ഹീറോ മോട്ടോ കോർപിനു 2014 — 15ൽ റെക്കോർഡ് വിൽപ്പന

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹ നിർമാതാക്കൾ എന്ന സ്ഥാനം ഉറപ്പിച്ച ഹീറോ മോട്ടോ കോർപ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പന കണക്കെടുപ്പിൽ പുതിയ ചരിത്രവും സൃഷ്ടിച്ചു. 2014 — 15ൽ മൊത്തം 66,31,826 യൂണിറ്റിന്റെ വിൽപ്പനയുമായാണു ഹീറോ മോട്ടോ കോർപ് പുതിയ റെക്കോർഡ് കൈവരിച്ചത്. 2013 — 14ൽ വിറ്റ 62,45,960 യൂണിറ്റിനെ അപേക്ഷിച്ച് 6.2% കൂടുതലാണിത്.

സാമ്പത്തിക വർഷത്തിന്റെ അവസാന മാസത്തിലും ഹീറോ മോട്ടോ കോർപ് തകർപ്പൻ പ്രകടനം കാഴ്ചവച്ചു; 5,31,750 ഇരുചക്രവാഹനങ്ങളായിരുന്നു കഴിഞ്ഞ മാസത്തെ വിൽപ്പന. 2014 മാർച്ചിൽ 5,24,028 യൂണിറ്റ് വിറ്റ സ്ഥാനത്താണിത്.

കൂടാതെ മിലാൻ ആസ്ഥാനമായ മാഗ്നെറ്റി മാരെല്ലിയുടെ സഹകരണത്തോടെ ഹീറോ മോട്ടോ കോർപ് ഹരിയാനയിലെ മനേസാറിൽ സ്ഥാപിച്ച ഉൽപ്പാദന, വികസന കേന്ദ്രവും കഴിഞ്ഞ മാസം പ്രവർത്തനം തുടങ്ങി. ഹീറോ മോട്ടോ കോർപിന്റെ ഇരുചക്രവാഹനങ്ങൾക്കായി അടുത്ത തലമുറ ഫ്യുവലിങ് സംവിധാനങ്ങൾ വികസിപ്പിക്കുകയും ഉൽപ്പാദിപ്പിക്കുകയുമാണ് ഈ പ്രൊഡക്ഷൻ ആൻഡ് ഇന്നൊവേഷൻ ഹബ്വിന്റെ ദൗത്യം. ഇതോടെ ഇന്ത്യയിൽ ഇത്തരം കേന്ദ്രം സ്വന്തമായുള്ള ആദ്യ ഇരുചക്രവാഹന നിർമാതാക്കളുമായി ഹീറോ മോട്ടോ കോർപ്.

പോരെങ്കിൽ കമ്പനിയുടെ വിൽപ്പന, വിപണന, ഉപഭോക്തൃ സേവന വിഭാഗം മേധാവിയായി അശോക് ഭാസിനെ കണ്ടെത്താനും ഹീറോ മോട്ടോ കോർപിനു കഴിഞ്ഞ മാസത്തോടെകഴിഞ്ഞു. ഗൾഫിൽ പുതിയ അവസരങ്ങൾ തേടി അനിൽ ദുവ ജൂണിൽ രാജിവച്ചതു മുതൽ ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ഇന്ത്യയ്ക്കു പുറത്തുള്ള വിപണികളിലേക്കു വാഹന വിൽപ്പന വൻതോതിൽ വ്യാപിപ്പിക്കാൻ കഴിഞ്ഞതും ഹീറോ മോട്ടോ കോർപിനു നേട്ടമായിട്ടുണ്ട്. കൊളംബിയ, ബംഗ്ലദേശ്, നിക്കരാഗ്വ, ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, മൊസാംബിക്, അംഗോള, ഇത്തിയോപ്പിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം നിലവിൽ ഹീറോയുടെ ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്ക്കെത്തുന്നുണ്ട്. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലാവട്ടെ ഹീറോ മോട്ടോ കോർപിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനം സ്വന്തം നിർമാണശാലയും സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ ബംഗ്ലദേശിലും സ്വന്തം നിർമാണശാല സ്ഥാപിക്കാനുള്ള ശ്രമത്തിലാണു ഹീറോ മോട്ടോ കോർപ്.

VIEW FULL TECH SPECS