‘ഓൾവെയ്സ് എറൗണ്ട്’ ക്യാംപെയ്നുമായി ഹ്യുണ്ടായ്

കാർ ഉടമകൾക്കായി കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ‘ഓൾവെയ്സ് എറൗണ്ട്’ സർവീസ് ക്യാംപെയ്ൻ ഞായറാഴ്ച തുടങ്ങുന്നു; തുടർച്ചയായ 10—ാം തവണയാണു ഹ്യുണ്ടായ് ‘ഓൾവെയ്സ് എറൗണ്ട്’ സംഘടിപ്പിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒറ്റ വർഷത്തിനിടെ പല തവണ അരങ്ങേറുന്ന വിധത്തിലാണു ഹ്യുണ്ടായിയുടെ സർവീസ് ക്യാംപെയ്നിന്റെ സംഘാടനം. ‘നിങ്ങൾ ഞങ്ങളിൽ നിന്ന് ഒരിക്കലും അകലെയല്ല’ എന്ന മുദ്രാവാക്യത്തോടെ ഇക്കൊല്ലം എണ്ണായിരത്തോളം കേന്ദ്രങ്ങളിൽ ക്യാംപുകൾ സംഘടിപ്പിച്ച് ഏറ്റവുമധികം ഉപയോക്താക്കൾക്കു സേവനം ലഭ്യമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

രാജ്യവ്യാപകമായി 470 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാംപുകളിലൂടെ ആദ്യ ദിവസം തന്നെ 10,000 വാഹനങ്ങൾ സർവീസ് ചെയ്തു നൽകാനാവുമെന്നാണു ഹ്യുണ്ടായിയുടെ പ്രതീക്ഷ. ‘ഓൾവെയ്സ് എറൗണ്ട്’ ക്യാംപെയ്ൻ കാലത്തു ഹ്യുണ്ടായ് കാറുകൾക്ക് 18 പോയിന്റ് പരിശോധനയാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂളന്റ് — ഓയിൽ ടോപ് അപ്പിനൊപ്പം സൗജന്യ ഡ്രൈവാഷും വാഹനത്തിന്റെ വിശദ പരിശോധനയും ഹ്യുണ്ടായ് നിർവഹിക്കും. കൂടാതെ കാറിന്റെ പ്രകടനവും വിൽപ്പനാന്തര സേവനവും സംബന്ധിച്ച് ഉടമകളുടെ പ്രതികരണവും കമ്പനി ശേഖരിക്കുന്നുണ്ട്.

ഉപയോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കാനുള്ള നടപടിയെന്ന നിലയിലാണ് ‘ഓൾവെയ്സ് എറൗണ്ട്’ ക്യാംപെയ്ൻ ആവിഷ്കരിച്ചിരിക്കുന്നതെന്ന് കമ്പനി സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രതികരണം സൃഷ്ടിക്കാൻ ഈ പദ്ധതിക്കു കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഓൾവെയ്സ് എറൗണ്ട്’ ക്യാംപെയ്നിന്റെ ഭാഗമായി കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യടക്കം ഹ്യുണ്ടായിയുടെ പുതിയ വാഹനങ്ങൾ കാണാനും ടെസ്റ്റ് ഡ്രൈവ് നടത്താനുമുള്ള അവസരവും ക്രമീകരിക്കുന്നുണ്ട്.