‘ഹ്യുണ്ടായ് ഓൾവെയ്സ് എറൗണ്ട്’ ക്യാംപ് ഞായറാഴ്ച

രാജ്യത്തെ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഞായറാഴ്ച രാജ്യവ്യാപകമായി വാഹന പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. ക്യാംപിലെത്തുന്ന വാഹനങ്ങൾക്ക് 18 പോയിന്റുകൾ ഉൾപ്പെട്ട വിശദ പരിശോധനയാണ് ‘ഹ്യുണ്ടായ് ഓൾവെയ്സ് എറൗണ്ട്’ എന്നു പേരിട്ട പരിപാടിയിൽ ഹ്യുണ്ടായിയുടെ വാഗ്ദാനം.

വാഹനത്തിന്റെ സമഗ്ര പരിശോധനയ്ക്കു പുറമെ ടയർ, വെഹിക്കിൾ പോളിഷിങ്, കൂളന്റ് — ഓയിൽ ടോപ് അപ് എന്നിവയും കമ്പനി നടത്തുന്നുണ്ട്. കൂടാതെ ക്യാംപുകളിൽ ഹ്യുണ്ടായിയുടെ പുതിയ മോഡലുകളും പ്രദർശനത്തിനുണ്ടാവും. വാഹന പരിശോധനയ്ക്കെത്തുന്ന ഉപയോക്താക്കൾക്ക് ഈ പുതിയ മോഡലുകൾ ടെസ്റ്റ് ഡ്രൈവ് നടത്താനും അവസരമുണ്ടാവും.

ഡീലർഷിപ്പുകൾക്കു പുറമെ ജോഗേഴ്സ് പാർക്ക്, ഷോപ്പിങ് മാൾ, മൾട്ടിപ്ലക്സ്, പാർപ്പിട സമുച്ചയം തുടങ്ങി ഉപയോക്താക്കൾ ധാരാളമെത്തുന്ന മേഖലകളിലും കമ്പനി ‘ഹ്യുണ്ടായ് ഓൾവെയ്സ് എറൗണ്ട്’ ക്യാംപുകൾ സജ്ജീകരിക്കുന്നുണ്ട്.

ഉപയോക്താക്കളുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടാണു ‘ഹ്യുണ്ടായ് ഓൾവെയ്സ് എറൗണ്ട്’ സംഘടിപ്പിക്കുന്നതെന്ന് എച്ച് എം ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അറിയിച്ചു. ഉപയോക്താക്കളുമായുള്ള നിരന്തര ബന്ധത്തെ കമ്പനി ഏറെ വിലമതിക്കുന്നുണ്ട്. ഈ ക്യാംപെയ്നിനു മികച്ച പ്രതികരണമാണ് ഉപയോക്താക്കളിൽ നിന്നു ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓരോ വർഷവും കൂടുതൽ ഉപയോക്താക്കളെ പങ്കെടുപ്പിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നും ശ്രീവാസ്തവ അറിയിച്ചു.