ഹ്യുണ്ടായ് കാർ കെയർ ക്ലിനിക് നവംബർ 2 വരെ

കാർ ഉടമകൾക്ക് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) സംഘടിപ്പിക്കുന്ന സൗജന്യ കാർ കെയർ ക്ലിനിക്കിനു തുടക്കമായി. ഇന്ത്യയിൽ ഇത് 20—ാമതു തവണയാണു കമ്പനി സൗജന്യ കാർ കെയർ ക്ലിനിക് സംഘടിപ്പിക്കുന്നത്. നവംബർ രണ്ടു വരെ തുടരുന്ന ക്ലിനിക്കിൽ രാജ്യത്തെ 1,150 ഹ്യുണ്ടായ് സർവീസ് ഔട്ട്​ലെറ്റുകളും പങ്കെടുക്കുമെന്നു കമ്പനി അറിയിച്ചു. സമഗ്രമായ, 90 പോയിന്റ് പരിശോധനയാണു സൗജന്യ കാർ കെയർ ക്ലിനിക്കിലെത്തുന്ന വാഹനങ്ങൾക്കു ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നത്. എൻജിൻ, ട്രാൻസ്മിഷൻ, ഇലക്ട്രിക്കൽ സിസ്റ്റം, അണ്ടർ ബോഡി, എ സി, ബാഹ്യ ഭാഗം തുടങ്ങിയവയൊക്കെ വിശദ പരിശോധനയ്ക്കു വിധേയമാക്കും.

കൂടാതെ ഹ്യുണ്ടായ് വാഹന ഉടമകൾക്കായി സ്പെയർപാർട്സ് വിലയിലും ലേബർ ചാർജിലും അക്സസറികളിലും ഇതര മൂല്യവർധിത സേവനങ്ങളിലുമൊക്കെ ആകർഷക ഇളവുകളും ക്ലിനിക് വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ കാർ മാറ്റി പുതിയതു വാങ്ങാനുള്ള അവസരവും ഹ്യുണ്ടായ് ഈ ക്ലിനിക്കിൽ ലഭ്യമാക്കുന്നുണ്ട്. നാലു വർഷത്തിലേറെ പഴക്കമുള്ള കാറുകൾക്കുള്ള പ്രത്യേക ഇളവുകളാണ് ഇത്തവണത്തെ സൗജന്യ കാർ കെയർ ക്ലിനിക്കിന്റെ പ്രധാന ആകർഷണം. പോരെങ്കിൽ ക്ലിനിക്കിന്റെ സ്പോൺസർമാരായി രംഗത്തുള്ള ഇന്ത്യൻ ഓയിൽ കോർപറേഷനും ആകർഷക പദ്ധതികളും സമ്മാനങ്ങളുമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്യാംപിനെത്തുന്ന ഇടപാടുകാർക്കായി സൗജന്യ എക്സ്റ്റൻഡഡ് വാറന്റി പോലുള്ള പ്രതിദിന സമ്മാനങ്ങളാണു ഹ്യുണ്ടായ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. 10 ദിവസം നീളുന്ന ക്യാംപിനിടെ മറ്റു പല സമ്മാനങ്ങളും ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്. ‘ഹ്യുണ്ടായ് കെയർ’ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ കസ്റ്റമർ കെയർ വെബ്സൈറ്റ്(വിലാസം: www.customercare.hyundai.co.in) വഴിയോ ഹ്യുണ്ടായ് കാർ ഉടമകൾക്കു സൗജന്യ കാർ കെയർ ക്ലിനിക്കിൽ പങ്കെടുക്കാൻ അവസരമുണ്ട്.