ഇന്ത്യയ്ക്കായി ചെറു കാർ വികസിപ്പിക്കാൻ ഹോണ്ട

ഇന്ത്യൻ വിപണിക്കായി പുതിയ ചെറിയ കാർ രൂപകൽപ്പന ചെയ്യാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി ആലോചിക്കുന്നു. ആഗോള കാർ വിപണികളിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയിലെ വിപണി വിഹിതം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഹോണ്ട ചെറുകാറിന്റെ സാധ്യതാപഠനം നടത്തുന്നത്. ഇന്ത്യയിൽ ഹോണ്ടയ്ക്കുള്ള ഗവേഷണ, വികസന കേന്ദ്രത്തിൽ നിന്നു പുറത്തിറങ്ങുന്ന ആദ്യ കാറായും ഇതു മാറുമെന്ന് ആർ ആൻഡ് ഡി വിഭാഗമായ ഹോണ്ട ജെൻബെറ്റ്സു ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് ഹിരൊനാവൊ ഇറ്റൊ അറിയിച്ചു. പുതിയ കാറിലൂടെ മാരുതി സുസുക്കി ‘ഓൾട്ടോ’യും ‘വാഗൺ ആറു’മൊക്കെ ഇടംപിടിക്കുന്ന എൻട്രി ലവൽ വിഭാഗത്തിനു പകരം അതിനു മുകളിൽ ഇടംപിടിക്കാനാണു ഹോണ്ടയുടെ പദ്ധതിയെന്നും ഇറ്റൊ സൂചിപ്പിച്ചു.

ഇന്ത്യയിൽ നില മെച്ചപ്പെടുത്താൻ ഈ രാജ്യത്തിനായി വികസിപ്പിച്ച കാർ അനിവാര്യമാണെന്ന് ഇറ്റൊ അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരത്തിൽ ഇന്ത്യയ്ക്കായി വികസിപ്പിക്കുന്ന പുതിയ കാറിന്റെ വിശദാംശങ്ങളോ അവതരണ തീയതിയോ വെളിപ്പെടുത്താൻ അദ്ദേഹം സന്നദ്ധനായില്ല. പ്രാദേശികമായി വികസിപ്പിച്ച മോഡലുകളുടെ പിൻബലത്തിലാണു മാരുതി സുസുക്കിയും പ്രധാന എതിരാളികളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും ആഭ്യന്തര വിപണി വാഴുന്നത്. യന്ത്രഘടകങ്ങൾ ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിക്കുന്നതിനാൽ തികച്ചും മത്സരക്ഷമമായ വിലകളിൽ കാർ വിൽക്കാനും ഇരുകമ്പനികൾക്കും കഴിയും. എന്നാൽ ഇടത്തരം സെഡാൻ വിഭാഗത്തിൽ ആധിപത്യം നേടിയ ‘സിറ്റി’ പോലുള്ള മോഡലുകളുടെ പിൻബലമുണ്ടായിട്ടും ഇന്ത്യൻ കാർ വിപണിയിൽ ഹോണ്ടയുടെ വിഹിതം കഴിഞ്ഞ ഏപ്രിൽ — നവംബർ കാലത്തെ കണക്കനുസരിച്ച് 7.2% മാത്രമാണ്. വിപണിയിൽ സ്വീകാര്യതയുള്ള എൻട്രി ലവൽ സെഡാനായ ‘അമെയ്സും’ പ്രീമിയം ഹാച്ച്ബാക്കായ ‘ജാസു’മൊന്നും വിൽപ്പന കണക്കിൽ ആഗ്രഹിക്കുന്ന കുതിപ്പ് നേടാൻ ഹോണ്ടയെ സഹായിച്ചിട്ടില്ല.

ഈ പോരായ്മ മറികടക്കാനാണ് ഇന്ത്യയിൽ രൂപകൽപ്പന ചെയ്തു വിദേശത്തു വിൽക്കാവുന്ന ചെറു ഹാച്ച്ബാക്ക് എന്ന ആശയത്തിലേക്കു ഹോണ്ടയെ നയിച്ചത്. മിക്കവാറും 2020ൽ പുറത്തെത്തുമെന്നു കരുതുന്ന ചെറുകാറിലൂടെ ആഭ്യന്തര വിപണിയിൽ പ്രതിവർഷം ഒരു ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു ഹോണ്ടയുടെ മോഹം; കയറ്റുമതി വഴി അര ലക്ഷം യൂണിറ്റിന്റെ വിൽപ്പനയും കമ്പനി സ്വപ്നം കാണുന്നു. പുതിയ കാറിനുള്ള പ്ലാറ്റ്ഫോമും എൻജിനും വികസിപ്പിക്കുന്നതിൽ ജപ്പാനിലെ മാതൃസ്ഥാപനം സഹായിക്കുമെങ്കിലും അകത്തളവും ബാഹ്യഭാഗവും ഹോണ്ട പ്രാദേശികമായി തന്നെ രൂപകൽപ്പന ചെയ്യുമെന്നാണ് ഇറ്റൊ നൽകുന്ന സൂചന. കാഴ്ചപ്പകിട്ടോ സുഖസൗകര്യങ്ങളോ ഇല്ലാത്ത അടിസ്ഥാന മോഡലുകളോട് ഉപയോക്താക്കൾ വിമുഖത കാട്ടുന്നെന്ന വിലയിരുത്തലിൽ നിന്നാണു പുതിയ കാറിനുള്ള സാധ്യതയെക്കുറിച്ചു പഠിക്കാൻ ഹോണ്ട തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കാർ നിർമാണത്തിനുള്ള ഘടകങ്ങൾ പ്രാദേശികമായി സമാഹരിക്കാമെന്നതും പദ്ധതി ആകർഷകമാക്കുന്നു. നിലവിൽ ഹോണ്ട ഇന്ത്യയിൽ നിർമിക്കുന്ന കാറുകളിൽ 80 ശതമാനത്തോളം ഭാഗങ്ങൾ പ്രാദേശികമായി സമാഹരിച്ചവയാണ്.