‘സ്മാർട് പവറോ’ടെ ഹോണ്ട ‘സി ബി ഷൈൻ എസ് പി’

റെവ്ഫെസ്റ്റിൽ പ്രദർശിപ്പിച്ച ‘സി ബി ഷൈൻ എസ് പി’ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) വ്യാഴാഴ്ച വിൽപ്പനയ്ക്കെത്തിക്കുന്നു. എക്സിക്യൂട്ടീവ് കമ്യൂട്ടർ വിഭാഗത്തിൽ ‘സി ബി ഷൈനി’ന്റെ പകരക്കാരനാവുന്ന 125 സി സി എൻജിനുള്ള ബൈക്കിന്റെ പേരിൽ ‘സ്മാർട് പവർ’ എന്നതിന്റെ ചുരുക്കെഴുത്തായാണ് ‘എസ് പി’ ഇടംപിടിക്കുന്നത്. ഇതോടെ ഇക്കൊല്ലം എച്ച് എം എസ് ഐ അവതരിപ്പിക്കുമെന്നു പ്രഖ്യാപിച്ച 15 മോഡലുകളിൽ 14—ാമത്തേതും പുറത്തെത്തുകയായി.

പുത്തൻ ഹെഡ്ലാംപ് കൗൾ, സൈഡ് പാനലുകൾക്ക് സിൽവർ ഫിനിഷ്, നൂതന ടെയിൽ ലാംപ്, കറുപ്പ് ഗ്രാബ് റെയിൽ, പൂർണ ചെയിൻ കവർ, ക്ലിയർ ലെൻസ് ഇൻഡിക്കേറ്റർ എന്നിവയുമായാണ് ‘സി ബി ഷൈൻ എസ് പി’ വരുന്നത്. അല്ലറ ചില്ലറ പരിഷ്കാരമുള്ള എക്സോസ്റ്റും മഫ്ളറിന്റെ അഗ്രത്തിലെ ക്രോം സ്പർശവും ചുവന്ന നിറമുള്ള പിൻ സസ്പെൻഷൻ സ്പ്രിങ്ങുകളുമാണു മറ്റു പുതുമകൾ. ഹീറോ മോട്ടോ കോർപ് ലഭ്യമാക്കുന്ന ‘ഐ സ്മാർട്ടി’നു സമാനമാണ് ഈ ബൈക്കിലൂടെ എച്ച് എം എസ് ഐ അവതരിപ്പിക്കുന്ന ‘സ്മാർട് പവർ’; നിശ്ചലാവസ്ഥ (ഐഡിലിങ്)യിൽ എൻജിനെ ‘ഉറക്കുക’യും യാത്ര പുനഃരാരംഭിക്കാനായി ഗീയർ മാറ്റാൻ ക്ലച് പ്രയോഗിക്കുമ്പോൾ തന്നെ ‘ഉണർത്തുക’യും ചെയ്യുന്ന സംവിധാനമാണിത്. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ ഇന്ധനക്ഷമത ഉയർത്താനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുമാവുമെന്നാണ് എച്ച് എം എസ് ഐയുടെ നിഗമനം.

ഇതിനപ്പുറം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘സി ബി ഷൈൻ എസ് പി’ എത്തുക; ബൈക്കിനു കരുത്തേകുക ഹോണ്ട ഇകോ ടെക്നോളജിയുടെ പിൻബലമുള്ള 125 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിൻ തന്നെ. പരമാവധി 10.57 ബി എച്ച് പി കരുത്തും 10.3 എൻ എം ടോർക്കുമാണു ‘സി ബി ഷൈനി’ന്റെയും ഹൃദയമായിരുന്ന ഈ എൻജിൻ സൃഷ്ടിക്കുക. പുതിയ ബൈക്കിന്റെ ഇന്ധനക്ഷമതയെപ്പറ്റി എച്ച് എം എസ് ഐ സൂചനയൊന്നും നൽകിയിട്ടില്ല; എങ്കിലും എൻജിൻ സമാനമായതിനാൽ ‘സി ബി ഷൈൻ’ നൽകിയിരുന്ന, ലീറ്ററിന് 65 കിലോമീറ്റർ ഇന്ധനക്ഷമത തന്നെ പുതിയ ബൈക്കിനും ന്യായമായും പ്രതീക്ഷിക്കാം. ‘സി ബി ഷൈൻ എസ് പി’യുടെ കൃത്യമായ വിലയും എച്ച് എം എസ് ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല; എങ്കിലും 60,000 — 65,000 രൂപ വില നിലവാരത്തിലാവും ബൈക്ക് ഷോറൂമിലെത്തുകയെന്നാണു പ്രതീക്ഷ.