ഒരുകോടി രൂപയ്ക്ക് ആളെ കയറ്റും ഡ്രോൺ

പാഴ്സലുകൾ കൃത്യമായി ഡെലിവർ ചെയ്യാം, ബോംബ് നിർവീര്യമാക്കാം, ചാരപ്പണി ചെയ്യാം, ഫോട്ടോ എടുക്കാം തുടങ്ങി നിരവധി ജോലികൾ ചെയ്യുന്ന ചെറു വിമാനമാണ് ഡ്രോണുകൾ. മനുഷ്യനെ വഹിക്കാനാവില്ല എന്നതായിരുന്നു ഡ്രോണുകളുടെ പ്രധാന പോരായ്മ. എന്നാൽ ഇനി ആ പരാതിവേണ്ട, കാരണം യാത്രക്കാരെ കയറ്റാവുന്ന ലോകത്തിലെ ആദ്യ ഡ്രോണ്‍ ലാസ് വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചിരിക്കുന്നു. ചൈനീസ് കമ്പനിയായ ഈഹാങ് അവതരിപ്പിച്ച ഈ ഡ്രോണിന്റെ പേര് ഈഹാങ് 184 എന്നാണ്. ഒരു യാത്രക്കാരനെ കയറ്റാവുന്ന ഈ ഡ്രോണിന് എട്ട് പ്രൊപ്പലറുകളും നാല് ആമുകളും 142 ബിഎച്ച്പി കരുത്തുമുണ്ട്.

11,480 അടി വരെ ഉരത്തില്‍ ആളുകളെയും കൊണ്ട് ഈ ഡ്രോണിന് പറക്കാനാകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 200 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിവുണ്ട് ഈഹാങ് 184 എൻ‌‍ജിന്. സീറ്റില്‍ കയറിയിരുന്ന് പോകേണ്ട സ്ഥലം ജിപിഎസ് യൂണിറ്റില്‍ അടയാളപ്പെടുത്തിയാല്‍ ഡ്രോണ്‍ നിങ്ങളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും. വിമാനം പറത്തുന്ന പരീശീലനം ഇതിന് ആവശ്യമില്ല.

ഇലക്ട്രോണിക് ഡ്രോണ്‍ 2 മണിക്കൂർ മൂതൽ 4 മണിക്കൂർ കൊണ്ട് ഫുൾ ചാർജാകും. ഏകദേശം 23 മിനുറ്റ് വരെ ഡ്രോണിന് പറക്കാനാകും.100 കിലോമീറ്ററാണ് പരമാവധി വേഗത. ശരിയായ രീതിയില്‍ ഡ്രോണ്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അടുത്തുള്ള സുരക്ഷിത താവളത്തില്‍ ഇറങ്ങും. അതിനാല്‍ തന്നെ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 1.33 ലക്ഷം മുതല്‍ 2 കോടി രൂപ വരെയായിരിക്കും ഈ പറക്കും ടാക്‌സിയുടെ വില.