ഗുജറാത്തിലെ സ്കൂട്ടർ ശാല പുതുവർഷത്തിലെന്നു ഹോണ്ട

ഗുജറാത്തിൽ സ്ഥാപിക്കുന്ന പുതിയ ഇരുചക്രവാഹന നിർമാണശാല പുതുവർഷത്തിൽ പ്രവർത്തനസജ്ജമാവുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ജനുവരിയോടെ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. പിന്നാലെ ശാലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങാനും ഹോണ്ട ലക്ഷ്യമിട്ടിട്ടുണ്ട്. ഗുജറാത്ത് ശാലയുടെ നിർമാണ പ്രവർത്തനം ജനുവരിയോടെ പൂർത്തിയാക്കാമെന്നാണു പ്രതീക്ഷയെന്നും പിന്നാലെ ഫാക്ടറി പ്രവർത്തനം തുടങ്ങുമെന്നും എച്ച് എം എസ് ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിവർഷം 12 ലക്ഷം സ്കൂട്ടറുകളാണു ശാലയുടെ സ്ഥാപിത ഉൽപ്പാദനശേഷി.

സ്കൂട്ടറുകൾക്കു മാത്രമായി ആഗോളതലത്തിൽ തന്നെ സ്ഥാപിതമാവുന്ന ഏറ്റവും വലിയ ഫാക്ടറിയാണു ഗുജറാത്തിലേതെന്നാണ് എച്ച് എം എസ് ഐയുടെ അവകാശവാദം. അഹമ്മദബാദിൽ നിന്ന് 80 കിലോമീറ്ററകലെ മണ്ഡൽ താലൂക്കിലെ വിത്തൽപൂറിൽ 250 ഏക്കർ വിസ്തൃതിയിൽ 1,100 കോടി രൂപ ചെലവിലാണു ഹോണ്ട പുതിയ ശാല സ്ഥാപിതമാവുന്നത്.

ഗുജറാത്തിലെ ശാല കൂടി പ്രവർത്തനക്ഷമമാവുന്നതോടെ എച്ച് എം എസ് ഐയുടെ മൊത്തം ഉൽപ്പാദന ശേഷി പ്രതിവർഷം 58 ലക്ഷം യൂണിറ്റായി ഉയരും. ഹരിയാനയിലെ മനേസർ ശാലയിൽ നിന്ന് 16 ലക്ഷവും രാജസ്ഥാനിലെ തപുകര ശാലയിൽ നിന്ന് 12 ലക്ഷവും കർണാടകത്തിലെ നരസാപൂർ ശാലയിൽ നിന്ന് 18 ലക്ഷവുമാണു ഹോണ്ടയുടെ വാർഷിക ഉൽപ്പാദനം. ഗുജറാത്തിലെ ശാല സ്കൂട്ടറുകൾ മാത്രം ഉൽപ്പാദിപ്പിക്കുമ്പോൾ മറ്റു മൂന്നു പ്ലാന്റുകളിലും മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും ഉൽപ്പാദിപ്പിക്കാവുന്ന ഫ്ളെക്സി അസംബ്ലി ലൈനുകളാണുള്ളതെന്ന വ്യത്യാസമുണ്ട്. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടു വരുന്ന നാലു മാസത്തിനിടെ നാലു പുതിയ മോഡലുകൾ അവതരിപ്പിക്കാൻ എച്ച് എം എസ് ഐ തയാറെടുക്കുകയാണ്. കഴിഞ്ഞയിടെ കമ്പനി 110 സി സി മോട്ടോർ സൈക്കിളായ ‘ലിവൊ’, പ്രീമിയം വിഭാഗത്തിൽപെട്ട ‘സി ബി ആർ 650’ എന്നിവ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നു.