ചൈനയിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ ഹോണ്ട

ചൈനയിൽ പുതിയ കാർ നിർമാണശാല സ്ഥാപിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണു ഹോണ്ടയുടെ നടപടി. ഹോണ്ടയ്ക്ക് ഇപ്പോൾ തന്നെ ചൈനയിൽ വിവിധ കേന്ദ്രങ്ങളിൽ വാഹന നിർമാണശാലകളുണ്ട്. മധ്യ ചൈനയിലെ വുഹാൻ നഗരത്തെയാണു പുതിയ ശാലയ്ക്കായി ഹോണ്ട പരിഗണിക്കുന്നതെന്നു കമ്പനി വക്താവ് അറിയിച്ചു. 2019ൽ ഈ ശാല പ്രവർത്തനസജ്ജമാവുമെന്നാണു പ്രതീക്ഷ.

തുടക്കത്തിൽ 1.20 ലക്ഷം യൂണിറ്റാവും വുഹാനിലെ ഹോണ്ട പ്ലാന്റിന്റെ ഉൽപ്പാദനശേഷി; വികസനം പൂർത്തിയാവുന്നതോടെ ഉൽപ്പാദനശേഷി പ്രതിവർഷം 2.40 ലക്ഷം യൂണിറ്റായി ഉയരും. പുതിയ ശാല പ്രവർത്തനക്ഷമമാവുന്നതോടെ ഹോണ്ടയുടെ ചൈനയിലെ ഉൽപ്പാദനശേഷിയിൽ 20% വർധനയാണു നിലവിൽവരിക. ദക്ഷിണ ഗ്വാങ്ഷുവിൽ മൂന്നു നിർമാണശാലകളുള്ള ഹോണ്ടയ്ക്കു വുഹാനിലും രണ്ടു പ്ലാന്റുകളുണ്ട്. ആഭ്യന്തര വിപണിക്കായി പ്രതിവർഷം 10.80 ലക്ഷം കാറുകളാണു നിലവിൽ ഹോണ്ട ചൈനയിൽ നിർമിക്കുന്നത്. കൂടാതെ മധ്യൂപൂർവ രാജ്യങ്ങളിലേക്കും റഷ്യയിലേക്കും ആഫ്രിക്കയിലേക്കുമൊക്കെയുള്ള കയറ്റുമതി മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന നിർമാണശാലകയും ഹോണ്ടയ്ക്കു ചൈനയിലുണ്ട്.

വ്യവസായ മേഖലയിലെ മാന്ദ്യം തുടരുന്നതിനാൽ 82.2 കോടി ഡോളർ(ഏകദേശം 5485.65 കോടി രൂപ) ചെലവു പ്രതീക്ഷിക്കുന്ന വുഹാൻ ശാലയുടെ നിർമാണം വൈകുമെന്നു കഴിഞ്ഞ വർഷം ഹോണ്ട സൂചിപ്പിച്ചിരുന്നു. എന്നാൽ ചെറുകാറുകൾക്കു ചൈന നികുതി ഇളവ് പ്രഖ്യാപിച്ചതോടെ നില മെച്ചപ്പെട്ടതാണു ഹോണ്ടയെ വുഹാൻ ശാലയുടെ കാര്യത്തിൽ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്. ചൈനയിലെ ചെറുകാർ വിപണിയിൽ ഹോണ്ടയ്ക്കു നിർണായ സ്വാധീനമുണ്ട്.