എയർബാഗ് തകരാർ: ‘അക്കോഡ്’ തിരിച്ചുവിളിച്ചു ഹോണ്ട

വാതിൽ ശക്തിയായി അടയ്ക്കുമ്പോൾ എയർബാഗ് വിന്യസിക്കപ്പെടാനുള്ള സാധ്യത മുൻനിർത്തി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ഇടത്തരം സെഡാനായ ‘അക്കോഡ്’ തിരിച്ചുവിളിക്കുന്നു. പാർശ്വത്തിലെ എയർബാഗ് സ്വയം വിന്യസിക്കപ്പെടാനുള്ള സാധ്യത പരിഗണിച്ചു യു എസിൽ 2008, 2009 മോഡലിൽപെട്ട മൂന്നു ലക്ഷത്തിലേറെ ‘അക്കോഡ്’ ആണു കമ്പനി തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്.

കാർ ബോഡിയുടെ അടിഭാഗത്ത് ആഘാതമേൽക്കുകയോ വാതിൽ ശക്തമായി അടയ്ക്കുകയോ ചെയ്യുമ്പോൾ സെഡ് ഇംപാക്ട് സെൻസർ പ്രവർത്തനക്ഷമമാവാൻ സാധ്യതയുണ്ടെന്നാണു ഹോണ്ടയുടെ കണ്ടെത്തൽ. ഇതോടെ പാർശ്വത്തിലെ കർട്ടൻ, സീറ്റ് എയർബാഗുകൾ വിന്യസിക്കപ്പെടാനും സാധ്യതയുണ്ട്. അതേസമയം ഇഗ്നീഷൻ ഓൺ ആയിരിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ഇത്തരത്തിൽ എയർബാഗ് വിന്യസിക്കപ്പെടുകയെന്നും ഹോണ്ട വ്യക്തമാക്കുന്നു. പോരെങ്കിൽ ഇത്തരത്തിലുള്ള അപകടങ്ങളിൽ പരുക്കേറ്റതിനു നഷ്ടപരിഹാരം തേടി 19 പേർ ഹോണ്ടയ്ക്കെതിരെ പരാതി നൽകിയിട്ടുമുണ്ട്.

തകരാറുള്ള കാറുകളിലെ എയർബാഗ് വിന്യാസം നിയന്ത്രിക്കുന്ന സോഫ്റ്റ്​വെയർ ഡീലർമാർ വഴി സൗജന്യമായി പരിഷ്കരിച്ചു നൽകാനാണു ഹോണ്ടയുടെ നീക്കം. ഡിസംബർ മധ്യത്തോടെ കാർ ഉടമകളെ ഇ മെയിൽ വഴി വിവരം അറിയിക്കുമെന്നാണു ഹോണ്ടയുടെ പ്രഖ്യാപനം.തകാത്ത കോർപറേഷൻ ലഭ്യമാക്കിയ നിർമാണ തകരാറുള്ള എയർബാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്നു ജപ്പാനിൽ വിറ്റ ലക്ഷക്കണക്കിനു കാറുകൾ ഹോണ്ട നേരത്തെ തിരിച്ചുവിളിച്ചിരുന്നു. ഇതേ പ്രശ്നത്തിന്റെ പേരിൽ മറ്റു വിപണികളിൽ വിറ്റ കാറുകളും വിവിധ ഘട്ടങ്ങളായി കമ്പനി തിരിച്ചു വിളിച്ചു പരിശോധിച്ചിരുന്നു.

വിന്യാസവേളയിൽ ശക്തമായ സ്ഫോടനം സൃഷ്ടിക്കാനും ഇതുവഴി മൂർച്ചയേറിയ വസ്തുക്കൾ വിതറി യാത്രക്കാരെ അപകടത്തിൽപെടുത്താനുമുള്ള സാധ്യത മുൻനിർത്തി തകാത്ത കോർപറേഷന്റെ എയർബാഗ് ഘടിപ്പിച്ച ലക്ഷക്കണക്കിനു കാറുകളാണു വിവിധ നിർമാതാക്കൾ ആഗോളതലത്തിൽ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. നിർമാണ പിഴവുള്ള തകാത്ത കോർപറേഷന്റെ എയർബാഗുകൾ പൊട്ടിത്തെറിച്ച് ആറു മരണം സംഭവിച്ചെന്നാണു കണക്ക്; ഇവ ആറും ഹോണ്ടയുടെ കാറുകളിലായിരുന്നു എന്നും പറയപ്പെടുന്നു.

തകാത്ത നിർമിച്ചു നൽകിയ എയർബാഗ് ഘടിപ്പിച്ചതിന്റെ പേരിൽ മൊത്തത്തിൽ അര കോടിയിലേറെ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു ഹോണ്ട കഴിഞ്ഞ മേയിൽതന്നെ പ്രഖ്യാപിച്ചിരുന്നു. പരിശോധനയ്ക്കായി ശേഖരിച്ച എയർബാഗ് ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളിൽ രണ്ടു പുതിയ പ്രശ്നങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. അപ്പോഴും തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ പൊട്ടിത്തെറിച്ച് അപകടം സംഭവിക്കാനുള്ള മൂലകാരണം കണ്ടെത്താൻ കമ്പനിക്കു കഴിഞ്ഞിരുന്നില്ല.