പ്രീമിയം വിപണി പിടിക്കാനൊരുങ്ങി ഹ്യുണ്ടേയ് ഇന്ത്യ

ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്ന കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)നു പ്രീമിയം വിഭാഗത്തിൽ നേതൃപദം സ്വന്തമാക്കാൻ മോഹം. ഈ ലക്ഷ്യത്തോടെ പുതിയ രണ്ടു മോഡലുകൾ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. മൊത്തം 4.84 യൂണിറ്റ് വിൽപ്പനയോടെ റെക്കോർഡ് പ്രകടനമാണു 2015 — 16ൽ ഹ്യുണ്ടേയ് ഇന്ത്യ കാഴ്ചവച്ചത്. ഇതിന്റെ തുടർച്ചയായി 10 — 20 ലക്ഷം രൂപ വിലനിലവാരമുള്ള വാഹനങ്ങൾ ഇടംപിടിക്കുന്ന പ്രീമിയം വിഭാഗത്തിൽ മേധാവിത്തം ഉറപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിൽ 10 ലക്ഷം രൂപയിലേറെ വിലയുള്ള വിഭാഗത്തിൽ ഏറ്റവുമധികം വിൽപ്പന ‘ക്രേറ്റ’യ്ക്കാണെന്നു കമ്പനി സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അവകാശപ്പെട്ടു. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി 10 — 20 ലക്ഷം രൂപ വിലയുള്ള മോഡലുകളുടെ വിഭാഗത്തിൽ നേതൃപദം സ്വന്തമാക്കാനാണു കമ്പനിയുടെ നീക്കമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇതിന്റെ ഭാഗമായി അടുത്ത മാർച്ചിനകം രണ്ടു പുതിയ മോഡലുകളാവും ഹ്യുണ്ടേയ് ഇന്ത്യയിൽ അവതരിപ്പിക്കുക.‘ക്രേറ്റ’യ്ക്കു പിന്നാലെ ‘ട്യുസോൺ’ ഇന്ത്യയിലെത്തുമെന്നു ശ്രീവാസ്തവ അറിയിച്ചു. പിന്നാലെ മറ്റൊരു മോഡൽ കൂടി ഈ വിഭാഗത്തിൽ മത്സരിക്കാനെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധോദ്ദേശ്യ വാഹനമായ ‘ഇന്നോവ’യുടെയും എസ് യു വിയായ ‘ഫോർച്യൂണറി’ന്റെയും പിൻബലത്തിൽ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറിനാണ് നിലവിൽ ഈ വിഭാഗത്തിൽ മേധാവിത്തം. എന്നാൽ ‘ക്രേറ്റ’യുടെയും പുത്തൻ അവതരണങ്ങളുടെയും ചിറകിലേറി ഈ സാമ്പത്തിക വർഷം തന്നെ പ്രീമിയം വിഭാഗം വിൽപ്പനയിൽ ടൊയോട്ടയെ അട്ടിമറിക്കാനാവുമെന്നാണു ശ്രീവാസ്തവയുടെ പ്രതീക്ഷ.

കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 4,84,324 വാഹനങ്ങളാണു ഹ്യുണ്ടേയ് ഇന്ത്യയിൽ വിറ്റത്; 2014 — 15ൽ വിറ്റ 4,20,668 എണ്ണത്തെ അപേക്ഷിച്ച് 15.1% അധികമാണിത്. ആഭ്യന്തര വിപണിയിൽ ഹ്യുണ്ടേയിയുടെ വിപണി വിഹിതം 17 ശതമാനത്തിനു മുകളിലെത്തിയതും കമ്പനിയെ സംബന്ധിച്ചിടത്തോളം തകർപ്പൻ നേട്ടമാണ്. നടപ്പു സാമ്പത്തിക വർഷം ഹ്യുണ്ടേയിയുടെ വിൽപ്പന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിടുമെന്നും ശ്രീവാസ്തവ കരുതുന്നു. എന്നാൽ വിൽപ്പന സാധ്യതയേറിയ മോഡലുകളൊന്നും ഇക്കൊല്ലം പുറത്തിറക്കാൻ കമ്പനിക്കു പദ്ധതിയില്ല. നിലവിൽ 445 ഡീലർഷിപ്പുകളും 1,100 വർക്ഷോപ്പുകളുമാണു ഹ്യുണ്ടേയിക്ക് ഇന്ത്യയിലുള്ളത്.