ഹോണ്ട ‘സി ഡി 110 ഡ്രീം’ ഇനി സെൽഫ് സ്റ്റാർട്ടോടെയും

Honda CD 110

കമ്യൂട്ടർ ബൈക്കായ ‘സി ഡി 110 ഡ്രീമി’ന്റെ ഡീലക്സ് പതിപ്പ് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) വിൽപ്പനയ്ക്കെത്തിച്ചു. കിക്ക് സ്റ്റാർട്ടിനൊപ്പം സെൽഫ് സ്റ്റാർട്ട് സംവിധാനത്തോടെ ലഭിക്കുന്ന ബൈക്കിന് 46,197 രൂപയാണു ഡൽഹിയിലെ ഷോറൂം വില. അതേസമയം, കിക്ക് സ്റ്റാർട്ട് സൗകര്യം മാത്രമുള്ള അടിസ്ഥാന മോഡൽ 43,997 രൂപയ്ക്കു ഡൽഹി ഷോറൂമിൽ ലഭിക്കും. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ എച്ച് എം എസ് ഐ പ്രദർശിപ്പിച്ച മോഡലാണ് ഇപ്പോൾ വിൽപ്പനയ്ക്കു തയാറായിരിക്കുന്നത്. ഈ വകഭേദത്തിലെ പുതുമയായി കറുപ്പ് നിറത്തിലെ പച്ച സ്ട്രൈപ്പുകളും ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. ഇതടക്കം നാലു നിറങ്ങളിൽ പുതിയ ‘ഡ്രീം ഡീലക്സ്’ വിപണിയിലുണ്ടാവും.

രണ്ടു വർഷം മുമ്പ് 2014ൽ അരങ്ങേറ്റം കുറിച്ചതു മുതൽ വിപണിയുടെ സ്വീകാര്യത നേടാൻ ‘സി ഡി 110 ഡ്രീമി’നു കഴിഞ്ഞിട്ടുണ്ടെന്നാണ് എച്ച് എം എസ് ഐയുടെ അവകാശാവാദം. സെൽഫ് സ്റ്റാർട്ട് സൗകര്യം കൂടിയെത്തുന്നതോടെ ബൈക്കിന്റെ വിൽപ്പന ഇനിയുമയരുമെന്നും കമ്പനി കരുതുന്നു. നീളമേറിയ സീറ്റ്, ട്യൂബ്രഹിത സീറ്റ്, വിസ്കസ് എയർ ഫിൽറ്റർ, പരിപാലനം ആവശ്യമില്ലാത്ത ബാറ്ററി എന്നിവയും ബൈക്കിന്റെ സവിശേഷതകളായി കമ്പനി നിരത്തുന്നു. സെൽഫ് സ്റ്റാർട്ടിന്റെ സാന്നിധ്യത്തിനപ്പുറം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു പുതിയ ‘ഡ്രീം ഡീലക്സി’ന്റെ വരവ്. ബൈക്കിനു കരുത്തേകുന്നത് മുമ്പത്തെ 109.2 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിൻ തന്നെ, 7,500 ആർ പി എമ്മിൽ 8.25 ബി എച്ച് പി വരെ കരുത്തും 5,500 ആർ പി എമ്മിൽ 8.63 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നാലു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഹോണ്ട ഇകോ ടെക്നോളജി(എച്ച് ഇ ടി)യുടെ പിൻബലത്തിൽ ലീറ്ററിന് 74 കിലോമീറ്ററാണ് ഈ എൻജിന് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.