‘ഫിറ്റ്’ തിരിച്ചുവിളിച്ചത് പ്രതിച്ഛായ ഇടിച്ചെന്നു ഹോണ്ട

Honda Jazz (FIT)

നിർമാണ പിഴവുകളുടെ പേരിൽ ‘ഫിറ്റ്’ കാറുകൾ പലതവണ തിരിച്ചു വിളിക്കേണ്ടി വന്നത് കമ്പനിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി. ‘ഫിറ്റ്’ പോലുള്ള മോഡലുകൾ തിരിച്ചുവിളിച്ചു പരിശോധിച്ചത് ആഭ്യന്തര വിപണിയിലെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചെന്നും കമ്പനി വിലയിരുത്തി. എൻജിലെയും പ്രോഗ്രാമിങ്ങിലെയുമൊക്കെ പിഴവുകളുടെ പേരിൽ സബ് കോംപാക്ട് വിഭാഗത്തിൽപെടുന്ന ‘ഫിറ്റ്’(ഇന്ത്യൻ വിപണിയിലെ ‘ജാസ്’) 2013 മുതൽ പല തവണ ഹോണ്ട തിരിച്ചുവിളിച്ചിരുന്നു. യാത്രാസുഖത്തിനൊപ്പം സാധനങ്ങൾ സൂക്ഷിക്കാനും യഥേഷ്ടം സ്ഥലമുള്ളതിനാൽ ജപ്പാനിൽ മികച്ച വിൽപ്പന കൈവരിച്ചു മുന്നേറിയിരുന്ന മോഡലാണു ‘ഫിറ്റ്’.

എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പല തവണ തിരിച്ചുവിളിക്കുകയും പരിശോധിക്കുകയുമൊക്കെ ചെയ്യേണ്ടി വന്നത് ബ്രാൻഡ് എന്ന നിലയിൽ ‘ഫിറ്റി’ന്റെ പ്രതിച്ഛായ നഷ്ടമാക്കിയെന്ന് ഹോണ്ടയുടെ ജപ്പാൻ ഓപ്പറേഷൻസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ കിമിയോഷി തെരതനി കരുതുന്നു. ജപ്പാനു പുറമെ വിവിധ വിദേശ രാജ്യങ്ങളിലും ലഭ്യമാവുന്ന ‘ഫിറ്റി’ന്റെ ആഭ്യന്തര വിപണിയിലെ വിൽപ്പനയാവട്ടെ ഇതോടെ കുത്തനെ ഇടിയുകയും ചെയ്തു.

അതിനിടെ കൂനിന്മേൽ കുരുവെന്ന പോലെയാണു ഹോണ്ടയ്ക്കും ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമായ തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളിൽ നിർമാണ പിഴവ് കണ്ടെത്തിയത്. ഇതോടെ എയർബാഗിന്റെ തകരാർ പരിഹരിക്കാനായി ആഗോളതലത്തിൽ ലക്ഷക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കമ്പനി നിർബന്ധിതരായി. ഇതും കമ്പനിക്കു കനത്ത ആഘാതമായെന്ന് തെരതനി വിലയിരുത്തുന്നു.
കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഹോണ്ടയുടെ ജപ്പാനിലെ വാഹന വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 12.2% ഇടിഞ്ഞ് 6.68 ലക്ഷം യൂണിറ്റിലെത്തിയിരുന്നു. ഇക്കൊല്ലത്തെ വിൽപ്പനയിലാവട്ടെ മൂന്നു ശതമാനമെങ്കിലും ഇടിവാണു ഹോണ്ട പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ ഹോണ്ടനേടുന്ന മൊത്തം വിൽപ്പനയിൽ 14 ശതമാനത്തോളമാണ് ആഭ്യന്തര വിപണിയുടെ വിഹിതം.