മെസ്സിക്കായുള്ള കളിയിൽ ടാറ്റ മോട്ടോഴ്സ് ജയിച്ചതെങ്ങനെ?

കമ്പനിയുടെ യാത്രാ വാഹന ശ്രേണിയുടെ ആഗോള ബ്രാൻഡ് അംബാസഡറായി സാക്ഷാൽ ലയണൽ മെസിയെ കളത്തിലിറക്കി തരംഗം സൃഷ്ടിച്ചിരിക്കുകയാണു ടാറ്റ മോട്ടോഴ്സ്. അർജന്റീനയുടെ ദേശീയ ഫുട്ബോൾ ടീമിന്റെയും സ്പാനിഷ് ക്ലബ്വായ ബാഴ്ലോനയുടെയും മുന്നേറ്റനിരയിലെ കുന്തമുനയായ മെസ്സിയെ നായകനാക്കി ‘മെയ്ഡ് ഫോർ ഗ്രേറ്റ്’ എന്ന ഹാഷ് ടാഗിൽ പുതിയ പരസ്യങ്ങളും കമ്പനി പുറത്തിറക്കിക്കഴിഞ്ഞു.

എന്നാൽ ഈ സ്വപ്നം യാഥാർഥ്യമാക്കാൻ ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവന്നെന്നാണ് ടാറ്റ മോട്ടോഴ്സ് — മെസ്സി ബ്രാൻഡ് അംബാസഡർ കരാറിന്റെ അണിയറ ശിൽപ്പികൾ പറയുന്നത്. 16 മാസത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കമ്പനിയുമായി കരാർ ഒപ്പിടാൻ ലയണൽ മെസ്സി സന്നദ്ധനായതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റിന്റെ മാർക്കറ്റിങ് കമ്യൂണിക്കേഷൻ ആൻഡ് സർവീസസ് വിഭാഗം മേധാവി ഡെൽന അവരി വെളിപ്പെടുത്തുന്നു.ടാറ്റ മോട്ടോഴ്സിന്റെ ബ്രാൻഡ് അംബാസഡർ പദം രണ്ടു വർഷത്തേക്കാണു മെസ്സി ഏറ്റെടുത്തിരിക്കുന്നത്.

മെസ്സിയിലേക്കുള്ള യാത്രയിൽ അദ്ദേഹത്തിന്റെ മാനേജരായ പാബ്ലോ നെഗ്രെ അബെല്ലൊയെയാണ് അവരി ആദ്യം സമീപിച്ചത്. ഇന്ത്യ പോലൊരു രാജ്യത്ത് മെസ്സിക്കു ലഭിക്കാവുന്ന വിപുലമായ വാണിജ്യ സാധ്യത തിരിച്ചറിഞ്ഞ അബെല്ലൊ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചു; കമ്പനിയെക്കുറിച്ച് കൂടുതൽ വിവരങ്ങളും ആരാഞ്ഞു. മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണു മെസ്സിയും ടാറ്റ മോട്ടോഴ്സുമായി കരാറിലെത്തിയത്. മെസ്സിയെ സ്വന്തമാക്കാൻ ടാറ്റ മോട്ടോഴ്സ് എത്ര കോടി മുടക്കിയിരിക്കാമെന്നതും രഹസ്യമായി തുടരുന്നു.

തുക മാത്രമല്ല, മെസ്സിയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്ന വിവരം ടാറ്റ മോട്ടോഴ്സിൽ തന്നെ അതീവ രഹസ്യമായിരുന്നത്രെ. അവരിക്കു പുറമെ ടാറ്റ ഗ്രൂപ് ചെയർമാൻ സൈറസ് മിസ്ത്രിക്കും പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്കിനും മാത്രമായിരുന്നു ഇതേക്കുറിച്ച് അറിവുണ്ടായിരുന്നത്. രഹസ്യം ചോരാതിരിക്കാൻ കമ്പനിക്കുള്ളിലെ പരമാർശങ്ങളിൽ ‘മെസ്സി’ എന്ന പേരു പോലും ഒഴിവാക്കിയിരുന്നു; ‘അയാൾ’, ‘എൽ എം’ എന്നൊക്കെയായിരുന്നു മെസ്സിയുടെ കോഡ്.സ്പെയിനിലെ ബാഴ്സനോലയിൽ പുതിയ പരസ്യത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോൾ മാത്രമാണു ടാറ്റ മോട്ടോഴ്സ് സംഘം മെസ്സിയെ നേരിട്ടു കാണുന്നത്. കാറിൽ സ്വയം ഓടിച്ചു ചിത്രീകരണ സ്ഥലത്തെത്തിയ മെസ്സിക്കു നാട്യങ്ങളോ ജാഡകളോ ഇല്ലായിരുന്നെന്ന് അവരി സാക്ഷ്യപ്പെടുത്തുന്നു.

രാവിലെ പരിശീലനം കഴിഞ്ഞായിരുന്നു മെസ്സിയുടെ വരവ്; വേഷം ഡെനിം ഷോർട്സും വെള്ള ടി ഷർട്ടും. ഹിന്ദി സിനിമ കണ്ടിട്ടുള്ള, അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കുന്ന സുഹൃത്തുമൊത്തായിരുന്നു മെസ്സിയുടെ വരവ്. സ്പാനിഷ് സംസാരിക്കുമോ എന്ന ചോദ്യത്തിന് അറിയാവുന്ന സ്പാനിഷിൽ ‘തീർച്ചയായും’ എന്ന് അവരി മറുപടി നൽകിയപ്പോൾ ചിരിയായിരുന്നത്രെ മെസ്സിയുടെ പ്രതികരണം. ടാറ്റ മോട്ടോഴ്സിനെ കുറിച്ച് കാര്യമായ അറിവില്ലെങ്കിലും മെസ്സി ഉപയോഗിക്കുന്നത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ബ്രാൻഡായ ജഗ്വാർ ലാൻഡ്റോവർ ശ്രേണിയിലെ ‘റേഞ്ച് റോവർ’ ആണത്രെ. താരം ചിത്രീകരണത്തിനെത്തിയും ഇതേ കാറിൽ തന്നെ. ഇംഗ്ലീഷ് ജ്ഞാനം കമ്മിയായതിനാലും പൊതുവെ ലജ്ജാലുവായതിനാലും മെസ്സിയോട് കൂടുതൽ സംസാരിക്കാൻ ശ്രമിക്കരുതെന്നു ടാറ്റ മോട്ടോഴ്സ് കർശന വ്യവസ്ഥ വച്ചിരുന്നു. രണ്ടു ദിവസമാണ് മെസ്സി ടാറ്റ മോട്ടോഴ്സിന് അനുവദിച്ചിരിക്കുന്നത്; ഇതിൽ ആദ്യ ദിവസത്തിന്റെ നാലു മണിക്കൂറോളം ചെലവിട്ടാണു പരസ്യ ചിത്രം പൂർത്തിയാക്കിയത്. വരുന്ന മാർച്ചിലോ ഏപ്രിലിലോ ആണു മെസ്സി ടാറ്റ മോട്ടോഴ്സിനായി നീക്കിവച്ചിരിക്കുന്ന രണ്ടാം ദിനം.

മുമ്പ് മെസ്സിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സംഘം തന്നെയാണ് ടാറ്റ മോട്ടോഴ്സിന്റെ പരസ്യചിത്രത്തിന്റെയും അണിയറ ശിൽപ്പികൾ. ചിത്രീകരണത്തിനിടെ മെസ്സിക്കു പരുക്കേൽക്കാതിരിക്കാനായി പ്രത്യേകതരം പുല്ലു പിടിപ്പിച്ച മൈതാനത്തായിരുന്നത്രെ പരസ്യത്തിലെ ഫുട്ബോൾ കളി. ചിത്രീകരണത്തിനൊടുവിൽ മെസ്സിക്കൊപ്പം ടാറ്റ മോട്ടോഴ്സ് പ്രതിനിധികൾ ഫോട്ടോ എടുത്തു; പക്ഷേ പ്രൊഡക്ഷൻ ടീമംഗമായിരുന്നു ഔദ്യോഗിക ഫോട്ടോഗ്രഫർ. മെസ്സിക്കൊപ്പം സെൽഫിയെടുക്കാൻ ഭാഗ്യം ലഭിച്ചതു മയങ്ക് പരീക്കിനു മാത്രം. ബ്രാൻഡ് അംബാസഡറായി രംഗത്തുണ്ടെങ്കിലും മെസ്സി ഇന്ത്യയിലെത്താനുള്ള സാധ്യത വിദൂരമാണെന്ന് അവരി വ്യക്തമാക്കുന്നു. മെസ്സിയെ ഇന്ത്യയിലെത്തിക്കാൻ ടാറ്റ മോട്ടോഴ്സിന് ഏറെ ആഗ്രഹമുണ്ട്; പക്ഷേ സമീപഭാവിയിലൊന്നും ഈ മോഹം യാഥാർഥ്യമാവാൻ സാധ്യതയില്ലെന്നു മാത്രം.