കരീബിയൻ ലീഗിലും ടൈറ്റിൽ സ്പോൺസറായി ഹീറോ

വെസ്റ്റ് ഇൻഡീസീൽ അരങ്ങേറുന്ന ട്വന്റി 20 ക്രിക്കറ്റ് ചാംപ്യൻഷിപ്പായ കരീബിയൻ പ്രീമിയർ ലീഗി(സി പി എൽ) ടൈറ്റിൽ സ്പോൺസർ സ്ഥാനം ഹീറോ മോട്ടോ കോർപിന്. ഇതോടെ സി പി എല്ലിന്റെ മൂന്നാം സീസന്റെ പേര് ‘ഹീറോ കരീബിയൻ പ്രീമിയർ ലീഗ്’ എന്നായിട്ടുണ്ട്. ക്രിക്കറ്റിനൊപ്പം ഗോൾഫ്, ഫുട്ബോൾ, ഹോക്കി തുടങ്ങിയ കായിക വിനോദങ്ങളിലും മികച്ച സ്പോൺസർഷിപ് അവസരം തേടി നടക്കുന്ന ഹീറോ മോട്ടോ കോർപ് ഇതാദ്യമായാണു കരീബിയൻ പ്രീമിയർ ലീഗിൽ ടൈറ്റിൽ സ്പോൺസറായി രംഗത്തെത്തുന്നത്. ഒറ്റ സീസണിലേക്കാണു ഹീറോ സി പി എല്ലിന്റെ ടൈറ്റിൽ സ്പോൺസർഷിപ് ഏറ്റെടുത്തിരിക്കുന്നത്.

ക്രിക്കറ്റിലാവട്ടെ രണ്ടു പതിറ്റാണ്ടായി ഹീറോ മോട്ടോ കോർപിനു സജീവ സാന്നിധ്യമുണ്ട്. 2007ൽ വെസ്റ്റ് ഇൻഡീസ് ആതിഥ്യമരുളിയ ഐ സി സി ലോക കപ്പിൽ ഹീറോ ആഗോള പങ്കാളിയുമായിരുന്നു. സി പി എല്ലിന്റെ മുൻസീസണിൽ സെന്റ് ലൂസിയ സൂക്ക്സിന്റെയും രണ്ടാം സ്ഥാനത്തെത്തിയ ബാർബഡോസ് ട്രൈഡന്റ്സിന്റെയും പ്രസന്റിങ് സ്പോൺസറായിരുന്നു ഹീറോ.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് മത്സരത്തിന്റെ ടൈറ്റിൽ സ്പോൺസറാവുന്നത് അഭിമാനകരമാണെന്നായിരുന്നു സി പി എൽ ചെയർമാൻ റിചാർഡ് ബെവന്റെ പ്രതികരണം. ആഗോളതലത്തിൽ തന്നെ ക്രിക്കറ്റ് സ്പോൺസർഷിപ് രംഗത്തു സജീവസാന്നിധ്യമായ ഹീറോയുടെ വരവ് സി പി എല്ലിന്റെ വിജയത്തിനുള്ള തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെന്ന പോലെ കരീബിയൻ രാജ്യങ്ങളിലും ക്രിക്കറ്റിനുള്ള ജനപ്രീതിയാണ് സി പി എല്ലിൽ കൂടുതൽ സജീവമാകാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നു ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ വിശദീകരിച്ചു. ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന ഘട്ടത്തിൽ വിവിധ രാജ്യങ്ങളിലെ കായിക താരങ്ങളുമായും മത്സരങ്ങളുമായും ശക്തമായ ബന്ധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കരുതുന്നു.

രാജ്യാന്തര ക്രിക്കറ്റിലെ കരുത്തരായ കെവിൻ പീറ്റേഴ്സൻ, ജാക്വസ് കല്ലിസ്, ഷാഹിദ് അഫ്രീദി തുടങ്ങിയവർക്കൊപ്പം കരീബിയൻ താരങ്ങളായ ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാഡ്, ഡ്വെയ്ൻ ബ്രാവോ തുടങ്ങിയവരും സി പി എല്ലിൽ വിവിധ ടീമുകൾക്കായി രംഗത്തുണ്ട്.