നരസാപുരയിൽ ഹോണ്ടയ്ക്കു പുതിയ അസംബ്ലി ലൈൻ

കർണാടകത്തിലെ നരസാപുരയിലുള്ള ഇരുചക്രവാഹന നിർമാണശാലയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കുമെന്നു ജപ്പാനിൽ നിന്നുള്ള ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). ഇന്ത്യയിൽ എച്ച് എം എസ് ഐയുടെ മൂന്നാമതു നിർമാണശാലയാണു ബെംഗളൂരുവിനു സമീപം നരസാപുരയിൽ 2013 ജൂണിൽ പ്രവർത്തനം ആരംഭിച്ചത്; പ്രതിവർഷം 18 ലക്ഷം ഇരുചക്രവാഹനങ്ങളാണു ശാലട നിലവിലെ ഉൽപ്പാദന ശേഷി.

നിലവിലുള്ള ശാലയിലെ പുതിയ അസംബ്ലി ലൈൻ സ്ഥാപിക്കാനായി 580 കോടി രൂപയുടെ നിക്ഷേപമാണ് എച്ച് എം എസ് ഐ ലക്ഷ്യമിടുന്നത്. അടുത്ത വർഷം അവസാനിക്കുംമുമ്പു പുതിയ ലൈൻ പ്രവർത്തനക്ഷമമാവുന്നതോടെ പ്രതിവർഷം ആറു ലക്ഷം ഇരുചക്രവാഹനങ്ങൾ കൂടി ഉൽപ്പാദിപ്പിക്കാനാവും; ഇതോടെ നരസാപുരയിലെ മൊത്തം ഉൽപ്പാദനശേഷി പ്രതിവർഷം 24 ലക്ഷം യൂണിറ്റായിട്ടാണ് ഉയരുക. ഇതിനു പുറമെ അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിൽ ഗുജറാത്തിലെ പുതിയ സ്കൂട്ടർ നിർമാണശാലയും പ്രവർത്തനക്ഷമമാവുമെന്നാണ് എച്ച് എം എസ് ഐയുടെ പ്രതീക്ഷ. ഇന്ത്യയിലെ നാലാം ശാല കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ഹോണ്ടയുടെ ഇന്ത്യയിലെ വാർഷിക ഉൽപ്പാദനശേഷി 64 ലക്ഷം യൂണിറ്റായി ഉയരുമെന്നാണു കണക്ക്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി പിന്തുടർന്നാണു കമ്പനി ഇന്ത്യയിലെ ഉൽപ്പാദനശേഷി ഉയർത്താൻ തയാറെടുക്കുന്നതെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്സു വിശദീകരിച്ചു. അടുത്ത മൂന്നര വർഷത്തിനകം ഇന്ത്യയിലെ വാഹന ഉൽപ്പാദനശേഷിയിൽ 39% വർധനയാണു കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ 1,900 തൊഴിലവസരങ്ങൾ അധികമായി സൃഷ്ടിക്കാനും എച്ച് എം എസ് ഐയ്ക്കു പദ്ധതിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

VIEW FULL TECH SPECS