നവീകരിച്ച ‘എക്സ്ട്രീം സ്പോർട്സു’മായി ഹീറോ

പ്രീമിയം ഇരുചക്രവാഹന വിഭാഗത്തിലെ വിൽപ്പന വീണ്ടെടുക്കാൻ ലക്ഷ്യമിട്ടു ഹീറോ മോട്ടോ കോർപ് പരിഷ്കരിച്ച ‘എക്സ്ട്രീം സ്പോർട്സ്’ പുറത്തിറക്കി. 2014ലെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘എക്സ്ട്രീം സ്പോർട്സ്’ വിൽപ്പനയ്ക്കെത്തുമ്പോൾ ഡൽഹി ഷോറൂമിൽ 72,725 രൂപയാണു വില.

കമ്യൂട്ടർ വിഭാഗത്തിൽ അനിഷേധ്യ മേധാവിത്തം നിലനിർത്തുന്ന ഹീറോ മോട്ടോ കോർപിനെ സംബന്ധിച്ചിടത്തോളം പ്രീമിയം വിപണിയിൽ നില ഭദ്രമല്ലെന്നതാണു യാഥാർഥ്യം. ‘സ്പ്ലെൻഡറും’ ‘പാഷനു’മൊക്കെ ചേർന്ന് കമ്യൂട്ടർ വിഭാഗം ഭരിക്കുമ്പോൾ എക്സിക്യൂട്ടീവ് — പ്രീമിയം വിഭാഗങ്ങളിലായി 2014 — 15ൽ കമ്പനി വിറ്റത് ഒരു ലക്ഷം ബൈക്കിൽ താഴെയായിരുന്നു; അതും 2013 — 14ലെ വിൽപ്പനയെ അപേക്ഷിച്ച് 9.23% ഇടിവോടെ. എതിരാളികളായ ബജാജ് ഓട്ടോയാവട്ടെ ‘പൾസർ’ ശ്രേണിയുടെ ചിറകിലേറി 5.87 ലക്ഷം ബൈക്കുകളാണ് ഈ വിഭാഗത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്; അതും മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 26% വളർച്ചയോടെ.

അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ കൈവിട്ട പോയ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഹീറോ മോട്ടോ കോർപ് നവീകരിച്ച ‘എക്സ്ട്രീം സ്പോർട്സ്’ അവതരിപ്പിക്കുന്നത്. കാഴ്ചയിൽ കൂടുതൽ പകിട്ടിനായി ഇരട്ട എൽ ഇ ഡി പൈലറ്റ് ലാംപും വിങ്കറുകളും സഹിതമുള്ള പുത്തൻ ഹെഡ്ലാംപ് സഹിതമാണു ബൈക്കിന്റെ വരവ്. പാന്തർ ബ്ലാക്ക്, ഫിയറി റെഡ്, മെർക്കുറിക് സിൽവർ എന്നിവയ്ക്കൊപ്പം പുതു വർണങ്ങളായ ബ്ലാക്ക് — റെഡ്, പൈറോ ഓറഞ്ച് എന്നിവയിലും നവീകരിച്ച ‘എക്സ്ട്രീം സ്പോർട്സ്’ ലഭ്യമാവും. സുരക്ഷയ്ക്കായി ട്യൂബ്രഹിത ടയറാണു ബൈക്കിലുള്ളത്; മെച്ചപ്പെട്ട റോഡ് ഗ്രിപ്പിനായി പിന്നിൽ വീതിയേറിയ ടയറുകളും ഹീറോ ഘടിപ്പിച്ചിട്ടുണ്ട്. വ്യക്തമായ കാഴ്ച ലക്ഷ്യമിടുന്ന ഡിജി — അനലോഗ് കൺസോളിൽ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്ററിനും ഇടമുണ്ട്.

ബൈക്കിനു കരുത്തേകുന്നത് 149.2 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എൻജിനാണ്. 8,500 ആർ പി എമ്മിൽ പരമാവധി 15.6 ബി എച്ച് പി കരുത്തും 7,000 ആർ പി എമ്മിൽ പരമാവധി 13.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ബൈക്കിനു വെറും 4.7 സെക്കൻഡ് മതിയെന്നാണു ഹീറോയുടെ അവകാശവാദം.