തപുകര പ്ലാന്റ് വിപുലീകരിക്കാൻ ഹോണ്ട കാഴ്സ്

കാർ ഉൽപ്പാദനശേഷി വർധിപ്പിക്കാൻ 380 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). രാജസ്ഥാനിലെ ആൽവാർ ജില്ലയിലുള്ള തപുകര പ്ലാന്റിന്റെ ശേഷിയിൽ 50% വർധന നടപ്പാക്കാനാണു കമ്പനിയുടെ പദ്ധതി. ഇതോടെ നിലവിൽ 1.20 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദനം സാധ്യമാവുന്ന ശാലയുടെ ശേഷി 1.80 ലക്ഷം യൂണിറ്റായി ഉയരും.

അടുത്ത വർഷം മധ്യത്തോടെ വികസന പദ്ധതി പൂർത്തിയാക്കാനാവുമെന്നാണു ഹോണ്ടയുടെ പ്രതീക്ഷ. ഇതുവഴി തപുകര പ്ലാന്റിൽ അറുനൂറോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവുമെന്നും ഹോണ്ട കരുതുന്നു.

തപുകരയിലെ വികസനം പൂർത്തിയാവുന്നതോടെ എച്ച് സി ഐ എല്ലിന്റെ ഇന്ത്യയിലെ മൊത്തം കാർ നിർമാണ ശേഷി പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റിലെത്തും. തപുകരയ്ക്കു പുറമെ ഗ്രേറ്റർ നോയ്ഡയിൽ പ്രതിവർഷം 1.20 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള പ്ലാന്റും ഹോണ്ടയ്ക്ക് ഇന്ത്യയിലുണ്ട്.

ഇന്ത്യയിൽ വാഹന വിൽപ്പനയിൽ മികച്ച വളർച്ച കൈവരിച്ചു മുന്നേറുന്ന കമ്പനികൾക്കൊപ്പമാണു ഹോണ്ടയുടെ സ്ഥാനം. കഴിഞ്ഞ ഏപ്രിൽ — ഫെബ്രുവരി കാലത്തെ വിൽപ്പനയിൽ 2013 — 14ന്റെ ആദ്യ 11 മാസത്തെ അപേക്ഷിച്ച് 44% വർധനയാണ് എച്ച് സി ഐ എൽ കൈവരിച്ചത്; മുൻ സാമ്പത്തിക വർഷത്തിന്റെ 11 മാസത്തിനിടെ 1,15,913 കാർ വിറ്റത് ഇക്കുറി 1,66,366 യൂണിറ്റായിട്ടാണ് ഉയർന്നത്. പുതിയ എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’, ഇടത്തരം സെഡാനായ ‘സിറ്റി’യുടെ നാലാം തലമുറ, വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊ’ തുടങ്ങിയവയുടെ അവതരണമാണു ഹോണ്ടയെ തുണച്ചത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞതോടെ ഭാവിയിലും ഗണ്യമായ വിപണന സാധ്യതയുള്ള വിപണിയായി ഇന്ത്യ മാറിയിട്ടുണ്ടെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ.

തപുകരയിലെ കാർ നിർമാണശാല 2014 ഫെബ്രുവരിയിലാണു പ്രവർത്തനം ആരംഭിച്ചത്. ഫോർജിങ്, കാസ്റ്റിങ്, സ്റ്റാംപിങ്, പവർട്രെയ്ൻ ഘടക നിർമാണം, വെൽഡിങ്, പെയ്ന്റിങ്, റെസിൻ മോൾഡിങ്, എൻജിൻ അസംബ്ലി, ഫ്രെയിം അസംബ്ലി തുടങ്ങിയ ഘട്ടങ്ങൾ സമന്വയിപ്പിക്കുന്ന ശാലയിൽ എൻജിൻ ടെസ്റ്റിങ് സൗകര്യവും ഹോണ്ട സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക യന്ത്രോപകരണങ്ങൾക്കു പുറമെ മാനുഷിക ഇടപെടൽ കഴിവതും ഒഴിവാക്കി വ്യാപക ഓട്ടമേഷനോടെയാണു ഹോണ്ട തപുകരയിലെ ശാല സജ്ജീകരിച്ചിരിക്കുന്നത്.

VIEW FULL TECH SPECS