ബി എസ് നാല് എൻജിനോടെ ‘2017 സി ബി ഷൈൻ എസ് പി’

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് (ബി എസ് നാല്) നിലവാരമുള്ള എൻജിനുമായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ ‘സി ബി ഷൈൻ എസ് പി 2017’ വിൽപ്പനയ്ക്കെത്തി. പുത്തൻ എൻജിനൊപ്പം രൂപകൽപ്പനയിലുമുള്ള പരിഷ്കാരങ്ങളും ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ(എ എച്ച് ഒ) സൗകര്യവുമായി എത്തുന്ന ‘സി ബി ഷൈൻ എസ് പി’ക്ക് 60,914 രൂപയാണു ഡൽഹി ഷോറൂമിൽ വില. ഇതോടെ ഹോണ്ട ശ്രേണിയിലെ അഞ്ചു മോഡലുകളുടെ എൻജിൻ ബി എസ് നാല് നിലവാരത്തിലെത്തി.

പേൾ സൈറൻ ബ്ലൂ, ഇംപീരിയർ റെഡ് മെറ്റാലിക് എന്നീ പുതുവർണങ്ങളിലും ‘2017 സി ബി ഷൈൻ എസ് പി’ ലഭ്യമാവും. നിലവിലുള്ള നിറങ്ങളിലടക്കം പുത്തൻ ഗ്രാഫിക്സും ബൈക്കിനു ഹോണ്ട നൽകിയിട്ടുണ്ട്. ഡിസ്ക് ബ്രേക്കോടെ അഞ്ചായി വിഭജിച്ച അലോയ് വീൽ, കാർവ്ഡ് വൈസറുള്ള ഷാർപ് ഹെഡ്ലൈറ്റ് എന്നിവയും ബൈക്കിന്റെ ആകർഷണമാണ്.
കാര്യക്ഷമമായ ബ്രേക്കിങ്ങിന് കോംബോ ബ്രേക്കോടെ എത്തുന്ന ബൈക്കിന് കരുത്തേകുന്നത് 125 സി സി എൻജിനാണ്; പരമാവധി 10.16 ബി എച്ച് പി കര്തുതം 10.30 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

അഞ്ചാം ഗീയറിന്റെ ആനുകൂല്യമുള്ളതിനാൽ വിപണിയിലെത്തിയതു മുതൽ അർബൻ കമ്യൂട്ടർ ബൈക്കായ ‘സി ബി ഷൈൻ എസ് പി’ വിജയം നേടിയിരുന്നെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അവകാശപ്പെട്ടു. ബി എസ് നാല് നിലവാരമുള്ള എൻജിനും എ എച്ച് ഒ സൗകര്യവും പരിഷ്കരിച്ച രൂപകൽപ്പനയുമൊക്കെയുള്ള ‘2017 സി ബി ഷൈൻ എസ് പി’ കൂടുതൽ ആകർഷകമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃദമായ എച്ച് ഇ ടി എൻജിന്റെ വരവ് ഇരുചക്രവാഹന വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കമിടുമെന്നും അദ്ദേഹം കരുതുന്നു.