പ്രീമിയം പ്രതിച്ഛായ തേടി ‘അക്കോഡും’ ‘സിവിക്കും’ വീണ്ടും

Honda Accord 2016

ഇന്ത്യൻ വിപണിയിൽ പ്രീമിയം പ്രതിച്ഛായ വീണ്ടെടുക്കാനായി സലൂണുകളായ ‘അക്കോഡും’ ‘സിവിക്കും’ തിരിച്ചെത്തിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിനു പദ്ധതി. അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ഇരു മോഡലുകൾക്കുമൊപ്പം സ്പോർട് യൂട്ടിലിറ്റി വാഹന (എസ് യു വി)മായ ‘സി ആർ — വി’ മടക്കിക്കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നുണ്ട്. വിൽപ്പന സാധ്യതയേറിയ ഇടത്തരം സെഡാനായ ‘സിറ്റി’, കോംപാക്ട് സെഡാനായ ‘അമെയ്സ്’, ജാസ്ബാക്കായ ‘ജാസ്’ തുടങ്ങിയവയിൽ ശ്രദ്ധയൂന്നിയതോടെയാണു ഹോണ്ട ഇന്ത്യയിൽ ‘അക്കോഡി’നെയും ‘സിവിക്കി’നെയും കൈവിട്ടത്. കൂടുതൽ വിൽപ്പനയ്ക്കായി വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊ’ ഇറക്കിയുള്ള പരീക്ഷണമാവട്ടെ വിജയിച്ചില്ല. പുതിയ എസ് യു വിയായ ‘ബി ആർ വി’യോടും ഇന്ത്യൻ വിപണി കാര്യമായ താൽപര്യം കാട്ടിയിട്ടില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

Honda Civic 2016

ഈ സാഹചര്യത്തിൽ നഷ്ടമായ പ്രീമിയം പ്രതിച്ഛായ വീണ്ടെടുക്കാൻ ഇക്കൊല്ലം രണ്ടാം പകുതിയിൽ പുത്തൻ ‘അക്കോഡി’നെയും അടുത്ത വർഷം ‘സി ആർ വി’യെയും തിരിച്ചെത്തിക്കാനാണു കമ്പനിയുടെ നീക്കം. പക്ഷേ രണ്ടാം വരവിൽ 1.6 ലീറ്റർ ഡീസൽ എൻജിനാവും ഇരു മോഡലുകൾക്കും കരുത്തേകുക എന്ന പുതുമയുണ്ട്. പ്രാദേശികമായി നിർമിക്കുന്ന ‘സിവിക്’ 2018 — 19ലാവും ഇന്ത്യൻ നിരത്തിൽ തിരിച്ചെത്തുക. ‘ടു എസ് വി’ എന്ന കോഡ്നാമത്തിൽ വികസനഘട്ടത്തിലുള്ള പുത്തൻ ‘സിവിക്കി’ന് ഇന്ത്യയിൽ 30,000 യൂണിറ്റിന്റെ വാർഷിക വിൽപ്പനയാണു ഹോണ്ട പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ‘അമെയ്സി’ന്റെയും ‘ബ്രിയോ’യുടെയും ‘ജാസി’ന്റെയും ‘സിറ്റി’യുടെയുമൊക്കെ പുതുതലമുറ മോഡലുകളും 2017നു ശേഷം പുറത്തെത്തും. ഇന്ത്യയിൽ ഹോണ്ടയ്ക്ക് പ്രീമിയം കാർ നിർമാതാക്കളെന്ന പ്രതിച്ഛായ നേടിക്കൊടുക്കുന്നതിൽ ‘അക്കോഡി’ന്റെയും ‘സിവിക്കി’ന്റെയും സംഭാവന നിർണായകമായിരുന്നു. എന്നാൽ വലിയ സെഡാനുകളെ ഉപേക്ഷിച്ച് ഉപയോക്താക്കൾ എസ് യു വികൾക്കു പിന്നാലെ പോയതോടെ ഇരു മോഡലുകളും പിൻവലിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.ഈ പിഴവ് തിരുത്താനുള്ള ഒരുക്കമാണ് ഹോണ്ട ഇപ്പോൾ നടത്തുന്നത്.

Honda Accord 2016

പെട്രോൾ എൻജിനോടെ മാത്രം ലഭ്യമാവുന്നതായിരുന്നു ‘സി ആർ വി’യുടെ പ്രധാന ന്യൂനത; പുതിയ ഡീസൽ എൻജിൻ എത്തുന്നതോടെ ഈ എസ് യു വിയുടെ സ്വീകാര്യത ഗണ്യമായി ഉയരുമെന്നു കമ്പനി കണക്കുകൂട്ടുന്നു. ‘അക്കോഡി’ൽ നിന്നു കാര്യമായ വിൽപ്പന ലഭിക്കില്ലെങ്കിലും പ്രീമിയം പ്രതിച്ഛായ നേടിത്തരുന്നതിൽ കാര്യമായ സംഭാവനയുണ്ടാനയുണ്ടാവുമെന്നാണു ഹോണ്ടയുടെ പ്രതീക്ഷ. അതേസമയം പ്രാദേശിക നിർമാണത്തിലൂടെ വിലയുടെ കാര്യത്തിൽ മത്സരക്ഷമത കൈവരിക്കാൻ കഴിഞ്ഞാൽ ‘സിവിക്കി’നു മികച്ച വിൽപ്പന ലഭിക്കുമെന്നാണു ഹോണ്ട കരുതുന്നത്.