ഗണേഷ് ചതുർഥിയിൽ നേട്ടം കൊയ്തു ഹോണ്ടയും ടാറ്റയും

ഗണേഷ് ചതുർഥിയും വിശ്വകർമ ജയന്തിയും ചേർന്നു സൃഷ്ടിച്ച ആഘോഷ വേളയിൽ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) കൈവരിച്ചത് അരലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 40% വർധനയോടെ 56,000 ഇരുചക്രവാഹനങ്ങളായിരുന്നു ഇത്തവണ വിറ്റതെന്നു കമ്പനി അവകാശപ്പെട്ടു. പോരെങ്കിൽ ഉത്സവാഘോഷങ്ങളുടെ ആനുകൂല്യം മുതലെടുക്കാൻ ‘സി ബി ഷൈനി’നു പ്രത്യേക പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു; ആദ്യതവണയായി 5,999 രൂപ അടച്ച് വാഹനം സ്വന്തമാക്കാനാണു ഹോണ്ട അവസരമൊരുക്കുന്നത്.

ഹോണ്ട ബ്രാൻഡിൽ ഇടപാടുകാർക്കുള്ള വിശ്വാസവും പ്രതീക്ഷയുമാണ് ഈ വിൽപ്പനക്കണക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ഉത്സവകാലം പ്രമാണിച്ച് 125 സി സി ബൈക്കായ ‘സി ബി ഷൈൻ’ സ്വന്തമാക്കുന്നവരെ കാത്ത് 7,300 രൂപയുടെ അധിക ആനുകൂല്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഗണേഷ് ചതുർഥി പ്രമാണിച്ചു ടാറ്റ മോട്ടോഴ്സും തകർപ്പൻ നേട്ടം കൊയ്തു; മഹാരാഷ്ട്രയിലും ഗുജറാത്തിലും ഛത്തീസ്ഗഢിലും മധ്യ പ്രദേശിലുമായി 1,100 കാറുകളാണു കമ്പനി ഒറ്റ ദിവസം കൈമാറിയത്. മഹാരാഷ്ട്രയിൽ മാത്രം ഏഴുനൂറോളം കാറുകൾ വിൽക്കാൻ കമ്പനിക്കു കഴിഞ്ഞു. ഉത്സവകാലത്തിനു ശുഭാരംഭം കുറിച്ച് മികച്ച പ്രതികരണമാണു മുംബൈ, പുണെ, നാഗ്പൂർ, റായ്പൂർ, ഭോപാൽ നഗരങ്ങളിൽ നിന്നു ലഭിച്ചതെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു. വരുന്ന നവരാത്രി — ദീപാവലി ആഘോഷവേളയിലും മികച്ച നേട്ടം കൊയ്യാനാവുമെന്ന പ്രതീക്ഷയിലാണു ടാറ്റ മോട്ടോഴ്സ്. ഈ അനുകൂല സാഹചര്യം പരമാവധി മുതലെടുക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആകർഷക പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്സവകാലത്തിന്റെ ആവേശവം ആഹ്ലാദവും പുത്തൻ ഊർജവുമൊക്കെ ടാറ്റ മോട്ടോഴ്സിനും പുതിയ ഉണർവു പകരുന്നുണ്ടെന്നു കമ്പനിയുടെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് വിൽപ്പന വിഭാഗം ദേശീയ മേധാവി ആശിഷ് ധാർ അഭിപ്രായപ്പെട്ടു. ‘സെസ്റ്റി’നും ‘ബോൾട്ടി’നും ‘ജെനെക്സ് നാനോ’യ്ക്കുമൊക്ക മികച്ച സ്വീകാര്യത ലഭിച്ചത് കമ്പനിക്ക് ഏറെ പ്രതീക്ഷ പകരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.