ഇന്ത്യയിൽ നിന്നു യന്ത്രഘടക കയറ്റുമതി ഉയർത്താൻ ഹോണ്ട

ഇന്ത്യയിൽ നിന്നുള്ള യന്ത്രഘടക കയറ്റുമതി ഗണ്യമായി ഉയർത്താൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട ഒരുങ്ങുന്നു. നടപ്പു സാമ്പത്തിക വർഷം വിവിധ രാജ്യങ്ങളിലേക്കായി മൊത്തം 1,400 — 1,500 കോടി രൂപയുടെ യന്ത്രഘടകങ്ങൾ കയറ്റുമതി ചെയ്യാനാണു ഹോണ്ടയുടെ പദ്ധതി. രണ്ടു വർഷം മുമ്പു വരെ ഹോണ്ടയുടെ യന്ത്രഘടക കയറ്റുമതിയുടെ മൂല്യം 700 കോടിയോളം രൂപയായിരുന്നു.

ഗുണമേന്മയ്ക്കൊപ്പം വിലയുടെ കാര്യത്തിലും മത്സരക്ഷമമാണെന്നതാണ് ഇന്ത്യയുടെ പ്രധാന ആകർഷണമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ രമൺ കുമാർ ശർമ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ യു കെ, തുർക്കി, കാനഡ, യു എസ് തുടങ്ങിയ ആധുനിക വിപണികളിലേക്കു മാത്രമല്ല ജപ്പാനിലേക്കു പോലും യന്ത്രഘടക കയറ്റുമതിക്കുള്ള സാധ്യതയാണു കമ്പനി തേടുന്നത്.

ഇപ്പോൾ തന്നെ ഇന്ത്യയിൽ നിന്നുള്ള യന്ത്രഘടക കയറ്റുമതി ഗണ്യമായി ഉയർന്നിട്ടുണ്ട്. ആഭ്യന്തര കാർ വിപണിയുടെ വലിപ്പം കൂടി പരിഗണിക്കുമ്പോൾ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതും യുക്തിസഹമാണെന്നു ശർമ വിലയിരുത്തുന്നു.
ഏതാനും വർഷമായി ഇന്ത്യയിൽ നിന്നുള്ള ഹോണ്ടയുടെ യന്ത്രഘടക കയറ്റുമതി ക്രമാനുഗത വളർച്ച രേഖപ്പെടുത്തുന്നുണ്ട്. 2013 — 14ൽ 420 കോടി രൂപയുടെ ഘടകങ്ങൾ കയറ്റുമതി ചെയ്തത് 2014 — 15ൽ 722 കോടി രൂപയായും കഴിഞ്ഞ സാമ്പത്തിക വർഷം 1,000 കോടിയോളം രൂപയായും ഉയർന്നു.

രാജസ്ഥാനിലെ തപുകരയിലുള്ള ശാലയിൽ നിന്ന് എൻജിൻ ഘടകങ്ങൾ, ഫോർജിങ്, ട്രാൻസ്മിഷൻ തുടങ്ങിയവയാണു ഹോണ്ട കാഴ്സ് കയറ്റുമതി ചെയ്യുന്നത്; നിലവിൽ തായ്ലൻഡ്, മലേഷ്യ, ഇന്തൊനീഷ, ഫിലിപ്പൈൻസ്, തയ്വാൻ, വിയറ്റ്നാം, തുർക്കി, ബ്രസീൽ, മെക്സിക്കോ എന്നിവയാണു പ്രധാന കയറ്റുമതി കേന്ദ്രങ്ങൾ. യു കെയിലേക്കും ജപ്പാനിലേക്കും ചെറിയ തോതിൽ കയറ്റുമതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ യു എസ്, ചൈന, കാനഡ എന്നീ രാജ്യങ്ങളിലേക്കും ഹോണ്ട ഇന്ത്യയിൽ നിർമിച്ച യന്ത്രഘടകങ്ങൾ കയറ്റുമതി ചെയ്തു തുടങ്ങിയിട്ടുണ്ട്.

ആഭ്യന്തര വിപണിയിൽ നിന്നുള്ള ആവശ്യം ഇടിഞ്ഞിട്ടും കഴിഞ്ഞ വർഷം തപുകരയിലെ ഡീസൽ എൻജിൻഘടക നിർമാണശാലയുടെ സ്ഥാപിത ശേഷിയുടെ 83% വിനിയോഗിക്കാൻ ഹോണ്ടയെ സഹായിച്ചതും കയറ്റുമതിയിലെ മികവ് തന്നെ. പ്രതിവർഷം 2.40 ലക്ഷം എൻജിനുകളാണു ശാലയുടെ ശേഷി; വൈകാതെ ഈ ശാലയുടെ ശേഷി മൂന്നു ലക്ഷം എൻജിനാക്കി ഉയർത്താനും കമ്പനി നടപടിയെടുത്തിട്ടുണ്ട്.