറഞ്ഞതിവിടെ ഒാർക്കുന്നു.

hero-xtreme-7
Hero Xtreme 200R

എൻട്രിലെവൽ സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ ഹീറോയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്നു സംശയിച്ചുനിൽക്കുന്ന സമയത്താണ് എക്സ്പോയിൽ എക്സ്ട്രീമിന്റെ പുതിയ വേരിയന്റിനെ ഹീറോ അവതരിപ്പിക്കുന്നത്. അന്ന് എക്സ്ട്രീമിന്റെ ചുറ്റും കൂടിയ യുവത്വത്തിന്റെ ആവേശത്തിൽനിന്ന് ഊർജം കൊണ്ടിതാ എക്സ്ട്രീം നിരത്തിലെത്തിയിരിക്കുന്നു. പൾസർ 200 എൻഎസ്, /’220, അപ്പാച്ചെ 200, കെടിഎം 200 എന്നിവർക്കൊപ്പം 160 സിസി താരങ്ങളും എതിരാളികളായി വിപണിയിലുണ്ട്. ഇവരോടേറ്റുമുട്ടാനുള്ള ചങ്കുറപ്പ് എക്സ്ട്രീം 200 ആറിനുണ്ടോ? നോക്കാം...

hero-xtreme
Hero Xtreme 200R

കാഴ്ചയിൽ എങ്ങനെ?

വിപ്ലവകരമായ രൂപകൽപനയൊന്നുമില്ലെങ്കിലും സെഗ്‌മെന്റിലെ എതിരാളികളെ ഒന്നു ഭയപ്പെടുത്താനുള്ള ഗറ്റപ്പ് 200 ആറിനു ഹീറോ നൽകിയിട്ടുണ്ട്. എക്സ്ട്രീം സ്പോർട്ടിന്റെ ഛായ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ട്. അതു കണ്ടില്ലെന്നു വച്ചാൽ 200 ആർ തികച്ചും ന്യൂജെൻ ആണ്. പുരികം പോലുള്ള എൽഇഡി പൈലറ്റ് ലാംപും 37 എംഎമ്മിന്റെ തടിച്ച മുൻഫോർക്കും മസിൽ പെരുപ്പിച്ചു നിൽക്കുന്ന ടാങ്കും വിഭജിച്ച ഗ്രാബ് റെയിലും എൽഇഡി ടെയിൽ ലാംപും മോണോഷോക്കും തടിച്ച ടയറും ബെല്ലി പാനും നേക്കഡ് സ്പോർട്സ് വിഭാഗത്തിലെ കില്ലാടിമാരെയെല്ലാം വെല്ലുവിളിക്കുന്ന രൂപവടിവുകളും എടുപ്പുകളും 200 ആറിനുമുണ്ട്. ഫിറ്റ് ആൻഡ് ഫിനിഷ് മെച്ചപ്പെട്ടിട്ടുണ്ടെന്നതു ഉറക്കെപ്പറയേണ്ട കാര്യമാണ്. ടാങ്കിലെ എക്സ്ട്രീം എന്ന ഗ്രാഫിക്സ് സ്പോർട്ടി ഫീൽ നൽകുന്നു. മുൻഭാഗത്തെക്കാളും കാഴ്ചയിൽ കണ്ണുടക്കുന്നത് ടെയിൽ സെക്‌ഷനിലാണ്. 

hero-xtreme-5
Hero Xtreme 200R

ഡിജിറ്റൽ അനലോഗ് ക്ലസ്റ്ററാണ്. ടാക്കോ മീറ്റർ അനലോഗിലാണ്. ഡിജിറ്റൽ മീറ്ററിൽ സ്പീഡോമീറ്റർ, രണ്ടു ട്രിപ് മീറ്റർ, ഒാഡോമീറ്റർ, ഫ്യൂവൽ ലെവൽ ഇൻഡിക്കേറ്റർ, ക്ലോക്ക് എന്നിവ ഇണക്കിയിരിക്കുന്നു. ഇൻഡിക്കേറ്റർ അടക്കമുള്ള വാണിങ് ലൈറ്റുകൾ ഡിജിറ്റൽ ക്ലസ്റ്ററിനു മുകളിൽ വലതുവശത്തായി നൽകിയിരിക്കുന്നു. ഒപ്പം സൈഡ് സ്റ്റാൻഡ് വാണിങ് ലൈറ്റുമുണ്ട്. സ്വിച്ചുകളുടെയൊക്കെ നിലവാരം മികച്ചത്. എൻജിൻ കിൽ സ്വിച്ച് നൽകിയത് സ്വാഗതാർഹമായ കാര്യമാണ്. 

യാത്ര

148 കിലോഗ്രാം ഭാരമുണ്ട് എക്സ്‌ട്രീമിന്. സ്റ്റാൻഡിൽനിന്നെടുക്കാനും മറ്റും വലിയ കായികാധ്വാനം വേണ്ട. സിംഗിൾ സീറ്റാണ്. വീതിയേറിയത്. നല്ല കുഷനുണ്ടെങ്കിലും കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. 795 എംഎം സീറ്റ് ഹൈറ്റ് ഉയരം കുറഞ്ഞവർക്കു ഗുണകരമാണ്. മറ്റ് 200 സിസി ബൈക്കുകളെപ്പോലെ സ്പോർട്ടി റൈഡിങ് പൊസിഷനല്ല. അതുകൊണ്ടു തന്നെ സിറ്റി റൈഡ് ഈസിയാണ്. പൾസറിന്റെയൊക്കെപ്പോലെ ക്ലിപ് ഒാൺ ടൈപ്പല്ല ഹാൻഡിൽ ബാർ. വീതിയേറിയ സിംഗിൾപീസ് ബാറാണ്. എൻഡ്‌വെയിറ്റ് നൽകാമായിരുന്നു. സ്പോർട് സെഗ്‌മെന്റാണെങ്കിലും അധികം പിന്നോട്ടിറങ്ങിയ ഫുട്പെഗ്ഗുകളല്ല നൽകിയിരിക്കുന്നത്. ഏകദേശം സെന്ററിൽ തന്നെയാണ് സെറ്റ്ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ റിലാക്സായി റൈഡ് ചെയ്യാം. 

hero-xtreme-3
Hero Xtreme 200R

പെർഫോമൻസ്

ഹീറോയുടെ 150 സിസി എൻജിനെ അടിസ്ഥാനമാക്കിയാണ് പുതിയ 199.6 സിസി എൻജിന്റെ രൂപകൽപന. എയർകൂൾഡ് സിംഗിൾ ഒാവർഹെഡ് ക്യാം കാർബുറേറ്റഡ് എൻജിനാണ്. 18.4 ബിഎച്ച്പി ആണ് കൂടിയ കരുത്ത്. ടോർക്ക് 17.1 എൻഎം. റിഫൈൻഡായ എൻജിൻ. 200 സിസി എതിരാളികളുമായി തട്ടിച്ചാൽ കരുത്തിൽ അൽപം പുറകിലാണ് എക്സ്ട്രീം. എങ്കിലും പെർഫോമൻസുകൊണ്ട് അതൊരു കുറവല്ലെന്ന് 200 ആർ തെളിയിക്കുന്നു. െഎഡിലിങ് ശബ്ദത്തിൽനിന്നുതന്നെ അതു മനസ്സിലാക്കാം. പക്വതയുള്ള ശബ്ദമാണ് സൈലൻസർ പൊഴിക്കുന്നത്. ത്രോട്ടിൽ റെസ്‌പോൺസ് ഒട്ടും മോശമല്ല. നല്ല കുതിപ്പുണ്ട്. ലൈറ്റായ ക്ലച്ചാണ്. ഉപയോഗിക്കാൻ സുഖപ്രദം. അഞ്ചു സ്പീഡ് ഗിയർബോക്സാണ്. ഗിയർ ഷിഫ്റ്റ് സ്മൂത്തെങ്കിലും അത്ര പെർഫെക്ട് എന്നു പറയാനാകില്ല. ടോൾ ഗിയറുകളാണ്. എൻജിൻ ലോ എൻഡിൽ നല്ല ടോർക്ക് നൽകുന്നുണ്ടെങ്കിലും മിഡ്റേഞ്ചിലെ പ്രകടനമാണ് മികച്ചത്. ടോപ് ഗിയറിൽ മുപ്പതു കിലോമീറ്റർ വേഗത്തിനു താഴെയെത്തിയിട്ടും കാര്യമായ എൻജിനിടിപ്പില്ല. ത്രോട്ടിൽ കൊടുത്താൽ കൂളായി കയറിപ്പോകുകയും ചെയ്യും. ഹാൻഡ്‌ലിങ്ങിന്റെ കാര്യത്തിൽ എക്സ്ട്രീം എതിരാളികൾക്കു വെല്ലുവിളിഉയർത്തുമെന്ന കാര്യത്തിൽ സംശയംമില്ല. നല്ല റോഡ് ഗ്രിപ്പ്. മുന്നിലെ തടിച്ച ഫോർക്കുകളും പിന്നിലെ മോണോഷോക്കും വീതിയേറിയ ടയറുകളും ഗ്രിപ്പിന്റെ കാര്യത്തിൽ 200 ആറിനെ ഒരുപടി മുന്നിൽ നിർത്തുന്നു. ചെറു കുഴികളും കട്ടിങ്ങുകളുമൊക്കെ അനായാസം തരണം ചെയ്യുന്നുണ്ട്. കാര്യമായ അടിപ്പ് യാത്രചെയ്യുന്നവരിൽ എത്തില്ല. ഏഴു തരത്തിൽ ക്രമീകരിക്കാവുന്നതാണ് പിന്നിലെ മോണോഷോക്ക്. ഉയർന്നവേഗത്തിൽ നല്ല നിയന്ത്രണം 200 ആർ നൽകുന്നുണ്ട്. ഹൈവേയിൽ അത്യാവശ്യം കുതിച്ചുപായാം. ഒപ്പം സിറ്റിയിലെ ട്രാഫിക് കുരുക്കിലൂടെ കൂളായി കൊണ്ടുപോകാനും പറ്റുന്നുണ്ട്. 

hero-xtreme-2
Hero Xtreme 200R

ബ്രേക്കിന്റെ കാര്യത്തിലാണ് 200 ആർ പുലിയാകുന്നത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് കിടിലൻ പെർഫോമൻസാണ് കാഴ്ചവയ്ക്കുന്നത്. മുന്നിൽ സിംഗിൾ ചാനൽ എബിഎസും നൽകിയിട്ടുണ്ടെന്നതാണ് പ്രധാന ഹൈലൈറ്റ്. 

വാങ്ങണോ?

പൾസറും അപ്പാച്ചെയുമൊക്കെ തകർത്തു വാഴുന്ന വിഭാഗത്തിലാണ് ഹീറോ എക്സ്ട്രീമിനെ ഇറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മൽസരം കനത്തതാണ്. കരുത്തേറിയ എൻജിൻ, കിടയറ്റ പ്രകടനം, സിറ്റിയിലും ഹൈവേയിലും ഒരുപോലെ യാത്രാസുഖം നൽകുന്ന സീറ്റിങ് പൊസിഷൻ, മികച്ച സസ്പെൻഷൻ, കിടിലൻ ബ്രേക്കിങ്. ഒപ്പം എബിഎസും. ഇത്രയും ഗുണങ്ങൾ വിപണിയിൽ എക്സ്ട്രീമിനു ഗുണം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇന്ധനക്ഷമതയുടെ കാര്യത്തിൽ പിശുക്കു കാട്ടാനിടയില്ലെന്നതും വിലയുടെ കാര്യത്തിൽ അതു കാട്ടിയതും അധിക ഗുണം ചെയ്തു എന്നു വേണം പറയാൻ. അതുകൊണ്ടു തന്നെ തുടങ്ങിയിടത്തു തന്നെ ചെന്നു നിർത്തുകയാണ്. എല്ലാറ്റിനും അതിന്റേതായ സമയമുണ്ടു ഹീറോ. എക്സ്ട്രീം 200 ആർ ഹീറോ ആകുകതന്നെ ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
FROM ONMANORAMA