ബ്രെസയോട് മത്സരിക്കാൻ കാർലിനോ

Hyundai Carlino

മാരുതി സുസുക്കിയുടെ കഴിഞ്ഞ വർഷത്തെ ‘സ്റ്റാർ സെല്ലർ’ വിറ്റാറ ബ്രെസയ്ക്ക് എതിരാളിയുമായി ഹ്യുണ്ടേയ് എത്തുന്നു. കഴിഞ്ഞ വർഷം നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ കമ്പനി പ്രദർശിപ്പിച്ച ‘കാർലിനോ’ എന്ന കൺസെപ്റ്റ് മോഡലാണ് നിർമിക്കാൻ പോകുന്നത്. ‘ക്യുഎക്സ്ഐ’ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന കാർലിനോ അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി ബ്രെസ, ഫോ‍ഡ് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങളുള്ള നാലു മീറ്ററിൽ താഴെ നീളമുള്ള എസ്‌യുവി വിഭാഗത്തിലെ മാർക്കറ്റ് ലീഡറാകാനാണ് കാർലിനോയിലൂടെ ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. പത്തു ലക്ഷം രൂപയിൽ താഴെ വില ഒതുക്കേണ്ടതിനാൽ കമ്പനി നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന 1.4 ലീറ്റർ പെട്രോൾ, സിആർഡിഐ ഡീസൽ എൻജിനുകൾ തന്നെ ക്യുഎക്സ്ഐക്കും കരുത്തു പകരും. ഇവയുടെ കരുത്തു കൂട്ടിയ വകഭേദങ്ങളും ചിലപ്പോൾ ഇറക്കിയേക്കും.

ഈ വാഹനത്തിനു നാലു വീൽ ഡ്രൈവ് മോഡൽ ഉണ്ടാകില്ല. മാരുതി ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ‘ബുസ്റ്റർ ജെറ്റ്’ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനുള്ള എതിരാളിയായ 118 എച്ച്പി കരുത്തുള്ള 1 ലിറ്റർ പെട്രോൾ എൻജിനും ഹ്യുണ്ടേയ് ക്യുഎക്സ്ഐയിൽ പ്രതീക്ഷിക്കാം. കോൺസപ്റ്റ് മോഡലിനുള്ള അടുത്ത തലമുറ ഫ്ലൂയിഡിക് രൂപഭംഗി അതേപോലെ തന്നെ നിർമാണ വകഭേദത്തിനും നൽകാൻ ഹുണ്ടേയ് ശ്രമിച്ചാൽ വിപണിയിലെ മാറ്റുവാഹനങ്ങൾ‌ക്ക് ഭീഷണിയായേക്കും. അ‍ഞ്ചു സീറ്റർ ചെറു എസ്‌യുവിക്ക് ഐ10ന്റേയും ഐ10 ഗ്രാൻഡിന്റേയും ഘടകങ്ങളുണ്ടാകും.