നവീകരിച്ച ഹോണ്ട ‘ബ്രിയൊ’ അരങ്ങേറ്റം 4ന്

ഉത്സവകാലം പ്രമാണിച്ചു ചെറുകാറായ ‘ബ്രിയൊ’യുടെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. ഇക്കൊല്ലം ആദ്യം രാജ്യാന്തര വിപണികളിൽ വിൽപ്പനയ്ക്കെത്തിയ നവീകരിച്ച ‘ബ്രിയൊ’ ആണ് അടുത്ത നാലിന് ഇന്ത്യയിലും അരങ്ങേറ്റം കുറിക്കുക. കോംപാക്ട് സെഡാനായ ‘അമെയ്സി’ലെ പോലെ രൂപത്തിലും ഭാവത്തിലുമുള്ള മാറ്റങ്ങൾ മാത്രമാണു ‘ബ്രിയൊ’യിലും ഹോണ്ട നടപ്പാക്കുന്നത്. 2011ൽ നിരത്തിലെത്തിയ ‘ബ്രിയൊ’യിൽ ഇതാദ്യമായാണു ഹോണ്ട കാര്യമായ പരിഷ്കാരങ്ങൾ വരുത്തുന്നത്.

‘അമെയ്സി’ലെ പോലെ നവീകരിച്ചതും പരിഷ്കരിച്ചതുമായ ബംപറുകളാണു പുതിയ ‘ബ്രിയൊ’യിലും ഇടംപിടിക്കുന്നത്. കോംപാക്ട് എസ് യു വിയായ ‘ബി ആർ വി’യിലും നവീകരിച്ച ‘അമെയ്സി’ലുമുള്ള പുതിയ ഡാഷ്ബോഡ് രൂപകൽപ്പനയും ഈ ‘ബ്രിയൊ’യിലുണ്ട്. മത്സരക്ഷമത ലക്ഷ്യമിട്ടു സൗകര്യങ്ങളിലും സംവിധാനങ്ങളിലും ചില്ലറ മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും പുതിയ ‘ബ്രിയൊ’യുടെ വരവ്. കാറിനു കരുത്തേകുക 1.2 ലീറ്റർ, ഐ വി ടെക് പെട്രോൾ എൻജിൻ തന്നെ; പരമാവധി 88 പി എസ് കരുത്തും 109 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. ഇന്ത്യയിൽ ശക്തമായ മത്സരം നിലനിൽക്കുന്ന ഹാച്ച്ബാക്ക് വിപണിയിലാണ് ‘ബ്രിയൊ’ ഇടംപിടിക്കുന്നത്. ടൊയോട്ട ‘എത്തിയോസ് ലിവ’, റെനോ ‘പൾസ്’, നിസ്സാൻ ‘മൈക്ര’, ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’, ഷെവർലെ ‘ബീറ്റ്’, ഫോഡ് ‘ഫിഗൊ’, മാരുതി സുസുക്കി ‘സ്വിഫ്റ്റ്’ എന്നിവയോടെല്ലാമാണു ‘ബ്രിയൊ’യുടെ പോരാട്ടം.