സ്കൂട്ടർ നഹി, ബൈക്ക് നഹി, ഇവനല്ലേ നവി !!!

Honda Navi

രണ്ടു ചക്രം, എൻജിൻ പിന്നിൽ. പക്ഷേ, ബൈക്കുമല്ല, സ്കൂട്ടറുമല്ല! ഇക്കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ അവതാരത്തെ നിർമാതാക്കളായ ഹോണ്ട വിളിക്കുന്നത് ഇങ്ങനെയാണ്– നവി! ബൈക്കെന്നോ സ്കൂട്ടറെന്നോ തികച്ചു വിളിക്കാനാവില്ല. ഇതുരണ്ടും കൂടിച്ചേർന്ന സങ്കരയിനമാണ് നവി. നവീന ആശയത്തിൽനിന്നും പിറവിയെടുത്ത വാഹനം–മുന്നിൽനിന്നു നോക്കിയാൽ ബൈക്ക്. പിൻഭാഗം കണ്ടാൽ സ്കൂട്ടർ. ഫൺ റൈഡ് എന്ന പുതിയ വിഭാഗത്തിലാണ് ഹോണ്ട നവി അവതരിപ്പിക്കുന്നത്. 39,500 രൂപയാണ് നവിയുടെ ഡൽഹി ഷോറും വില. വൈകാതെ തന്നെ ഇവൻ കേരള റോഡിലുമെത്തും.

Honda Navi

യുവാക്കളെ ലക്ഷ്യമിട്ടാണു നവി വരുന്നത്. ബൈക്കുകളുടേതു പോലുള്ള ബോഡി ഡിസൈനാണ്. രാജ്യാന്തര വിപണിയിലുള്ള ഹോണ്ടയുടെ ഗ്രൂം 125 എന്ന മോട്ടോർസൈക്കിളിൽ‌നിന്നുമാണ് ഡിസൈൻ കടംകൊണ്ടിരിക്കുന്നത്. ബൈക്കുകളുടേതുപോലുള്ള ഹെഡ്‌ലാംപും ടെലിസ്കോപ്പിക് സസ്പെൻ‌ഷനുമാണ്. ഹൈഡ്രോളിക് സ്പ്രിങ് സസ്പെൻഷനാണ് പിന്നിൽ. മോട്ടോക്രോസ് ബൈക്കുകളുടേതുപോലുള്ള ടാങ്കും സീറ്റും കണ്ടാൽ ഒരു അഡ്വഞ്ചർ ബൈക്ക് ഫീലൊക്കെയുണ്ട്. മുന്നിൽ 12 ഇഞ്ച് ടയറും പിന്നിൽ വീതികൂടിയ 10 ഇഞ്ച് ടയറുമാണ്. ചെറിയ വാഹനമാണ് നവി. നീളം 1805 എംഎം, വീതി 748 എംഎം, ഉയരം 1039 എംഎം. വീൽബേസ് 1286 എംഎം. 101 കിലോഗ്രാം ഭാരമേയുള്ളൂ. 3.8 ലീറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി.

എൻജിനടക്കമുള്ള ഭാഗങ്ങൾക്കു സ്കൂട്ടറിനോടാണു സാമ്യം. നിലവിലെ ഹോണ്ടയുടെ സ്കൂട്ടറുകളിലുള്ള നാല് സ്ട്രോക്ക് എയർകൂൾഡ് എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി)എൻജിനാണ് നവിക്കും. ഓട്ടമാറ്റിക് ട്രാൻ‌സ്‌മിഷനാണ്. കൂടിയ വേഗം മണിക്കൂറിൽ 81 കിലോമീറ്റർ. ഹോണ്ടയുടെ സ്കൂട്ടറുകൾക്കു ലഭിക്കുന്ന ഇന്ധനക്ഷമതയും കമ്പനി നവിക്കു വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ചു കിടിലൻ നിറങ്ങളിൽ നവി ലഭ്യമാകും.