സ്വിച് തകരാർ: ‘സി ബി ആർ’ തിരിച്ചുവിളിക്കാൻ ഹോണ്ട

സ്റ്റാർട്ടർ റിലേ സ്വിച് അസംബ്ലിയിലെ നിർമാണ തകരാർ പരിഹരിക്കാനായി ഇന്ത്യയിൽ വിറ്റ ‘സി ബി ആർ 150 ആർ’, ‘സി ബി ആർ 250 ആർ’ മോട്ടോർ സൈക്കിളുകൾ തിരിച്ചുവിളിക്കുകയാണെന്ന് ഹോണ്ട. 2014 ജൂലൈയ്ക്കും 2015 ജൂണിനുമിടയ്ക്ക് നിർമിച്ചു വിറ്റ 13,700 ബൈക്കുകളാണു കമ്പനി തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്.

നിർമാണ തകരാറിന്റെ പേരിൽ ഇതു രണ്ടാം തവണയാണു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഇരുചക്രവാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. ബ്രേക്ക് സംവിധാനത്തിലെ പിഴവിന്റെ പേരിൽ 2012ലാണ് ഹോണ്ട 11,500 ‘സി ബി ആർ 250 ആർ’ മോട്ടോർ സൈക്കിളുകൾ തിരിച്ചുവിളിച്ചത്.

നിർമാണ തകരാർ സംശയിച്ച് ഹോണ്ടയുടെ പ്രധാന എതിരാളികളായ യമഹ 2013ൽ 56,000 ‘റേ’ ഓട്ടമാറ്റിക് സ്കൂട്ടറുകളും സുസുക്കി 174 ‘ജി എസ് എക്സ്’ സൂപ്പർ ബൈക്കുളും തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു.അതേസമയം നിർമാണ തകരാറുണ്ടെന്നു സംശയിക്കുന്ന സ്റ്റാർട്ടർ റിലേ സ്വിച് കണ്ടെത്താനുള്ള പരിശോധന ഈ മാസം തന്നെ ആരംഭിക്കുമെന്നു കമ്പനി വ്യക്തമാക്കി. തകരാറുണ്ടെന്നു തെളിയുന്ന സ്വിച്ചുകൾ സൗജന്യമായി മാറ്റി നൽകുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം.

സ്റ്റാർട്ടർ റിലേ സ്വിച് നിർമാണ വേളയിൽ സീലന്റ് ശരിയായ വിധത്തിൽ പ്രയോഗിക്കാത്തതാണു തകരാർ സൃഷ്ടിക്കുന്നതെന്നാണു കമ്പനിയുടെ നിഗമനം. ഇതോടെ മെയിൻ ഫ്യൂസിന്റെ റസിസ്റ്റൻസ് വർധിക്കുമെന്നതാണു പ്രശ്നം. ഈ പിഴവ് മൂലം മോട്ടോർ സൈക്കിളിലെ ഇലക്ട്രിക്കൽ സംവിധാനത്തിലേക്കുള്ള ബാറ്ററിയിൽ നിന്നുള്ള വോൾട്ടേജ് പ്രവാഹം തടസ്സപ്പെട്ടേക്കാമെന്നും എച്ച് എം എസ് ഐ മുന്നറിയിപ്പ് നൽകുന്നു. തകരാറിന്റെ ഫലമായി ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ എൻജിൻ നിന്നു പോകാനും ബൈക്ക് സ്റ്റാർട്ടാവാതെ തന്നെ പോകാനും സാധ്യതയുണ്ട്. മെയിൻ ഫ്യൂസിന്റെ പ്രതിരോധം അധികമാവുന്നത് അപൂർവമായി അഗ്നിബാധയിലേക്കും നയിക്കുമെന്നു ഹോണ്ട കരുതുന്നു.

എന്നാൽ സ്റ്റാർട്ടർ റിലേ സ്വിച് തകരാർ മൂലം ഇന്ത്യയിൽ അപകടങ്ങളൊന്നും സംഭവിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എച്ച് എം എസ് ഐ വെളിപ്പെടുത്തുന്നു. വാഹനത്തിന്റെ വാറന്റിയുടെ അവസ്ഥ പരിഗണിക്കാതെ നിർമാണ തകരാറുള്ള സ്റ്റാർട്ടർ റിലേ സ്വിച്ചുകൾ സൗജന്യമായി മാറ്റി പുതിയതു ഘടിപ്പിക്കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. രാജ്യത്തെ എല്ലാ എച്ച് എം എസ് ഐ ഡീലർഷിപ്പുകളിലും പരിശോധനയ്ക്കും ആവശ്യമെങ്കിൽ സ്വിച് മാറ്റി നൽകാനുമുള്ള സൗകര്യം ക്രമീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.