ഹീറോ ആന്ധ്ര ഫാക്ടറി നിർമാണം കോടതി വിലക്കി

ഉൽപ്പാദനശേഷി ഉയർത്താനുള്ള ഹീറോ മോട്ടോ കോർപിന്റെ പദ്ധതികൾക്കു തിരിച്ചടിയേകി തെക്കൻ ആന്ധ്ര പ്രദേശിലെ നിർദിഷ്ട ഫാക്ടറിയുടെ നിർമാണം നിർത്തിവയ്ക്കാൻ ഹൈദരബാദ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതി പ്രദേശത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചു തമിഴ്നാട് ആസ്ഥാനമായ ഐശ്വര്യ ഓർച്ചാർഡ്സ് സമർപ്പിച്ച ഹർജിയിലാണു മേഖലയിൽ തൽസ്ഥിതി തുടരാൻ കോടതി ഇടക്കാല ഉത്തരവ് നൽകിയത്. സ്വദേശത്തും വിദേശത്തും നിന്നു നിക്ഷേപകരെ ആകർഷിക്കാൻ തീവ്രശ്രമം നടത്തുന്ന മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനും ആന്ധ്ര പ്രദേശ് സർക്കാരിനും വിധി തിരിച്ചടിയാണെന്നാണു വിലയിരുത്തൽ.

വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ശക്തമായ മത്സരം അതിജീവിച്ചാണു ചന്ദ്രബാബു നായിഡു കഴിഞ്ഞ ജൂണിൽ ഹീറോ മോട്ടോ കോർപിന്റെ പുതിയ നിർമാണശാല ആന്ധ്ര പ്രദേശിലെത്തിച്ചത്. വാർഷിക ഉൽപ്പാദനശേഷി 1.20 കോടി യൂണിറ്റിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഹീറോ മോട്ടോ കോർപ് ദക്ഷിണേന്ത്യയിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ തീരുമാനിച്ചത്. 3,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആറാം ഫാക്ടറിയിൽ കമ്പനി 18 ലക്ഷം യൂണിറ്റിന്റെ വാർഷിക ഉൽപ്പാദനമാണു ലക്ഷ്യമിട്ടിരുന്നത്. നിലവിൽ ഹരിയാനയിലെ ഗുഡ്ഗാവിൽ മൂന്നു ഫാക്ടറികളുള്ള ഹീറോ മോട്ടോ കോർപിന് ഹരിയാനയിലെ തന്നെ ധാരുഹേരയിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും നിർമാണശാലകളുണ്ട്. ഇതുകൂടാതെ രാജസ്ഥാനിലെ നീംറാനയിലും ഗുജറാത്തിലെ ഹാലോളിലും പുതിയ ശാലകൾ സ്ഥാപിക്കാനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്; രാജസ്ഥാനിൽ 400 കോടി രൂപയും ഗുജറാത്തിൽ 1,100 കോടി രൂപയുമാണു കമ്പനി മുതൽമുടക്കുക.

ഹീറോ മോട്ടോ കോർപിന്റെ ശാലയ്ക്ക് ആന്ധ്ര സർക്കാർ സ്ഥലം അനുവദിച്ച പിന്നാലെയാണ് ഐശ്വര്യ ഓർച്ചാർഡ്സ് കോടതിയിലെത്തിയത്. വ്യവസ്ഥകൾ പാലിച്ചു ന്യായമായ നഷ്ടപരിഹാരം അനുവദിക്കാതെയും പുനഃരധിവാസം പൂർത്തിയാക്കാതെയും സുതാര്യമല്ലാത്തെ രീതിയിലാണു ഭൂമി ഏറ്റെടുത്തതെന്നായിരുന്നു ആരോപണം. ഇത്തരത്തിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ 2007ൽ ഹൈക്കോടതിയിൽ നിന്നു ലഭിച്ച ഇടക്കാല ഉത്തരവുകൾ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും കമ്പനി വാദിച്ചു.

ശ്രീസിറ്റി ഇൻഡ്സ്ട്രിയൽ പാർക്കിനു സമീപം മദനപലെം ഗ്രാമത്തിലെ 884 ഏക്കർ ഭൂമിയിലാണ് ഐശ്വര്യ ഓർച്ചാർഡ്സ് അവകാശവാദം ഉന്നയിക്കുന്നത്. തർക്കത്തിലുള്ള ഭൂമി ഹീറോ മോട്ടോ കോർപിന്റെ ഫാക്ടറിക്കായി കഴിഞ്ഞ സെപ്റ്റംബർ 16നു കൈമാറിയ വിവരം പത്ര വാർത്തകൾ വഴിയാണ് അറിഞ്ഞതെന്നും കമ്പനി വ്യക്തമാക്കി.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സർക്കാരിന് തിരിച്ചടിയാണെന്ന് ആന്ധ്ര പ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ(എ പി ഐ ഐ സി) അംഗീകരിച്ചു. ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു കീഴ്കോടതികളിൽ നിൽക്കുന്ന കേസുകളെല്ലാം ഒരുമിച്ചു പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കോർപറേഷൻ അവകാശപ്പെട്ടു.

ഉടമസ്ഥതയെക്കുറിച്ചു തർക്കമില്ലാത്ത ആയിരക്കണക്കിന് ഏക്കർ ഭൂമി എ പി ഐ ഐ സിയുടെ പക്കലുണ്ട്. എന്നാൽ ശ്രീസിറ്റിയുമായുള്ള സാമീപ്യവും മറ്റും പരിഗണിച്ച് ഹീറോ മോട്ടോ കോർപ് ആവശ്യപ്പെട്ട പ്രകാരമാണു വിവാദ ഭൂമി അനുവദിച്ചതെന്നും കോർപറേഷൻ വിശദീകരിച്ചു.അതേസമയം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെപ്പറ്റി പ്രതികരിക്കാനില്ലെന്നായിരുന്നു ഹീറോ മോട്ടോ കോർപിന്റെ നിലപാട്.