എച്ച് എം എസ് ഐ ഗുജറാത്ത് ശാല പ്രവർത്തനം തുടങ്ങി

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ നാലാമത് ശാല ഗുജറാത്തിൽ പ്രവർത്തനം ആരംഭിച്ചു. നിർമാണം തുടങ്ങി 13 മാസത്തിനുള്ളിലാണ് അഹമ്മദബാദിൽ നിന്ന് 80 കിലോമീറ്ററകലെ മണ്ഡൽ താലൂക്കിലെ വിത്തൽപൂരിലുള്ള ശാല ഉൽപ്പാദനം ആരംഭിക്കുന്നത്. വിത്തൽപൂറിൽ 250 ഏക്കർ വിസ്തൃതിയിൽ സ്ഥാപിച്ച അത്യാധുനിക ശാലയ്ക്കായി 1,100 കോടിയോളം രൂപയാണ് എച്ച് എം എസ് ഐ മുടക്കിയത്. ഹോണ്ടയ്ക്കായി അനുബന്ധ ഘടകങ്ങൾ നിർമിക്കുന്ന 22 കമ്പനികൾ ചേർന്ന് ഏതാണ്ട് 1,100 കോടിയോളം രൂപ തന്നെ വിത്തൽപൂരിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ശാലയിൽ മൂവായിരത്തോളം പേർക്കു നേരിട്ടും ആറായിരത്തോളം പേർക്കു പരോക്ഷമായും തൊഴിലവസരം ലഭിക്കുമെന്നാണു പ്രതീക്ഷ.

ആഗോളതലത്തിൽ തന്നെ സ്കൂട്ടർ നിർമാണത്തിനുള്ള ഏറ്റവും വലിയ ശാലയാണു ഗുജറാത്തിൽ പ്രവർത്തനം തുടങ്ങുന്നതെന്നു ഹോണ്ട അവകാശപ്പെടുന്നു. പ്രതിവർഷം 12 ലക്ഷം യൂണിറ്റാണു ശാലയുടെ ശേഷി. നിലവിൽ മനേസാർ(ഹരിയാന), തപുകര(രാജസ്ഥാൻ), നരസാപൂർ(കർണാടക) എന്നിവിടങ്ങളിലെ ശാലകളിൽ നിന്നായി പ്രതിവർഷം 46 ലക്ഷം യൂണിറ്റാണു കമ്പനിയുടെ വാർഷിക ഉൽപ്പാദന ശേഷി. മനേസർ ശാലയിൽ നിന്ന് 16 ലക്ഷവും തപുകര ശാലയിൽ നിന്ന് 12 ലക്ഷവും നരസാപൂർ ശാലയിൽ നിന്ന് 18 ലക്ഷവുമാണു ഹോണ്ടയുടെ വാർഷിക ഉൽപ്പാദനം. ഗുജറാത്തിലെ ശാല സ്കൂട്ടറുകൾ മാത്രം ഉൽപ്പാദിപ്പിക്കുമ്പോൾ മറ്റു മൂന്നു പ്ലാന്റുകളിലും മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും ഉൽപ്പാദിപ്പിക്കാവുന്ന ഫ്ളെക്സി അസംബ്ലി ലൈനുകളാണുള്ളതെന്ന വ്യത്യാസമുണ്ട്.

വിത്തൽപൂരിലെ പുതിയ ശാലയുടെ പ്രവർത്തനം രണ്ടു ഘട്ടമായാണ് എച്ച് എം എസ് ഐ ക്രമീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ ആദ്യ പ്രൊഡക്ഷൻ ലൈൻ പ്രവർത്തിപ്പിച്ച് ആറു ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനം സാധ്യമാക്കും. വർഷത്തിന്റെ പകുതിയോടെ രണ്ടാമത്തെ പ്രൊഡക്ഷൻ ലൈൻ കൂടി പ്രവർത്തനക്ഷമമാവുന്നതോടെ ഈ ശാലയിൽ നിന്ന് ആറു ലക്ഷം സ്കൂട്ടറുകൾ കൂടി നിരത്തിലെത്തും. ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഏറെ സാധ്യതയുള്ള വിപണിയാണു ഗുജറാത്തെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്സു അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സ്കൂട്ടർ വിപണിയിൽ 62% വിഹിതമാണു കമ്പനി അവകാശപ്പെടുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സ്കൂട്ടറുകൾക്കുള്ള ആവശ്യം ഉയരുന്നതു ഫലപ്രദമായി നേരിടാൻ ഗുജറാത്ത് ശാല സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി.