ഹോണ്ട ഷൈൻ എസ് പി കേരളത്തിൽ

ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) എക്സിക്യൂട്ടീവ് മോട്ടോർ സൈക്കിളായ ‘സി ബി ഷൈനി’ന്റെ പുതിയ പതിപ്പ് ഷൈൻ എസ് പി കേരളത്തിലെത്തി. ഹീറോ മോട്ടോ കോർപിന്റെ ‘സൂപ്പർ സ്പ്ലെൻഡറി’നെയും ‘ഗ്ലാമറി’നെയും യമഹയിൽ നിന്നുള്ള ‘സല്യൂട്ടൊ’യെയുമൊക്കെയാണ് ‘സി ബി ഷൈൻ എസ് പി’യിലൂടെ എച്ച് എം എസ് ഐ നേരിടുക. ‘സ്മാർട് പവർ’ എന്നതിന്റെ ചുരുക്കെഴുത്തായി പേരിൽ ‘എസ് പി’ എന്നു ചേർത്ത ഈ പുതിയ ബൈക്കിന്റെ വരവോടെ പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റിന്റെ അധിക വിൽപ്പനയാണു ഹോണ്ടയുടെ പ്രതീക്ഷ.

ഹോണ്ട ഷൈൻ എസ് പിയുടെ ആദ്യ വിൽപ്പന കൊച്ചി ഇവിഎം ഹോണ്ടയിൽ നടന്നപ്പോള്‍, വാഹന ഉടമ ശരത്ത്, ഇവിഎം ഹോണ്ട എജിഎം റെജി ജേക്കബ്, ജിഎം ഗോകുൽ കൃഷ്ണ മേനോൻ, എച്ച്എംഎസ്ഐ ഏരിയ ഇൻചാർജ് മജ്ഞുനാഥ് പട്ടേൽ തുടങ്ങിയവർ സമീപം

ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോൾ, ഹോണ്ട ഇകോ ടെക്നോളജി(എച്ച് ഇ ടി) എൻജിൻ, കോംബി ബ്രേക്ക് സംവിധാനം(സി ബ എസ്), പുത്തൻ ഹെഡ്ലാംപ് കൗൾ, സൈഡ് പാനലുകൾക്ക് സിൽവർ ഫിനിഷ്, നൂതന ടെയിൽ ലാംപ്, കറുപ്പ് ഗ്രാബ് റെയിൽ, പൂർണ ചെയിൻ കവർ, ക്ലിയർ ലെൻസ് ഇൻഡിക്കേറ്റർ എന്നിവയെല്ലാമായാണ് ‘സി ബി ഷൈൻ എസ് പി’യുടെ രംഗപ്രവേശം. അല്ലറ ചില്ലറ പരിഷ്കാരമുള്ള എക്സോസ്റ്റും മഫ്ളറിന്റെ അഗ്രത്തിലെ ക്രോം സ്പർശവും ചുവന്ന നിറമുള്ള പിൻ സസ്പെൻഷൻ സ്പ്രിങ്ങുകളുമാണു ബൈക്കിലെ മറ്റു പുതുമകൾ.

ഹീറോ മോട്ടോ കോർപ് ലഭ്യമാക്കുന്ന ‘ഐ സ്മാർട്ടി’നു സമാനമായി എച്ച് എം എസ് ഐ അവതരിപ്പിക്കുന്ന ‘സ്മാർട് പവർ’ സംവിധാനവും ഈ ബൈക്കിലുടെ രംഗപ്രവേശം ചെയ്യുന്നു; നിശ്ചലാവസ്ഥ(ഐഡിലിങ്)യിൽ എൻജിനെ ‘ഉറക്കുക’യും യാത്ര പുനഃരാരംഭിക്കാനായി ഗീയർ മാറ്റാൻ ക്ലച് പ്രയോഗിക്കുമ്പോൾ തന്നെ ‘ഉണർത്തുക’യും ചെയ്യുന്ന സാങ്കേതികവിദ്യയാണിത്. ഇതു വഴി ഇന്ധനക്ഷമത ഉയർത്താനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുമാവുമെന്നാണ് എച്ച് എം എസ് ഐയുടെ കണക്കുകൂട്ടൽ.