ഹോണ്ട ‘ബി ആർ വി’: പ്രീ ബുക്കിങ് തുടങ്ങി

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന കോംപാക്ട് എസ് യു വി ‘ബി ആർ വി’ക്കുള്ള പ്രീ ബുക്കിങ്ങിനു തുടക്കമായി. 21,000 രൂപ അഡ്വാൻസ് ഈടാക്കിയാണു രാജ്യത്തെ ഹോണ്ട ഡീലർഷിപ്പുകൾ ‘ബി ആർ വി’ അരങ്ങേറ്റം കുറിക്കുംമുമ്പേ ബുക്കിങ് സ്വീകരിക്കുന്നത്.

അരങ്ങേറ്റത്തിനു മുന്നോടിയായി ‘വെയർനെക്സ്റ്റ്വിത്ത്ബിആർവി’ (#‎WhereNextWithBRV‬) എന്ന ഹാഷ്‌ടാഗിൽ ഹോണ്ട കാഴ്സ് ഡിജിറ്റൽ രംഗത്തു വിപുല പ്രചാരണം ആരംഭിച്ചു. വാഹനപ്രേമികൾ താൽപര്യം പ്രകടിപ്പിച്ച സ്ഥലങ്ങളിൽ ‘ബി ആർ വി’ എത്തിച്ചു തയാറാക്കിയ ഈ പരസ്യപ്രചാരണം അടുത്ത 20 ദിവസം തുടരാനാണു കമ്പനിയുടെ പദ്ധതി.

ഹാച്ച്ബാക്കായ ‘ബ്രിയൊ’, എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’, വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’ എന്നിവയുമായി പ്ലാറ്റ്ഫോം പങ്കിടുന്ന ‘ബി ആർ വി’യുടെ വില എട്ടു ലക്ഷം മുതൽ 13 ലക്ഷം വരെയാവുമെന്നാണു സൂചന. പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘ബി ആർ വി’ വിൽപ്പനയ്ക്കെത്തും; 1.5 ലീറ്റർ ഡീസൽ, പെട്രോൾ എൻജിനുകളാവും എസ് യു വിക്കു കരുത്തേകുക. കഴിഞ്ഞ വർഷം ഗയ്കിൻഡൊ ഇന്തൊനീഷ ഇന്റർനാഷനൽ ഓട്ടോ ഷോയിലായിരുന്നു ‘ബി ആർ വി’യുടെ രാജ്യാന്തരതലത്തിലെ അരങ്ങേറ്റം. കഴിഞ്ഞ ഓട്ടോ എക്സ്പൊയിലാണ് ഇന്ത്യയിൽ ആദ്യമായി ഹോണ്ട ‘ബി ആർ വി’ പ്രദർശിപ്പിച്ചത്.

ഹോണ്ട ആർ ആൻഡ് ഡി ഏഷ്യ പസഫിക് വികസിപ്പിച്ച ‘ബി ആർ വി’യിൽ ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, പിൻ സീറ്റ് യാത്രികർക്കായി എ സി വെന്റ് എന്നിവയൊക്കെ പ്രതീക്ഷിക്കുന്നുണ്ട്.

ഏഷ്യ ഓഷ്യാനിയ മേഖലയിൽ ഹോണ്ടയ്ക്ക് ഏറ്റവുമധികം വിൽപ്പന ലഭിക്കുന്നത് ഇന്ത്യയിൽ നിന്നാണെന്നു ഹോണ്ട മോട്ടോർ കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും റപ്രസന്റേറ്റീവ് ഓഫിസറുമായ തകഹിരൊ ഹചിഗൊ അറിയിച്ചു. ആഗോളതലത്തിലെ ഹോണ്ട കാർ വിൽപ്പനയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ‘ബി ആർ വി’ കൂടിയെത്തുന്നതോടെ ഇന്ത്യയിൽ നില മെച്ചപ്പെടുത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.