കോംപാക്ട് എസ് യു വി വിപണി നോട്ടമിട്ടു ഹോണ്ടയും

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള ‘ക്രേറ്റ’യ്ക്കു പിന്നാലെ കോംപാക്ട് എസ് യു വി വിഭാഗത്തിൽ പ്രാതിനിധ്യം തേടി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുമെത്തുന്നു. ഈ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതു സംബന്ധിച്ചു പഠനം ആരംഭിച്ചതായി ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) അനിത ശർമ വെളിപ്പെടുത്തി.

പഠനം ഏറെ മുന്നേറിയെന്നും കണ്ടെത്തലുകളുടെ അടിസ്ഥാത്തിലാവും കോംപാക്ട് എസ് യു വി വിഭാഗത്തിൽ പ്രവേശിക്കുന്നതു സംബന്ധിച്ച തീരുമാനമെന്നും അവർ അറിയിച്ചു. ഇന്ത്യയിൽ മികച്ച വളർച്ച കൈവരിച്ചു മുന്നേറുന്ന വിഭാഗമാണു കോംപാക്ട് എസ് യു വിയെന്നും ശർമ അഭിപ്രായപ്പെട്ടു. പ്രതിമാസം 8,000 — 10,000 യൂണിറ്റാണ് ഈ വിഭാഗത്തിൽ ഇപ്പോഴത്തെ വിൽപ്പന.

രാജസ്ഥാനിലെ തപുകര ശാലയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കാൻ 380 കോടി രൂപയുടെ വികസന പ്രവർത്തനം ആരംഭിച്ചതായി കമ്പനി ഡയറക്ടറും വിൽപ്പന, വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റുമായ ഹിരൊയുകി ഷിമിസു അറിയിച്ചു. പരിഷ്കാരങ്ങളോടെയെത്തിയ ‘ജാസി’ന്റെ മൂന്നാം തലമുറ മോഡലിനു മികച്ച സ്വീകാര്യത ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ഡിസംബർ മുതൽ ഇന്ത്യൻ നിർമിത ‘ജാസ്’ ദക്ഷിണാഫ്രിക്കയിലേക്കു കയറ്റുമതി ചെയ്യുന്നുമുണ്ട്.

മുമ്പ് ‘ജാസി’ൽ പ്രാദേശിക നിർമിത ഘടകങ്ങളുടെ വിഹിതം 72% ആയിരുന്നത് ഇപ്പോൾ 95 ആയി ഉയർന്നിട്ടുമുണ്ട്. പ്രതിമാസം അര ലക്ഷത്തിനും ഒരു ലക്ഷത്തിനുമിടയിൽ വരുമാനമുള്ള, 25 — 35 പ്രായപരിധിയിലുള്ളവരെയാണു ‘ജാസി’ലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇക്കൊല്ലം ഇന്ത്യയിൽ നിന്ന് 10,000 യൂണിറ്റിന്റെ കയറ്റുമതിയാണു കമ്പനി ലക്ഷ്യമിടുന്നത്. ഒപ്പം ഇന്ത്യയിലെ വിൽപ്പനശാലകളുടെ എണ്ണം ഇപ്പോഴത്തെ 232ൽ നിന്ന് 300 ആയി ഉയർത്താനും പദ്ധതിയുണ്ട്. ഗുജറാത്തിൽ മൂന്നാം നിർമാണശാലയ്ക്കായി സ്ഥലം ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ ശർമ പക്ഷേ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.ഇക്കൊല്ലം ഇനി ഹോണ്ട പുതിയ കാറുകളൊന്നും അവതരിപ്പിക്കുന്നില്ലെന്നു ഷിമിസു അറിയിച്ചു. അടുത്ത വർഷം ‘അക്കോഡി’ന്റെയും ‘സിവിക്കി’ന്റെയും പരിഷ്കരിച്ച പതിപ്പുകൾ പ്രതീക്ഷിക്കാം.